Administrator
Administrator
ഹാജിമാരെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Administrator
Monday 8th November 2010 10:43pm

ടി കെ സനീം
മക്ക: ഇരുപതു ലക്ഷത്തിലേറെ ഹാജിമാരെ സ്വീകരിക്കാന്‍ മക്ക, അറഫ, മിനാ, മുസ്ദലിഫ എന്നിവിടങ്ങളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ബുധനാഴ്ച വരെ മാത്രമെ വ്യോമ മാര്‍ഗം വിദേശ തീര്‍ഥാടകരെ അനുവദിക്കൂ. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ മദീന സന്ദര്‍ശനം നിര്‍ത്തിവച്ചതുമൂലം മക്കയിലെങ്ങും തീര്‍ഥാടകത്തിരക്ക് പ്രകടമാണ്. സൗദിയില്‍നിന്നുള്ള ആഭ്യന്തര തീര്‍ഥാടകരുടെ വരവും തുടങ്ങി. ഇക്കുറി കൂടുതല്‍ വിപുലമായ സൗകര്യങ്ങളോടെയാകും അറഫയും മിനായും തീര്‍ഥാടകരെ വരവേല്‍ക്കുക. അറഫ മുസ്ദലിഫ യാത്രയ്ക്കു ഷട്ടില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കു ഹജ് വേളയില്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനവും ഒരുക്കിയിട്ടുണ്ട്. അറബ് തീര്‍ഥാടകര്‍ക്ക് അറഫയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു മക്ക മെട്രോ ട്രെയിനുമുണ്ടാകും. തീര്‍ഥാടകത്തിരക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ മെട്രോ ട്രെയിന്‍ സഹായകരമാകും.

പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മക്ക ഗവര്‍ണറും കേന്ദ്രഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ വ്യക്തമാക്കി. ഹജ്ജിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് തീര്‍ഥാടകര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിലയിരുത്തുന്നതിനായി മക്ക ഗവര്‍ണറും സെന്‍ഡ്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പുണ്യ നഗരങ്ങളില്‍ സന്ദര്‍ശനം നടത്തി. മുനിസിപ്പാലിറ്റി ഗ്രാമീണ കാര്യ മന്ത്രി ഡോ. മന്‍സൂര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും ഉദ്യോഗസ്ഥരും അനുഗമിച്ചു.

ഹജ്ജിനു മുന്നോടിയായി പുണ്യ കഅ്ബയെ പുതപ്പിക്കാനുള്ള പുതിയ ‘കിസ്‌വ’ യുടെ കൈമാറ്റം കഴിഞ്ഞ ദിവസം നടന്നു. ഹറം വകുപ്പ് മേധാവി ഷെയ്ഖ് സാലിഹ് അല്‍ ഹുമൈദ് കഅബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പു ചുമതലയുള്ള അല്‍ സെയ്ദി കുടുംബത്തിലെ കാരണവര്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ സെയ്ദിക്കാണു കിസ്‌വ കൈമാറിയത്. അറഫ ദിനമായ അടുത്ത തിങ്കളാഴ്ച കഅബാലയത്തില്‍ അണിയിക്കും.

ഉമ്മുല്‍ജൂദിലെ ഫാക്ടറിയില്‍ ഒരുവര്‍ഷത്തോളം നീണ്ട പ്രയത്‌നത്തിലൂടെയാണ്് കിസ്‌വ രൂപപ്പെടുത്തുന്നത്. മേത്തരം പട്ടില്‍ നിര്‍മ്മിച്ച ഇതിന് രണ്ട് കോടി റിയാലിന് മേലെ ചെലവ് വരും. 14 മീറ്ററാണ് കിസ്‌വയുടെ ഉയരം. സ്വര്‍ണലിപിയില്‍ ആകര്‍ഷകമായ രൂപകല്‍പനകളോടും ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്തുമാണ് ഇവ നെയ്‌തെടുത്തിരിക്കുന്നത്. 47 മീറ്റര്‍ നീളത്തിലും 95 സെന്റി മീറ്റര്‍ വീതിയിലും16 കഷ്ണങ്ങളായാണ്് ഇവ നിര്‍മ്മിക്കുന്നത്. കഅ്ബയുടെ വാതില്‍ വിരിക്ക് ആറര മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ വീതിയുമുണ്ട്.

ഈ വര്‍ഷം നിരവധി വികസന പദ്ധതികള്‍ പുണ്യസ്ഥലങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്്. മെട്രോ ട്രെയിന്‍ പദ്ധതി, ജംറയുടെ അവസാനഘട്ട നിര്‍മ്മാണം, മഴ വെള്ളം തിരിച്ചുവിടുന്ന പദ്ധതി, വാദി അഖഌറിലെ വാഹന പാര്‍ക്കിങ്, റെഡ്ക്രസന്റിന്റെ എയര്‍ആംബുലന്‍സ്, ഷട്ടില്‍ ബസ് സര്‍വീസ് എന്നിവ ഇതില്‍പെടും. മെട്രൊ ട്രെയിന്‍ പദ്ധതി ഈ വര്‍ഷം 35 ശതമാനം ഉപയോഗപ്പെടുത്താനാകും. ട്രെയിന്‍ ഓടിത്തുടങ്ങുന്നതോടെ ഷട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തലാക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മിനയിലെ താമസപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പഠനം നടന്നുവരികയാണ്. ഉന്നത പണ്ഡിത സഭയില്‍ ഇത് സംബന്ധമായി നടക്കുന്ന പഠനവും ചര്‍ച്ചകളും ഉടന്‍ പൂര്‍ത്തിയാകും. അതിനു ശേഷം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഗവണ്‍മെന്റിന് സമര്‍പ്പിക്കും.

മസ്ജിദുല്‍ ഹറാമിലെ ‘മതാഫ്’ വികസിപ്പിക്കാനുള്ള പഠനവും ആലോചനകളും നടക്കുന്നുണ്ടെന്നും മക്ക ഗവര്‍ണര്‍ അറിയിച്ചു. ഇതുവരെ 1,12,000 ഹജ്ജ് അനുമതി പത്രം വിതരണം ചെയ്തിട്ടുണ്ട്. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് അനുമതി വേണമെന്ന കാമ്പയിന്റെ വിജയമാണിത് സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ സമയം 52,000 അനുമതി പത്രമേ വിതരണം ചെയ്തിരുന്നുള്ളൂ. പുണ്യസ്ഥലങ്ങളിലെ പരസ്യമായ കിടത്തം, തിരക്ക്, വഴിവാണിഭം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. ഇതിനാവശ്യമായ പഠനം നടത്തും.

വിവിധ വകുപ്പുകള്‍ കീഴില്‍ നടപ്പാക്കിയ പദ്ധതികള്‍ മക്ക ഗവര്‍ണര്‍ നേരില്‍ കണ്ടു. മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രി അമീര്‍ മുത്ഇബ് ബ്‌നു അബ്ദുല്‍ അസീസ്, ഗതാഗതമന്ത്രി ഡോ.ജബാറ അല്‍സുറൈസറി, ഹജ്ജ് മന്ത്രി ഡോ. ഫുവാദ് അല്‍ഫാരിസ്, പൊതുസുരക്ഷ, സിവില്‍ ഡിഫന്‍സ് മേധാവികള്‍ തുടങ്ങിയവര്‍ ഗവര്‍ണറെ അനുഗമിച്ചു.

Advertisement