എഡിറ്റര്‍
എഡിറ്റര്‍
അനുവാദമില്ലാതെ വീട്ടില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി; രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി ഹാദിയയുടെ അച്ഛന്‍
എഡിറ്റര്‍
Tuesday 22nd August 2017 3:43pm

തിരുവന്തപുരം: വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ കഴിയുന്ന ഹാദിയയെ കാണാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയതിനെതിരെ പരാതി. ഹാദിയയുടെ പിതാവ് അശോകനാണ് പരാതി നല്‍കിയത്.

അനുവാദമില്ലാതെ വീട്ടില്‍ കയറിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. രാഹുല്‍ ഈശ്വര്‍ സന്ദര്‍ശനം നടത്തിയത് നിയമലംഘനമാണെന്ന് അശോകന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോടതി വിധിയെ ലംഘിച്ചതിന് രാഹുലിനെതിരെ എന്‍.ഐ.എയുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും അഭിഭാഷകനായ സി രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

ഹാദിയയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. അതിനാല്‍ ഈ സാഹചര്യത്തില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.


Dont Miss അവനവനോട് സത്യസന്ധനായിരിക്കാന്‍ സമ്മതിക്കാത്ത സമൂഹമാണ് നമ്മുടേത്; സണ്ണി ലിയോണിനെ കാണാനെത്തിയവര്‍ നല്‍കിയ ഒരു സന്ദേശമുണ്ടെന്നും ബെന്ന്യാമിന്‍


നേരത്തെ, രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട് സന്ദര്‍ശിച്ചശേഷം എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കനത്ത പോലീസ് കാവലുള്ള ഇവിടെ സ്ന്ദര്‍ശകരെ അനുവദിക്കാറില്ലായിരുന്നു. കത്തുകള്‍ പോലും ഹാദിയയുടെ അച്ഛന്‍ തിരിച്ചയക്കുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകരെ പോലും ഇവിടെക്ക് കടത്തി വിടാറില്ലായിരുന്നു. ഇതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.
വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ കൂടെ സെല്‍ഫിയെടുക്കുകയും വീട്ടുകാരോട് വിവരങ്ങള്‍ ആരായുകയും ചെയ്തു. അമ്മയോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടക്ക് താന്‍ ഇസ്ലാം മതത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്നു എന്നും തന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തുകിട്ടുമെന്നും ഹാദിയ ചോദിച്ചിരുന്നു.

വീട്ടുകാര്‍ തന്റെ പ്രാര്‍ത്ഥന തടസപ്പെടുത്താറുണ്ടെന്നും വീഡിയോയില്‍ ഹാദിയ പറയുന്നുണ്ടായിരുന്നു. രാഹുല്‍ ഈശ്വര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.

വൈക്കം ഡി.വൈ.എസ്.പിക്കാണ് ഹാദിയയുടെ വീട്ടിലെ സുരക്ഷാ ചുമതല. ഇദ്ദേഹം ഏര്‍പ്പെടുത്തുന്ന ഓരോ സബ് ഡിവിഷനിലെ എസ്.ഐയുടെ കീഴിലുള്ള 27 പൊലീസുകാര്‍ക്കാണ് ഹാദിയയുടെ വീടിന്റെ സുരക്ഷാ ചുമതല. ഹാദിയ മൂന്നുമാസമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തം വീട്ടില്‍ പൊലീസ് കാവലില്‍ കഴിയുകയാണ്.

Advertisement