എഡിറ്റര്‍
എഡിറ്റര്‍
ഹാദിയയെ നേരിട്ട് ഹാജരാക്കണം; സുപ്രീം കോടതി
എഡിറ്റര്‍
Monday 30th October 2017 12:47pm

ന്യൂദല്‍ഹി: ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി. നവംബര്‍ 27 ന് മൂന്ന് മണിക്ക് മുന്‍പ് ഹാജരാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ഹാദിയയുടെ നിലപാട് അറിഞ്ഞശേഷം എന്‍.ഐ.എയുടേയും അച്ഛന്റേയും വാദം കേള്‍ക്കും. ക്രമിനലിനെ പ്രണയിക്കരുതെന്ന് നിയമമുണ്ടോയെന്ന് കേസ് പരിഗണിക്കവേ സുപ്രീം കോടതി ചോദിച്ചു. ക്രിമിനലാണെങ്കിലും വിവാഹമാകാം. ക്രിമിനലിനെ വിവാഹം കഴിക്കരുതെന്ന് ഏത് നിയമത്തിലാണ് ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചു.

പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധിക്കെതിരായി ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ഷെഫിന്‍ ജഹാനെതിരായ എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിച്ച് വരികയാണ്. ഷെഫിനെതിരായ അന്വേഷണത്തിന്റെ ആദ്യ റിപ്പോര്‍ട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഷെഫിന്‍ ജഹാന് ഭീകരബന്ധം ആരോപിച്ച് ഹാദിയയുടെ പിതാവ് നല്‍കിയ ഹരജിയും പരിഗണനയ്‌ക്കെടുത്തേക്കും. ഷെഹിന് ഭീകരബന്ധമുണ്ടെന്നും ഹാദിയയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പണപ്പിരിവ് നടത്തുകയായിരുന്നെന്നും അച്ഛന്‍ ആരോപിച്ചിരുന്നു.

ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ വിവാഹം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുക. ഹൈക്കോടതി നടപടി തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ സുപ്രീംകോടതിയില്‍ എന്‍.ഐ.എയുടെ അഭിഭാഷകനും ഷെഫിന്റെ അഭിഭാഷകനും തമ്മില്‍ കേസ് പരിഗണിക്കവേ വാക്തതര്‍ക്കം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ കോടതിയില്‍ വൈകാരികമായി വാദിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അതിനിടെ ജീവന് ഭീഷണിയുണ്ടെന്ന് പറയുന്ന ഹാദിയയുടെ വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോടതിയില്‍ ഹാജരാക്കി ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷും ഷെഫിന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Advertisement