ശിവസേനയെ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായേനെ; മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍ അമിത് ഷാ
national news
ശിവസേനയെ പിന്തുടര്‍ന്നിരുന്നുവെങ്കില്‍ തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായേനെ; മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍ അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th February 2021, 8:34 pm

മുംബൈ: ശിവസേനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഷായുടെ പരാമര്‍ശം.

2014 ല്‍ ശിവസേനയെ പിന്തുടര്‍ന്നിരുന്നെങ്കില്‍ നിലനില്‍പ്പ് തന്നെ അപകടത്തിലായേനെ എന്നായിരുന്നു ഷായുടെ പരാമര്‍ശം.

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം ഒരു ഓട്ടോറിക്ഷയിലെ മൂന്ന് ചക്രങ്ങള്‍ പോലെയാണ്. ഏതുനിമിഷവും വ്യത്യസ്തമായ ദിശകളിലേക്ക് സഖ്യശക്തികള്‍ പിന്തിരിയുന്നതുപോലെയാണിത്. ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കുന്ന ബി.ജെ.പി-ശിവസേന സഖ്യത്തെ പിന്തുണച്ച ജനങ്ങളെ വഞ്ചിച്ചാണ് പുതിയ സഖ്യം ശിവസേന രൂപീകരിച്ചത്, ഷാ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് നാന പട്ടോള്‍ മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മഹാ വികാസ് അഘാഡി സഖ്യത്തിനുമേല്‍ കോണ്‍ഗ്രസ് സമ്മര്‍ദം ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഷായുടെ പ്രതികരണം.

ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തുപോകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചുവെന്ന് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ എന്‍.സി.പി നേതാവായ അജിത് പവാറാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. അധികാര വിഭജനത്തില്‍ തുല്യതയുണ്ടാകണമെന്ന് സംസ്ഥാനത്തെ നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ശിവസേനക്ക് 57ഉം എന്‍.സി.പിക്ക് 54ഉം കോണ്‍ഗ്രസിന് 44ഉം എം.എല്‍.എമാരാണുള്ളത്. സഖ്യത്തില്‍ തങ്ങള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കിടിയില്‍ പരാതിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amit Sha Slams Shivasena On Its Allience Crisis