ബാബ്‌റി മസ്ജിദ് നഷ്ടപ്പെട്ടു, അതുപോലെ ഇനിയൊരു പള്ളി കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉവൈസി
India
ബാബ്‌റി മസ്ജിദ് നഷ്ടപ്പെട്ടു, അതുപോലെ ഇനിയൊരു പള്ളി കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2022, 9:01 pm

ഹൈദരാബാദ്: ബാബ്‌റി മസ്ജിദ് നഷ്ടപ്പെട്ട പോലെ ഇനിയൊരു പള്ളി കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

ഗ്യാന്‍വ്യാപി പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവ് ആരാധാനാലയ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നുംഅദ്ദേഹം പറഞ്ഞു.

സര്‍വേ തുടരാന്‍ അനുവദിക്കുന്ന ഉത്തരവ്, 1991 ലെ ആരാധനാലയ നിയമങ്ങളുടെ ലംഘനമാണെന്ന് ഉവൈസി പറഞ്ഞു. ഗ്യാന്‍വ്യാപിയില്‍ സര്‍വേ സംബന്ധിച്ച വാരണാസി കോടതിയുടെ ഉത്തരവ് ബാബറി മസ്ജിദിലെ സുപ്രീംകോടതി വിധിയെയും ലംഘിക്കുന്നതാണെന്ന് ഉവൈസി കൂട്ടിചേര്‍ത്തു.

ഗ്യാന്‍വ്യാപി പള്ളിയില്‍ നടക്കുന്ന സര്‍വേ തുടരാനുള്ള വാരണാസി കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. സര്‍വേ നടപടികള്‍ മെയ് 17നുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി രണ്ടംഗ കമ്മീഷനെയും കോടതി നിയമിച്ചിട്ടുണ്ട്.

ദേശീയ മുസ് ലിം വ്യക്തി നിയമ ബോര്‍ഡും മസ്ജിദ് കമ്മിറ്റിയും കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കണം. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഉണ്ടായിരുന്നതുപോലെ തന്നെ ആരാധാലയങ്ങളെ നിലനിര്‍ത്തണമെന്നാണ് 1991ലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട നിയമം പറയുന്നത്. അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് മൂന്നുവര്‍ഷം വരെ തടവിനു ശിക്ഷിക്കപ്പെടുന്ന കുറ്റമായാണ് നിയമത്തില്‍ പറയുന്നത്. ബാബാറി മസ്ജിദ് കോടതി വിധിയും ആരാധനാലയങ്ങളുടെ രൂപ ഘടനമാറ്റുന്നതില്‍ സമാന ഉത്തരവ് തന്നെയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഉവൈസി പറഞ്ഞു.

യു.പിയിലെ യോഗി സര്‍ക്കാര്‍ മുസ് ലിം ദേവാലയത്തിന്റെ ഘടനമാറ്റാനുള്ള നീക്കം നടത്തി നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

 

 

 

 

Content highlights: Gyanvapi Masjid verdict ‘blatant violation’ of Places of Worship Act 1991, says AIMIM chief Asaduddin Owaisi