എഡിറ്റര്‍
എഡിറ്റര്‍
ദുരഭിമാന കൊല:യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം:കേരള ഹൈക്കോടതി
എഡിറ്റര്‍
Friday 15th March 2013 1:02pm

കൊച്ചി: മുസ്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.

Ads By Google

യുവാവിന്റെ സംരക്ഷണയിലായിരുന്ന മാതാപിതാക്കള്‍ക്ക് രണ്ടര ലക്ഷം രൂപ  സര്‍ക്കാര്‍ രണ്ടുമാസത്തിനിടെ നല്‍കണമെന്നും അല്ലാത്തപക്ഷം വൈകുന്ന ദിവസത്തിന് പലിശയും സര്‍ക്കാരില്‍ നിന്നും ഈ കുടുംബത്തിന് ഈടാക്കാമെന്നും കേരള ഹൈക്കോടതി നിര്‍ദേശിച്ചു.

2001 ല്‍ കാസര്‍ക്കോട് കാഞ്ഞങ്ങാട് സ്വദേശിയായ ബാലകൃഷ്ണന്‍ പ്രണയത്തെ തുടര്‍ന്ന മുസ്ലിം പെണ്‍കുട്ടിയെ മേട്ടുപാളയത്തെ ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിച്ചിരുന്നത്. ഇതിന് ശേഷം സെപ്റ്റംബര്‍ 18ന്  നാട്ടിലെത്തിയ ബാലകൃഷ്ണനെ പെണ്‍കുട്ടിയുടെ വീ്ട്ടുകാരും മറ്റു ചിലരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.

ഈ കേസില്‍ ശരിയായ അന്വേഷണം നടത്തിയില്ലെന്ന ആരോപിച്ച് യുവാവിന്റെ മാതാക്കളായ ജി.ഗോപാലന്‍, എം. പങ്കജാക്ഷി എന്നിവര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.

ഈ കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ്  ഈ കേസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് മകന്‍ നഷ്ടമായത് മൂലം രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കിയത്.

മകന്റെ സംരക്ഷണയിലാണ് തങ്ങള്‍ ജീവിച്ചിരുന്നത്. മകന്റെ ഭാര്യയും തങ്ങളോടൊപ്പമാണെന്നും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍ അത് നിറവേറ്റാതിരിക്കുകയും സത്യസന്ധമായി അന്വേഷണം നടത്തിയില്ലെന്നും ഇത് ഉത്തരവാദിത്വത്തില്‍ നിന്നുളള സര്‍ക്കാരിന്റെ ഒളിച്ചോട്ടമാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ബാലകൃഷ്ണന്റെ ജീവന് സംരക്ഷണം ഏര്‍പ്പെടുത്തുന്നതില്‍ പോലീസിന് വിട്ടുവീഴ്ച പറ്റിയതായി വ്യക്തമായിട്ടില്ലെന്നും എന്നാല്‍ കൊലപാതകത്തെ തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ അലംഭാവം ഉണ്ടായതായും ഇതു കാരണം ഇവരുടെ മാതാപിതാക്കള്‍ക്ക് കോടതിയിലുള്‍പ്പെടെ കയറിയിറങ്ങേണ്ടി വന്നതായും ഇവരുടെ ദുരിതം കണക്കിലെടുത്തു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബാലകൃഷ്ണന്റെയും മുസ്ലിം പെണ്‍കുട്ടിയുടെയും വിവാഹം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടോം ജോസ് പടിഞ്ഞാറെക്കര ഹാജരായി.

Advertisement