എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീത് റാം റഹീമിന് പത്ത് വര്‍ഷം തടവ് ശിക്ഷ
എഡിറ്റര്‍
Monday 28th August 2017 3:30pm

ന്യൂദല്‍ഹി: ബലാത്സംഗ കേസില്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് പത്ത് വര്‍ഷം തടവ് ശിക്ഷ.ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ എത്തിയ പ്രത്യേക സി.ബി.ഐ ജഡ്ജി ജഗ്ദീപ് സിങാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഒരു ബലാത്സംഗക്കേസിലെ ശിക്ഷയാണ്  കോടതി വിധിച്ചത്.

റോഹ്തക് ജയിലിലെ താത്ക്കാലിക കോടതിയിലാണ് വിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നായിരുന്നു സി.ബി.ഐ വാദിച്ചിരുന്നത്.

ഇരുപക്ഷത്തിനും അവസാനവാദത്തിനായി കോടതി പത്ത് മിനിട്ട് അനുവദിച്ചിരുന്നു. ഗുര്‍മീതിനു പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍, പ്രായം ആരോഗ്യം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇതൊന്നും പരിഗണിക്കാന്‍ പാടില്ലെന്നാണ് വളരെ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഗുര്‍മീതിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.


Dont Miss കൂറുമാറിയവന്റെ കാലുവാരി ജനം; ബി.ജെ.പിയെ തൂത്തെറിഞ്ഞ് ബവാന മണ്ഡലം ആം ആദ്മിക്കൊപ്പം


ഇതിനിടെ പ്രമേഹ രോഗിയായ ഗുര്‍മീത് റാം റഹിം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സിവില്‍ സര്‍ജന്‍ ഡോ. ദീപ ആംബുലന്‍സുമായി റോത്തക് ജയിലിലെത്തിയിരുന്നു.

അതേസമയം, പഞ്ചാബിലെ സംഗ്രൂരില്‍നിന്ന് ഇതുവരെ ദേര സച്ചാ സൗദയുടെ 23 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. റോത്തക്കിലെ ജയിലിനു സമീപത്തേക്ക് കൂട്ടമായി ആളുകള്‍ എത്തുന്നതുകണ്ടാല്‍ വെടിവച്ചുവീഴ്ത്തുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും എത്തുന്ന ജനങ്ങളെ കര്‍ശന പരിശോധനയ്ക്കുശേഷം തിരിച്ചയയ്ക്കുകയാണ്. നാല് അഞ്ച് പേരില്‍ക്കൂടുതല്‍ കൂട്ടംകൂടിനില്‍ക്കുന്നത് അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.


Also Read കേരളത്തില്‍ തീവ്രവാദത്തിന് തുടക്കമിട്ടത് മഅ്ദനിയും ഇബ്രാഹിം സുലൈമാന്‍ സേട്ടുമെന്ന് ജനംടി.വിയില്‍ മായിന്‍ഹാജി


ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ആളിക്കത്തിയ കലാപം ആവര്‍ത്തിക്കുമെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സൈനിക, അര്‍ധസൈനിക വിഭാഗങ്ങളും പൊലീസും ഉള്‍പ്പെട്ട ത്രിതല സുരക്ഷാ സംവിധാനമാണു ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്. അര്‍ധസൈനിക സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണു റോത്തക് ജയില്‍ പരിസരം.

നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശത്തു സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു വെടിയുണ്ടകളെ നേരിടേണ്ടിവരുമെന്നു റോത്തക് ഡപ്യൂട്ടി കമ്മിഷണര്‍ അതുല്‍കുമാര്‍ മുന്നറിയിപ്പു നല്‍കി.

റോത്തക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആക്രമണത്തിനു ജനക്കൂട്ടത്തെ ആഹ്വാനം ചെയ്യാന്‍ സാധ്യതയുള്ള ഏതാനും പേരെ കരുതല്‍ തടങ്കലിലാക്കി. ഹരിയാനയിലും പഞ്ചാബിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം നാളെ രാവിലെ 11.30 വരെ റദ്ദാക്കിയിട്ടുണ്ട്.

Advertisement