എഡിറ്റര്‍
എഡിറ്റര്‍
ഡെങ്കിപ്പനി; 15 ദിവസത്തെ ചികിത്സയ്ക്ക് പിന്നാലെ ഏഴ് വയസുകാരി മരണപ്പെട്ടു; 18 ലക്ഷത്തിന്റെ ബില്‍ നല്‍കി ഗുര്‍ഗോണിലെ ഫോര്‍ട്ടിസ് ആശുപത്രി
എഡിറ്റര്‍
Tuesday 21st November 2017 10:14am

ന്യൂദല്‍ഹി: ഡെങ്കിപ്പനി ബാധിതയായ ഏഴ് വയസുകാരിയുടെ 15 ദിവസത്തെ ചികിത്സയ്ക്ക് 18 ലക്ഷം രൂപ ബില്‍ ഈടാക്കി ഗുര്‍ഗോണിലെ ഫോര്‍ട്ടിസ് ആശുപത്രി.

സെപ്റ്റംബര്‍ ആദ്യമാസമാണ് ദല്‍ഹി ദ്വാരക സ്വദേശിയായ ജയന്തിന്റെ മകള്‍ ആദ്യയെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 15 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ കുഞ്ഞ് മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ 18 ലക്ഷം രൂപയുടെ ബില്‍ ആണ് ആശുപത്രി അധികൃതര്‍ കുട്ടിയുടെ പിതാവിന് കൊടുത്തത്.

2700 ഗ്ലൗസ് ഉപയോഗിച്ചതിന് 17,142 രൂപയാണ് ബില്‍ ഈടാക്കിയത്. 18 ലക്ഷത്തിന് പുറമെ രക്തപരിശോധനയ്ക്കും മറ്റുമായി 2.17 ലക്ഷം രൂപ ആദ്യയുടെ പിതാവില്‍ നിന്നും ഈടാക്കിയിരുന്നു. 660 സിറിഞ്ചാണ് കുട്ടിക്ക് വേണ്ടി ഉപയോഗിച്ചത് എന്നാണ് ബില്ലില്‍ പറയുന്നത്. ജയന്തിന്റെ സുഹൃത്താണ് രോഗികളെ പിഴിഞ്ഞുകൊണ്ടുള്ള ആശുപത്രി അധികൃതരുടെ നടപടി ലോകത്തെ അറിയിച്ചത്.


Dont Miss മോദിയ്ക്കു നേരെ വിരലുയര്‍ത്തിയാല്‍ ആ കൈ ഞങ്ങള്‍ വെട്ടും: ഭീഷണിയുമായി ബീഹാര്‍ ബി.ജെ.പി അധ്യക്ഷന്‍


7 വയസുള്ള ഒരു കുഞ്ഞിന് 15 ദിവസത്തെ ചികിത്സയ്ക്കിടെ 660 സിറിഞ്ച് ഉപയോഗിച്ചുവെന്നാണ് ആശുപത്രി അധികൃതര്‍ തന്നെ ബില്ലില്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ ദിവസം ഏകദേശം 40 സിറിഞ്ച് കുട്ടിക്ക് ഉപയോഗിച്ചുവെന്നാണ് അവര്‍ പറയുന്നത്. ആശുപത്രിയില്‍ പ്രവേശിച്ച് അഞ്ചാം ദിവസം മുതല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് അതിന് ശേഷം ജീവനുണ്ടായിരുന്നോ എന്ന കാര്യത്തില്‍ പോലും സംശയമുണ്ടെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

ഈ ദിവസങ്ങളില്‍ എടുത്ത കുഞ്ഞിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ടും എം.ആര്‍.ഐ റിപ്പോര്‍ട്ടും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നല്‍കിയില്ല. 13 രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഷുഗര്‍ സ്ട്രിപ്‌സിന് 200 രൂപയാണ് ഈടാക്കിയിരിക്കുന്നത്. 500 രൂപ വരെ ഇതിന് ഈടാക്കിയ ദിവസമുണ്ടെന്നും കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. മാത്രമല്ല വലിയ ബില്‍ അടയ്ക്കാവില്ലെന്ന് പറഞ്ഞപ്പോള്‍ കുട്ടിയുടെ ബോഡി വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍ എന്നും ബില്‍ അടച്ചിട്ടും ആശുപത്രി ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു.

ആശുപത്രിയ്‌ക്കെതിരായ ആരോപണം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ ഇടപെട്ടിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും വിഷയത്തില്‍ ഉടന്‍ തന്നെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിഷയത്തില്‍ ഏത് വിധത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍കുട്ടി പീഡിയാട്രിക് ഐ.സി.യുവില്‍ ആയിരുന്നുവെന്നുമാണ് ആശുപത്രി മാനേജ്‌മെന്റ് പ്രതികരിച്ചത്.

Advertisement