എഡിറ്റര്‍
എഡിറ്റര്‍
യു.എസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Monday 22nd October 2012 9:00am

വാഷിങ്ടണ്‍: യു.എസിലെ വിസ്‌കന്‍സിനില്‍ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു.മില്‍വോക്കിയിലെ ബ്രൂക്ക് ഫീല്‍ഡ് സ്‌ക്വയര്‍ മാളില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്യൂട്ടിപാര്‍ലറിലാണ് വെടിവയ്പ് നടന്നത്.

സംഭവത്തിന് ശേഷം അക്രമിയെന്ന് കരുതുന്ന 45കാരനായ റഡ്ക്ലിഫ് ഹൂസ്റ്റനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൂസ്റ്റന്‍ ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു.

Ads By Google

സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ഹൂസ്റ്റന്‍ മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സ്പാ ജീവനക്കാരിയുടെ ഭര്‍ത്താവാണ് ഹൂസ്റ്റനെന്നും സംഭവത്തിന് പിന്നില്‍ കുടുംബവഴക്കാണെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

വിസ്‌കന്‍സിനില്‍ ഈ വര്‍ഷം ഉണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വേഡ് മിഷേല്‍ പേജ് എന്നയാള്‍ സിഖ് ഗുരുദ്വാരയില്‍ നടത്തിയ വെടിവയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

അമേരിക്കന്‍ പട്ടാളത്തില്‍ ജോലിചെയ്തിരുന്ന ഇയാള്‍ വര്‍ണവെറിയനായിരുന്നു. 2005 ല്‍ ഇവിടെ ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായ വെടിവയ്പില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്.

സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തിന് തീവ്രവാദബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വിശദീകരണം.

സംഭവത്തെ കുറിച്ച് എഫ്.ബി.ഐ ഡയറക്ടര്‍ ബോബ് മുള്ളറോട് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വിശദീകരണം തേടി. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ എഫ്.ബി.ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെ. കാര്‍ണി പറഞ്ഞു.

സംഭവത്തിന് അടിയന്തരശ്രദ്ധ നല്‍കാന്‍ വൈറ്റ്ഹൗസ് സുരക്ഷാ വിഭാഗം പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement