Administrator
Administrator
ഞങ്ങള്‍ക്ക് വേണ്ടത് നീതി; ഗുജറാത്തിലെ മുസ്‌ലിംകള്‍
Administrator
Thursday 6th October 2011 3:46pm

സൈറ സാലിം സാന്ദി: 2002ലെ ഗുജറാത്ത് കലാപത്തില്‍ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട സ്ത്രീ. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ നശിപ്പിക്കപ്പെട്ട തന്റെ വീട്ടില്‍

സൈറ സാലിം സാന്ദി എന്ന മുസ്‌ലിം വനിത അഹമ്മദാബാദിലെ മലിനമായ ഒരു തെരുവിലൂടെ നടക്കുകയാണ്. ഗുജറാത്തി രീതിയിലുള്ള മഞ്ഞ നിറമുള്ള സാരിയാണ് അവര്‍ ധരിച്ചിരിക്കുന്നത്. സാരിത്തലപ്പു കൊണ്ട് അവര്‍ തല മറച്ചിരിക്കുന്നു. അവരുടെ മുഖം പ്രസരിപ്പ് നഷ്ടപ്പെട്ട് ഇരുള്‍ വീണ് മങ്ങിയിരിക്കുന്നു. പരിചിതമായ വഴികളിലൂടെ യാന്ത്രികമെന്നോണം അവര്‍ നടന്നു നീങ്ങിക്കൊണ്ടിരുന്നു. കത്തിക്കരിഞ്ഞ ഒരു പഴയ ബംഗ്ലാവിന് മുന്നിലാണ് അവര്‍ നിന്നത്. മെല്ലെ അവര്‍ അതിനകത്തേക്ക് കയറി. ഇരുണ്ട നിറമാര്‍ന്ന ചുമരുകളില്‍ കൈകൊണ്ട് തഴുകി അവര്‍ ഓരോ മുറികളിലും നടന്നു. അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടത് ഇവിടെ വെച്ചാണ്. കുടുംബത്തെയും കുട്ടികളെയും എല്ലാം…. അതെ, ഇത് അവരുടെ വീടായിരുന്നു!

2002 ഫെബ്രുവരി 28ലെ ആ കിരാതമായ വൈകുന്നേരത്തിന്റെ ഞെട്ടലില്‍ നിന്ന് സൈറ സാലിം ഇപ്പോഴും മുക്തമായിട്ടില്ല. ‘ലോകത്തിലെ ഏറ്റവും ക്രൂരമായ തമാശയാണ് മോഡി നടത്തിയ സദ്ഭാവന ഉപവാസം. ഇത് ഞങ്ങളുടെ മുറിവുകളെ വീണ്ടും വ്രണപ്പെടുത്തുകയാണ്. ഞങ്ങളെ അപമാനിക്കുന്നതിന് തുല്ല്യമാണ്. എല്ലാം നഷ്ടപ്പെട്ട ഞങ്ങളോട് അയാള്‍ ആദ്യം ഇത്തിരി സദ്ഭാവന കാണിക്കട്ടെ, ദയ കാണിക്കട്ടെ, ഒന്നുമില്ലെങ്കിലും മാപ്പെങ്കിലും ചോദിക്കട്ടെ. എയര്‍കണ്ടീഷന്‍ ചെയ്ത ഹാളില്‍ നേതാക്കന്മാരോടൊപ്പം ഇരുന്ന് ദേശഭക്തി ഗാനം കേള്‍ക്കുകയല്ല വേണ്ടത്’ കണ്ണീരൊഴുക്കിക്കൊണ്ട് സൈറ സാലിം സാന്ദി പറയുന്നു.

ഇംതിയാസ് ഖാന്‍ പത്താന്‍ മകന്‍ അജാസ് ഖാനൊപ്പം ഇഹ്‌സാന്‍ ജാഫ്രി താമസിച്ചിരുന്ന വീട്ടിന് മുന്നില്‍. ഇവിടെ വെച്ചാണ് കോണ്‍ഗ്രസ് എം.പി കൂടിയായി ഇഹ്‌സാന്‍ ജാഫ്രിയും അഭയം തേടിയ മറ്റുള്ളവരും കൊല്ലപ്പെട്ടത്

ദിവസം കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് എം.പി. ഇഹ്‌സാന്‍ ജഫ്രി ജീവിച്ച ഗുല്‍ബര്‍ഗ് സൊസൈറ്റിയിലേക്ക് മോഡി സദ്ഭാവ ഉപാവാസം നടത്തിയ സ്ഥലത്തു നിന്നും 25 മിനുട്ടിന്റെ ദൂരമേ ഉള്ളൂ. നരേന്ദ്ര മോഡിയുടെ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ മൂലം നരകയാതന അനുഭവിച്ച മുസ്ലിംങ്ങളും മോഡിയും തമ്മിലുള്ള ദൂരം പക്ഷേ ഒരു കടലിനും മീതെയാണ്.

നഗരത്തില്‍ എവിടെയോ ഒരുക്കിയ പുതിയ പാര്‍പ്പിടങ്ങളിലേക്ക് മാറുന്നതിന് മുന്‍പ് ഇരകളാക്കപ്പെട്ടവര്‍ ഇവിടെ, ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ വരാറുണ്ട്. അവര്‍ ഒരുമിച്ച് കൂടി മെഴുകുതിരികള്‍ കത്തിച്ച് ഉറ്റവരുടെ ഓര്‍മ്മയുടെ ഒര്‍മ്മയില്‍ കണ്ണീരൊഴുക്കി തിരിച്ചു പോകും. കലാപത്തില്‍ ഇരകളായവര്‍ക്ക് ഇന്ത്യയില്‍ എവിടെയും വളരെ താമസിച്ചേ നീതി കിട്ടൂ. ‘ഉപവാസവും നീതിയും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. ഞങ്ങള്‍ക്ക് വേണ്ടത് നീതിയാണ്’ മുഴങ്ങുന്ന ശബ്ദത്തിലാണ് ഷകീല ഭാനു അന്‍സാരി പറഞ്ഞത്. കുടുംബത്തിലെ എട്ട് പേരെയാണ് കലാപത്തില്‍ അവര്‍ക്ക് നഷ്ടപ്പെട്ടത്. ‘നരേന്ദ്ര മോഡി മാപ്പ് ചോദിച്ചത് കൊണ്ട് എനിക്ക് എന്റെ മകനെ തിരിച്ചു ലഭിക്കില്ല, കലാപം നടത്തിയവരെയെല്ലാം കൂട്ടി വന്ന് അതെങ്കിലും അയാള്‍ ചെയ്യണം’ഒന്‍പതു വയസ്സുള്ള മകനെ നഷ്ടപ്പെട്ട രൂപ ധാര മോഡി ചോദിക്കുന്നു. (ഇവരുടെ കഥയാണ് പര്‍സാനിയ എന്ന ചിത്രത്തില്‍ നാം കണ്ടത്.)

ജഫ്രിയുടെ വീട്ടില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇംതിയാസ് ഖാന്‍ പറയുന്നു: അദ്വനി ജിന്നയെ ഓര്‍മ്മിച്ചതു പോലെയാണ് ഇപ്പോള്‍ മോഡി ഞങ്ങളെ ഓര്‍മ്മിച്ചിരിക്കുന്നത്. കാരണം അയാള്‍ക്ക് പ്രധാനമന്ത്രി ആകണം. ഉപവാസ സമരത്തിനിടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവിടെ പോയ മുസ്ലിം നേതാക്കന്‍മാര്‍ സമുദായത്തെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. ഹിന്ദു മേഖലയില്‍ പോയി അവര്‍ വീടുകളും കടകളും ആരംഭിക്കട്ടെ, അപ്പോള്‍ അറിയാം മോഡിയുടെ ‘സദ്ഭാവന’. നരേന്ദ്ര മോഡി എന്തു തന്നെ പറഞ്ഞാലും ചെയ്താലും ഞങ്ങള്‍ക്കൊരിക്കലും അയാളോട് സഹകരിക്കാന്‍ ആവില്ല. ഒരു പാര്‍ട്ടി എന്ന നിലക്ക് ബി.ജെ.പിയെ ചിലപ്പോള്‍ പിന്തുണച്ചേക്കാം. പക്ഷേ, മോഡിയെ ഒരിക്കലും ഞങ്ങള്‍ പിന്തുണക്കില്ല.

ഗൗരിബെന്‍ മസാദ്ഭായി: നരോദ പാട്ടിയയില്‍ മനുഷ്യ ജീവനുകളെ ചുട്ടുകൊല്ലുന്നത് നേരില്‍ക്കണ്ട സ്ത്രീ

തേ മാനസികാവസ്ഥയാണ് നഗരത്തിന്റെ മറ്റൊരു പ്രാന്തത്തിലുള്ള നരോധ പാടിയയിലെ ഗൗരിബെന്‍ മസാദ്ബായിയുടെ ചേദ്യത്തിലും ഉണ്ടായിരുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 120 മരണമായിരുന്നു പാടിയയില്‍ സംഭവിച്ചത്. ‘കുടുംബത്തിലെ ആറു പേരെയാണ് എനിക്ക് നഷ്ടപ്പെട്ടത്. ചിലരെ ശൂലത്തില്‍ തറച്ചു, മറ്റു ചിലരെ ജീവനോടെ ചുട്ടു കൊന്നു. അവര്‍ എല്ലാ വശത്തു നിന്നും ഞങ്ങള്‍ വളയപ്പെടുകയായിരുന്നു. മോഡി ഇപ്പോള്‍ പറയുന്നു; അയാള്‍ക്ക് ഗുജറാത്തികളുടെ വേദന മനസ്സിലായെന്ന്. സ്വന്തം മകന്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടത് കണ്ടവന്റെ വേദന അയാള്‍ക്ക് അറിയുമോ?’ അന്‍പതു വയസ്സുള്ള ഗോരിബന്‍ മസദ്ഭായിക്ക് മോഡിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ പേടിയില്ല. അയാള്‍ ശിക്ഷിക്കപ്പെടണം. പോലീസുകാരന്‍ ഞങ്ങളോട് പറഞ്ഞത് ‘മുകളില്‍ നിന്നുള്ള ഉത്തരവാണെന്നാണ്. ആ സമയം മോഡിയല്ലാതെ മറ്റാരാണ് മുകളില്‍…?’

മോഡി ഉപവാസം ഇരുന്ന ഹാളിലേക്കുള്ള റോഡിന് മുന്‍പില്‍ ഒരിടത്തായി നിന്ന നൂറോളം പോലീസുകാരെ കണ്ട മെഹബ്‌ല ഹുസൈന്‍ ശൈഖ് ‘ഇത്ര പേര്‍ അന്ന് ഞങ്ങളെ സംരക്ഷിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ അന്ന് ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു’ എന്ന് നെടുവീര്‍പ്പിട്ടു. ദുരിതാശ്വാസ ക്യാംപില്‍ ഒരു വര്‍ഷം കഴിഞ്ഞ ഇദ്ദേഹത്തിന് ഭാര്യയെയും മകനെയുമാണ് കലാപത്തില്‍ നഷ്ടപ്പെട്ടത്. ഇദ്ദേഹം അന്ന് താമസിച്ചിരുന്ന ജുഹാപുര എന്ന പ്രദേശത്തെ കലാപകാരികള്‍ വിളിക്കുന്നത് ‘മിനി പാകിസ്ഥാന്‍’ എന്നാണത്രെ! അയാള്‍ വികസനത്തെ കുറിച്ച് സംസാരിക്കുന്നു, നീതി ഇല്ലാതെ എന്ത് വികസനമാണ്?ഹുസൈന്‍ ശൈഖ് ചോദിക്കുന്നു.

അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് തിരിച്ചെത്തിയ ഹുസൈന്‍ ഷേഖ്, സഹോദരങ്ങളായ മൊഹമമ്ദ്, മെഹ്ബല എന്നിവര്‍ നരോദ പാട്ടിയയിലെ വീട്ടില്‍

നഗരത്തിലെ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും മാനസികാവസ്ഥയിലെ ഏറ്റവും വലിയ വ്യത്യാസം എന്തെന്നാല്‍; അല്ലാഹു അക്ബര്‍ എന്ന് അലറി തങ്ങളെ ആക്രമിച്ചവരെ രാജ്യം ശിക്ഷിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഹിന്ദുക്കള്‍, എന്നാള്‍ തങ്ങളുടെ ഉറ്റവരെ കൊന്നൊടുക്കിയവര്‍ക്ക് ഈ രാജ്യം ശിക്ഷ നല്‍കുമെന്ന പ്രതീക്ഷ പോലും മുസ്‌ലിംകള്‍ക്കില്ല.

ഉപവാസം കേവലം നടകമാണെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവായിരുന്നു മൗലാന ഇമാം സയ്യിദ് ഹുസൈന്‍ നല്‍കിയ തൊപ്പി ധരിക്കാന്‍ മോഡി വിസമ്മതിച്ചത്. മോഡി തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചതല്ല എന്ന വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും വീഡിയോ ദൃശ്യങ്ങള്‍ സത്യം പറഞ്ഞു.

1960 മുതല്‍ക്കുള്ള നിരവധി കലാപങ്ങളില്‍ ഇരയാക്കപ്പെട്ട മനുഷ്യജന്മങ്ങളുടെ കണക്ക് എവിടെയുമില്ല. 2002ലെ കലാപത്തില്‍ ബന്ധുക്കള്‍ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും സ്വന്തം മണ്ണും ജീവിതമാര്‍ഗ്ഗങ്ങളും നിഷേധിക്കപ്പെട്ട 2,50,000 മനുഷ്യരുണ്ടെന്നാണ് കണക്ക്. അതേസമയം, ഇവിടെ ഗുജറാത്തില്‍ മോഡി വിരുദ്ധ വികാരം എല്ലാ മുസ്ലിംകളുടെയും മാനസികാവസ്ഥയാണ് എന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. താഴേക്കിടയിലുള്ള തൊഴിലാളി വര്‍ഗ്ഗമായ മുസ്‌ലിംകളും ബിസിനസ്സും മറ്റുമായി ജീവിക്കുന്ന മുസ്‌ലിംകളെയും ഈ സമൂഹത്തില്‍ കാണാനാകും. താഴേക്കിടയിലുള്ളവര്‍ക്ക് മോഡിയുടെ ചെയ്തികളെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. മെച്ചപ്പെട്ട് ജീവിത സാഹചര്യങ്ങളുള്ളവര്‍ക്ക് പക്ഷേ അങ്ങിനെ അല്ല.

നഗരത്തിലെ വ്യവസായിയാ സാഫര്‍ സരേഷ്‌വാല തനിക്ക് ആറു വയസ്സുണ്ടായിരുന്നപ്പോള്‍ 1969ലെ കലാപം ഓര്‍ക്കുന്നു. 1985-87 കാലഘട്ടത്തിലും 1990-92 കാലഘട്ടത്തിലും ഉണ്ടായ കലാപങ്ങളും നടുക്കമുണ്ടാക്കുന്ന ഓര്‍മ്മകളായി അവശേഷിക്കുന്നതായി അദ്ദേഹം പറയുന്നു. തങ്ങളുടെ ഫാക്ടറിയും ഓഫീസുമെല്ലാം കത്തിച്ചു. 2002ലും സാമ്പത്തികമായി ഞങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഞങ്ങളുടെ പ്രദേശത്തെ എം.എല്‍.എ ഇലക്ഷന്‍ മീറ്റിംഗുകളില്‍ പ്രസംഗം തുടങ്ങിയിരുന്നത് മുസ്‌ലിംകളോട് പ്രദേശത്തു നിന്നും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു. മുസ്‌ലിം വോട്ടുകള്‍ വേണ്ട എന്നു തന്നെ ബി.ജെ.പി പറഞ്ഞിരുന്നു. സദ്ഭാവനയുടെ വേദിയില്‍ തൊപ്പി വെച്ചവരെയും ബുര്‍ഖ ധരിച്ചവരെയും കണ്ടത് ഒരു സൂചനയാണ്. ഞങ്ങള കൂടാതെ മുന്നോട്ട് പോകാനാവില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ടാകണം. പക്ഷേ, സാമൂഹ്യപ്രവര്‍ത്തകനും ബിസിനസ്സുകാരനുമായ അഫ്‌സല്‍ മേമന്‍ സംഭവങ്ങളെ കുറച്ചു കൂടി സൂക്ഷമമായി വിലയിരുത്തി പറയുന്നത് ‘മോഡിയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നിലുള്ള ഉദ്ദേശ്യത്തെ മുസ്ലിംകള്‍ സൂക്ഷിക്കണം. സ്വന്തം ചെയ്തികളില്‍ അയാള്‍ ഖേദിക്കുന്നുണ്ടെങ്കില്‍ ആദ്യം അയാള്‍ മാപ്പു പറയട്ടെ’ എന്നാണ്.

ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് മൂസ്ലിംകള്‍ ചെയ്യേണ്ടത്. ആറ് കോടി ഗുജറാത്തികളില്‍ ഞങ്ങളും ഉള്‍പ്പെടുന്നു. മോഡി തിരഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. ഞങ്ങള്‍ അവരോട് സംസാരിച്ചില്ലെങ്കില്‍ പിന്നെ മറ്റാരോടാണ് ഞങ്ങള്‍ സംസാരിക്കുക? പര്‍വേസ് മുഷറഫിനോടോ? പ്രദേശത്തെ ഒരു യുവാവ് ചോദിക്കുന്നു. ഈ വികാരങ്ങളില്‍ മാത്രം മുസ്ലിംകള്‍ക്ക് കാലം കഴിക്കാം അല്ലെങ്കില്‍ നീതി ലഭിക്കാന്‍ മോഡിയെ പിന്തുണക്കുകയുമാവാം. മോഡിയുടെ വികസന കാഴ്ചപ്പാടിനെ ഉപയോഗപ്പെടുത്തി നേട്ടങ്ങള്‍ കരസ്ഥമാക്കാനാണ് ശ്രമിക്കേണ്ടത്. അഹമ്മദാബാദ് എയര്‍പോര്‍ട്ട്് വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ലാഭം നേടിയത് ടാക്‌സി സ്വന്തമായുള്ളവരും െ്രെഡവര്‍മാരുമായ മുസ്ലിംകളായിരുന്നു.

ഇരകള്‍ എന്ന മനോഭാവത്തോട് കൂടിയുള്ള മാറ്റി നിര്‍ത്തപ്പെടലില്‍ നിന്ന് മോചനം വേണം എന്നാണ് ഭൂരിഭാഗം പേരുടെയും ആഗ്രഹം. കുട്ടികള്‍ മരിക്കുന്നത് കണ്ട് നിന്ന മാതാപിതാക്കള്‍, തണുത്തുറഞ്ഞ രക്തവുമായി മാതാപിതാക്കള്‍ കൊല്ലപ്പെടുന്നത് കണ്ട കുട്ടികള്‍, ആശ നശിച്ചവരായി ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍….. എന്തുതന്നെ ആയാലും നീതി എന്നത് ഇവര്‍ക്ക് മൗലികമായ കാര്യമാണ്. ലണ്ടനിലെ ഡോ.സഫര്‍ ജിലാനി എഴുതിയ ഈ വരികള്‍ ഇപ്പോഴത്തെ അവരുടെ എല്ലാ വികാരങ്ങളും ഉള്‍കൊള്ളുന്നതാണ്.

Shayad woh galtiyon ka ehsaas kar raha hai
Peeta nahi lahu ab, ‘upvaas’ kar raha hai
Nafrat ke jism par hai ‘sadbhavana’ ka chola
Hum jaante hain zalim bakwaas kar rah hai….

(ചിലപ്പോള്‍ അയാള്‍ തെറ്റുകള്‍ മനസ്സിലാക്കിയിട്ടുണ്ടാകാം.
കാരണം, ഉപവാസത്തിലായതിനാല്‍ ഇപ്പോള്‍ അയാള്‍ക്ക് ചോര കുടിക്കാനാവില്ലല്ലോ.
വെറുപ്പാകുന്ന ശരീരത്തില്‍ സാഹോദര്യത്തിന്റെ മേലങ്കി ധരിച്ച
ആ നിഷ്ഠൂരന്‍ അസംബന്ധം പറയുകയാണെന്ന് ഞങ്ങള്‍ക്കറിയാം…..)

വിവര്‍ത്തനം: റഫീഖ് മൊയ്തീന്‍
കടപ്പാട്: ഔട്ട്‌ലുക്ക്

Advertisement