കൊവിഡ്19 കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങള്‍ പുറത്തു വരുമ്പോള്‍
ന്യൂസ് ഡെസ്‌ക്

നിരവധി ലോക രാജ്യങ്ങളടക്കമുള്ള കൊട്ടിഘോഷിക്കപ്പെട്ട വികസന മാതൃകകളെല്ലാം ഒരു ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് മുന്നില്‍ തകര്‍ന്ന് വീഴുന്ന കാഴ്ച്ചയാണ് ആഗോളതലത്തില്‍ കൊവിഡ് 19 സമ്മാനിച്ചത്. ഇന്ത്യയിലും ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഗുജറാത്ത് വികസനമാതൃകയുടെ ആരോഗ്യ മേഖലയിലെ ഏറ്റവും ദാരുണമായ മുഖം കൊവിഡ് തുറന്നുകാട്ടുകയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ കൊവിഡ് 19 ല്‍ മരണനിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.

ഇതുവരെ ഗുജറാത്തില്‍ 241 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 17 പേരും കൊവിഡ് ബാധിച്ച് മരണപ്പെടുകയുണ്ടായി. അങ്ങനെയെങ്കില്‍ 7.05 ശതമാനമാണ് ഗുജറാത്തിലെ കൊവിഡ് മരണനിരക്ക്. കൊവിഡ് മരണനിരക്കിലെ ദേശീയ ശരാശരി 3.1 ശതമാനത്തില്‍ നില്‍ക്കുമ്പോഴാണ് ഗുജറാത്തില്‍ 7.05ശതമാനം മരണം സംഭവിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 7.1 ശതമാനമാണ് മരണനിരക്ക് എന്നിരിക്കെയാണ് 241 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തില്‍ 7.05 ശതമാനം മരണനിരക്ക്.

ഗുജറാത്ത് മോഡല്‍ ഓഫ് ഡെവലപ്‌മെന്റ് വ്യാപകമായി ഇന്ത്യയില്‍ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ ആ സംസ്ഥാനത്തെ ആരോഗ്യ മേഖല കൈവരിച്ച പുരോഗതി കൂടി ഈ പശ്ചാത്തലത്തില്‍ നിശ്ചയമായും ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.

ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാത്രമാണ് കൊവിഡ് 19 ബാധിച്ച രോഗികളെ ചികിത്സിക്കാനായി മാത്രം ഗുജറാത്തില്‍ പ്രത്യേക ആശുപത്രി റിസര്‍വ്വ് ചെയ്യാന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 156 വെന്റിലേറ്ററുകളും അവ ഉപയോഗിക്കാനായി 9000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും നല്‍കി. ഇത് പ്രകടമാക്കുന്നത് ഗുജറാത്തിന്റെ ആരോഗ്യ മേഖലയിലെ ന്യൂനതകളാണ് എന്ന അഭിപ്രായം സാമൂഹിക നിരീക്ഷകര്‍ ഉന്നയിക്കുന്നുണ്ട്.

കൊവിഡ് 19നുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ മരണ നിരക്ക് ഉയരുകയും ഗുജറാത്തിലടക്കം രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും ഗുജറാത്തിന്റെ ആരോഗ്യ മേഖല ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതിന്റെ ഫലമായാണ് ദേശീയ ശരാശരിയില്‍ മരണനിരക്ക് 3.1 ശതമാനത്തില്‍ നില്‍ക്കുമ്പോഴും ഗുജറാത്തില്‍ ഇത് 7.05 ശതമാനത്തില്‍ നില്‍ക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.

ഗുജറാത്തിന്റെ പൊതുജനാരോഗ്യ മേഖല ഇതിനും മുന്‍പും നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. നാല് തവണ ഗുജറാത്ത് ഭരിച്ച നരേന്ദ്ര മോഡി ഗവണ്‍മെന്റിനും ആ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിലേക്ക് അവകാശപ്പെടാന്‍ വലിയ നേട്ടങ്ങള്‍ ഒന്നും സംഭാവന ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതിന്റെ ഉദാഹരമാണ് ഇപ്പോഴത്തെ ഗുജറാത്ത് എന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം. 2001 മുതല്‍ 2014 വരെ നീണ്ട 13 വര്‍ഷം നരേന്ദ്ര മോദിയായിരുന്നു ഗുജറാത്തിന്റെ മുഖ്യമന്ത്രി.

അത് കൊണ്ട് തന്നെയാണ് കൊവിഡ് 19 രാജ്യത്തെ പിടിച്ചു കുലുക്കുമ്പോള്‍ ഗുജറാത്തിന്റെ ആരോഗ്യമേഖലയിലേക്കും ശ്രദ്ധ വരുന്നത്.

നിലവില്‍ ഗുജറാത്തില്‍ ആയിരം പേര്‍ക്ക് 0.33 എന്ന തരത്തിലാണ് ആശുപത്രി കിടക്കകളുടെ അനുപാതം. ഇതിലും കുറവ് ആനുപാതത്തില്‍ ആശുപത്രി കിടക്കകളുള്ള ഒരു സംസ്ഥാനം മാത്രമാണ് ഇന്ത്യയില്‍ ഉള്ളത് അത് ബീഹാറാണ്.

ദേശീയ ശരാശരി ആയിരം പേര്‍ക്ക് 0.55 എന്നതാണ്. സോഷ്യല്‍ സെക്ടര്‍ സ്‌പെന്‍ഡിങ്ങില്‍ 17മാത് നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. ബജറ്റില്‍ 31.6 ശതമാനം മാത്രമാണ് സാമൂഹിക വികസനത്തിനും ക്ഷേമത്തിനുമായി ഗുജറാത്ത് ചിലവിടുന്നത്.

1999-2000 വരെയുള്ള പിരീഡില്‍ ഗുജറാത്ത് 4.39 ശതമാനമാണ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി മാറ്റിവെച്ചതെങ്കില്‍ 2009-2010 കാലയളവില്‍ ഇത് 0.77 ശതമാനമായി ചുരുങ്ങി. ഇത് വ്യക്തമാക്കുന്നത് ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്ക് വേണ്ടി വിനിയോഗിക്കുന്ന തുകയില്‍ ഗുജറാത്ത് പിന്നോട്ടാണ് നടന്നത് എന്നതാണ്. ഇപ്പോഴത്തെ എന്‍.ഡി.എ ഗവണ്‍മെന്റും കേവലം 1.28ശതമാനം മാത്രമാണ് ആരോഗ്യമേഖയിലെ വികസനത്തിനായി മാറ്റിവെച്ചിരിക്കുന്നത്.

ഇനി ഗുജറാത്തിലെ ഔട്ട് പോക്കറ്റ് എക്‌സപന്‍ഡിച്ചര്‍ ഓണ്‍ ഹെല്‍ത്ത് കെയര്‍ അഥവാ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് വേണ്ടി വരുന്ന തുക എങ്ങനെയെന്ന് നോക്കാം. കണക്കുകള്‍ വ്യക്തമാക്കുന്നത് ഇവിടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന ഒരാള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളതിലും കൂടുതല്‍ തുക കയ്യില്‍ നിന്ന് ചിലവാകുന്നു എന്നാണ്. ദേശീയ ശരാശരിയേക്കാള്‍ കുടുതലാണ് ഗുജറാത്തില്‍ ഔട്ട് പോക്കറ്റ് എക്‌സപന്‍ഡിച്ചര്‍. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ എണ്ണത്തിലും ബീഹാറിനെ കഴിഞ്ഞും പിന്നിലാണ് ഗുജറാത്ത്.

കൊവിഡ് 19 ലോകരാജ്യങ്ങളെ ആകെ ക്ഷയിപ്പിച്ച് പടര്‍ന്നു പിടിക്കുമ്പോള്‍ ഓരോ രാജ്യങ്ങളുടെ ആരോഗ്യ മേഖലകളുടെ ന്യൂനതകളും, ശക്തിയുമെല്ലാം ചര്‍ച്ചയാകുന്നുണ്ട്. സമാനമായ രീതിയിലുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലും നടക്കുന്നുണ്ട്.

ഇന്ത്യയില്‍ നിലവില്‍ 713986 ഹോസ്പിറ്റല്‍ ബെഡുകളും 20,000 വെന്റിലേറ്ററുകളുമാണ് ഉള്ളത്. കണക്കുകള്‍ പ്രകാരം കൊവിഡ് ബാധിക്കുന്ന 5ശതമാനം രോഗികള്‍ക്കും വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ കൊവിഡ് ബാധിക്കുന്ന രോഗികളുടെ എണ്ണം 4 ലക്ഷത്തില്‍ കൂടിയാല്‍ ചികിത്സ എന്നത് രാജ്യത്ത ഏറെ കഠിനം തന്നെയായിരിക്കും