എഡിറ്റര്‍
എഡിറ്റര്‍
കേസ് പിന്‍വലിച്ച് വോട്ട് നേടാമെന്ന് വ്യാമോഹിക്കേണ്ട; ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല; കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ കര്‍ഷകരും പട്ടേല്‍വിഭാഗവും
എഡിറ്റര്‍
Sunday 22nd October 2017 10:33am

വാരാണസി: ഗുജറാത്ത് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പട്ടേല്‍ വിഭാഗത്തേയും ഗുജറാത്തിലെ കര്‍ഷരേയും അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ പാളുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22 കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തത്. അഹമ്മദാബാദിലെ സാനന്ദ് താലൂക്കിലെ കര്‍ഷകര്‍ക്കെതിരെയായിരുന്നു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫെബ്രുവരി 14 ന് ജലസേചന ജല ആവശ്യങ്ങള്‍ ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയായിരുന്നു കര്‍ഷകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് ഉള്‍പ്പെടെ കേസെടുത്തത്. പ്രതിഷേധത്തിനിടെ ജില്ലാ സൂപ്രണ്ട് പോലീസിന് പരിക്കേറ്റിരുന്നു.


Dont Miss ദിലീപിന് പൊലീസ് നോട്ടീസ്


എന്നാല്‍ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കാര്‍ പിന്‍വലിക്കുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം ഇന്നലെ വ്യക്തമാക്കിയത്.

പട്ടേല്‍ വിഭാഗക്കാര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കുമെന്ന ബി.ജെ.പി പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കര്‍ഷകരെ അനുനയിക്കാനുള്ള ബി.ജെ.പിയുടെ പുതിയ നീക്കമുണ്ടായത്.

എന്നാല്‍ കേസുകള്‍ പിന്‍വലിച്ച് തങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കില്ലെന്നാണ് കര്‍ഷകരും പട്ടേല്‍ വിഭാഗക്കാരും വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ പ്രഖ്യാപനങ്ങളെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളത് മാത്രമാണ്. തങ്ങളുടെ പ്രധാന ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസിലാക്കാനും അതിന് പരിഹാരം കാണാനും ആദ്യം അവര്‍ തയ്യാറട്ടെ- ഇവര്‍ പറയുന്നു.

തങ്ങള്‍ക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നു എന്ന് മാധ്യമങ്ങിലൂടെയാണ് അറിഞ്ഞത്. യഥാര്‍ത്ഥത്തില്‍ അവര്‍ കേസ് പിന്‍വലിക്കുമോ ? സംശയമുണ്ട്- ക്രിമിനല്‍കേസ് ചുമത്തിയ 22 കര്‍ഷകരില്‍ ഒരാളായ ശൈലേഷ് താക്കൂര്‍ പ്രതികരിക്കുന്നു.

അന്ന് ബി.ജെ.പി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. അന്നത്തെ സംഭവത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പൊലീസ് വലിയ അക്രമമാണ് അഴിച്ചുവിട്ടിരുന്നത്. എന്നാല്‍ പൊലീസിനെ ആക്രമിച്ചെന്ന്പറഞ്ഞ് തങ്ങള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുകയായിരുന്നു അവര്‍.

ഞങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചാല്‍ പോലും ഈ സര്‍ക്കാരിന് ഇനി വോട്ട് ചെയ്യില്ല. കേസ് പിന്‍വലിച്ച് തങ്ങളെ വശീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കാരണം ബി.ജെ.പി ഇതുവരെ ഞങ്ങളുടെ ഏരിയയില്‍ ഒരു റാലി പോലും ഇതുവരെ നടത്തിയിട്ടില്ല – രമ്ജിഭായ് കൊലിപാട്ടീല്‍ പ്രതികരിക്കുന്നു. ഞങ്ങളുടെ ഒരാവശ്യവും ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിത്തന്നിട്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ അവരെ മനസിലാക്കാനോ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഇപ്പോഴും ജലസേചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഫെബ്രുവരിയിലെ സമരത്തിന് പിന്നാലെ 745 കോടി ചെലവഴിച്ച് നര്‍മദാ ബ്രാഞ്ച് കനാല്‍ നിര്‍മിക്കുമെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ തുക പാസ്സാക്കുകയോ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുകയോ ചെയ്തിട്ടില്ല.

നഷ്ടപ്പെട്ട വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കര്‍ഷകര്‍ക്ക് വേണ്ടി ഒരു ദുരിതാശ്വാസപദ്ധതിയും അവര്‍ നടപ്പാക്കിയില്ല. സഹകരണബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുണ്ടെങ്കിലും അവര്‍ നിരന്തരം അതിന്റെ ഇന്‍ഷൂറന്‍സ് പ്രീമിയം ഈടാക്കിക്കൊണ്ടിരിക്കുയാണ്. സര്‍ക്കാര്‍ തന്നെ മെനഞ്ഞെടുത്ത കേസ് അവര്‍ തന്നെ പിന്‍വലിക്കുന്നു. ഇതുകൊണ്ടൊന്നും വോട്ട് നേടാമെന്ന് അവര്‍ വ്യാമോഹിക്കേണ്ട- ഇദ്ദേഹം പറയുന്നു.

കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ സനാനന്ദിലെ കര്‍ഷകരും ഗുജറാത്തിലെ മറ്റ് പിന്നാക്ക വിഭാഗക്കാരും പട്ടേല്‍ സമുദായവും പട്യാദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാക്കളുമെല്ലാം ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കേസ് പിന്‍വലിച്ച് വോട്ട് നേടാമെന്ന് ബി.ജെ.പി കരുതുണ്ടെങ്കില്‍ അത് തെറ്റായ ധാരണമാത്രമാണെന്നാണ് ഇവര്‍ പറയുന്നത്.

Advertisement