മുസ്‌ലിങ്ങള്‍ക്ക് മാത്രമേ ഇനി പാര്‍ട്ടിയെയും രാജ്യത്തെയും രക്ഷിക്കാനാകൂ എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മുസ്‌ലിം പ്രീണനമെന്ന് ബി.ജെ.പി
national news
മുസ്‌ലിങ്ങള്‍ക്ക് മാത്രമേ ഇനി പാര്‍ട്ടിയെയും രാജ്യത്തെയും രക്ഷിക്കാനാകൂ എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മുസ്‌ലിം പ്രീണനമെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2022, 10:24 am

ന്യൂദല്‍ഹി: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവിധ പാര്‍ട്ടികള്‍ തമ്മിലുള്ള വാദ പ്രതിവാദങ്ങള്‍ രൂക്ഷമാകുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ചന്ദര്‍ താക്കൂറിന്റെ (Chandan Thakor) ഒരു പ്രസ്താവനയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്- ബി.ജെ.പി വാക്‌പോരിന് വഴിവെച്ചിരിക്കുന്നത്.

മുസ്‌ലിങ്ങള്‍ക്ക് മാത്രമേ ഇനി കോണ്‍ഗ്രസിനെ രക്ഷിക്കാനാകൂ എന്നായിരുന്നു ഗുജറാത്തിലെ സിദ്ധിപൂരില്‍ (Siddhpur) നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ചന്ദര്‍ താക്കൂര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.

മുസ്‌ലിം പ്രീണനമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നാണ് ബി.ജെ.പിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പ്രതികരിച്ചത്.

”ഒരു മറയുമില്ലാതെ, വളരെ പ്രകടമായ മുസ്‌ലിം പ്രീണനത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്!

ഇത് അവിചാരിതമായി സംഭവിക്കുന്നതല്ല! ആദ്യം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദു മതത്തെ അധിക്ഷേപിച്ചു. ഇപ്പോള്‍ Tushtikaran ka Bhaijaan ആകാനാണ് മത്സരം. കാരണം ആം ആദ്മി സ്ഥാനാര്‍ത്ഥികളായ ഗോപാല്‍ ഇറ്റാലിയയില്‍ നിന്നും രാജേന്ദ്ര പാലില്‍ നിന്നുമുള്ള മത്സരത്തെ അവര്‍ ഭയക്കുന്നുണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് = എനിക്ക് വര്‍ഗീയത വേണം (INC = I Need Communalism) #ChunaviHindu,” എന്നാണ് ഷെഹ്‌സാദ് പൂനവാല ട്വിറ്ററില്‍ കുറിച്ചത്.

ബി.ജെ.പിയും ഇതിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമുന്നയിക്കുന്നുണ്ട്.

ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ചന്ദര്‍ താക്കൂര്‍ പ്രസ്തുത പരാമര്‍ശം നടത്തിയത്.

”അവര്‍ (ബി.ജെ.പി) രാജ്യത്തെ മുഴുവന്‍ ഒരു കുഴിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അത് മുസ്‌ലിം സമൂഹത്തിനാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍ക്കെങ്കിലും രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് മുസ്‌ലിം സമുദായത്തിനാണ്,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം ബി.ജെ.പി വക്താവിന്റെ ട്വീറ്റിനും ചന്ദര്‍ താക്കൂര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്‍.ആര്‍.സി പോലുള്ള വിഷയങ്ങള്‍ വന്നപ്പോള്‍ രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കൊപ്പം നിന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

”ഞാന്‍ ഒരുദാഹരണം പറയാം. എന്‍.ആര്‍.സിയുടെ പ്രശ്‌നം വന്നപ്പോള്‍, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരുവിലേക്കിറങ്ങി. വേറൊരു പാര്‍ട്ടിയും അന്ന് മുസ്‌ലിങ്ങള്‍ക്കൊപ്പം നിന്നിട്ടില്ല.

മുസ്‌ലിങ്ങളെ രാജ്യത്തുടനീളം സംരക്ഷിക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്,” ചന്ദര്‍ താക്കൂര്‍ പറഞ്ഞു.

അതേസമയം ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തില്‍ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് രണ്ടാം ഘട്ടം.

ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.ഗുജറാത്തില്‍ 182 നിയമസഭാ സീറ്റുകളാണുള്ളത്. മൊത്തം 4.9 കോടി വോട്ടര്‍മാരില്‍, 3,24,420 കന്നിവോട്ടര്‍മാരാണ്.

ആദ്യഘട്ട തെരഞ്ഞടുപ്പില്‍ 89 മണ്ഡലങ്ങളിലും, രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.

1995 മുതല്‍ ബി.ജെ.പി ഭരണത്തില്‍ തുടരുന്ന ഗുജറാത്തില്‍ വലിയ വെല്ലുവിളിയാണ് ഇത്തവണ അവര്‍ നേരിടുന്നത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇരുവര്‍ക്കും പകരം പുതിയ ബദല്‍ കൊണ്ടുവരുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.

Content Highlight: Gujarat Congress candidate says only Muslims can save the party, BJP says minority appeasement