'സൂര്യയും വിജയ്‌യും എന്നെ സര്‍ എന്നാണ് വിളിച്ചത്, അത് അവരുടെ രീതിയാണ്'; മനസ്സുതുറന്ന് ഗിന്നസ് പക്രു
Movie Day
'സൂര്യയും വിജയ്‌യും എന്നെ സര്‍ എന്നാണ് വിളിച്ചത്, അത് അവരുടെ രീതിയാണ്'; മനസ്സുതുറന്ന് ഗിന്നസ് പക്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st July 2021, 6:48 pm

കൊച്ചി: മലയാളം സിനിമാ ഇന്‍ഡസ്ട്രി അത്ര പെട്ടെന്ന് എല്ലാവരെയും അംഗീകരിക്കില്ലെന്ന് പറയുകയാണ് നടനും സംവിധായകനുമായ ഗിന്നസ് പക്രു എന്ന അജയകുമാര്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ഒരു പ്രത്യേകത എല്ലാവരെയും അങ്ങനെ അംഗീകരിക്കില്ല. ഇനി ഒരുതവണ അംഗീകരിച്ചാല്‍ അവരത് അംഗീകരിച്ചത് തന്നെയാ. പല ആര്‍ട്ടിസ്റ്റുകളും പറയും ഇവിടുത്തേക്കാള്‍ റെസ്‌പെക്ട് ലഭിക്കുന്ന ഇന്‍ഡസ്ട്രിയാണ് തമിഴ് എന്ന്.

റെസ്പക്ടില്‍ ഉപരി അവരുടെ രീതി അതാണ്. അവിടെ ചെന്നപ്പോള്‍ വിജയ് സര്‍ എന്നെ സര്‍ എന്നാണ് വിളിച്ചത്. അതുപോലെ തന്നെ സൂര്യ. അദ്ദേഹവും സര്‍ എന്നാ എന്നെ വിളിച്ചത്.

അത് അവരുടെ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ കാരണം കൊണ്ട് മലയാളം രണ്ടാം നിരയിലും തമിഴ് ഒന്നാം നിരയിലും എന്നല്ല. നമുക്കും നമ്മുടേതായ രീതിയുണ്ട്,’ അജയകുമാര്‍ പറഞ്ഞു.

ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍എന്ന ഗിന്നസ് റെക്കോര്‍ഡ് പക്രുവിന്റെ പേരിലാണ്. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലെ വേഷത്തിനാണ് ഗിന്നസ് റെക്കോര്‍ഡ് പക്രുവിനെ തേടിയെത്തിയത്.

2018 ഏപ്രില്‍ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

2013ല്‍ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമയാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights; Guinness Pakru Opens About Surya And vijay