ഗിന്നസ് പക്രുവിന് ട്രിപ്പിള്‍ ഗിന്നസ്; ഇത്തവണ നേട്ടം നിര്‍മ്മാണത്തിന്
Malayalam Films
ഗിന്നസ് പക്രുവിന് ട്രിപ്പിള്‍ ഗിന്നസ്; ഇത്തവണ നേട്ടം നിര്‍മ്മാണത്തിന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2019, 9:01 am

മൂന്നാമതും ഗിന്നസില്‍ ഇടം നേടി ഗിന്നസ് പക്രു. നടനും സംവിധായകനും പുറമെ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിര്‍മ്മാതാവെന്ന നേട്ടവും പക്രുവിനെത്തേടിയെത്തി. പുതിയ ചിത്രം ‘ഫാന്‍സി ഡ്രസ്’ ആണ് പക്രുവിനെ നേട്ടത്തിന് അര്‍ഹനാക്കിയത്.

76 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ഇദ്ദേഹം ഏറ്റവും ഉയരം കുറഞ്ഞ നായകനടനായും സംവിധായകനായും നേരത്തെ ഗിന്നസില്‍ ഇടം പിടിച്ചിരുന്നു.

അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനൊപ്പം അജയ് കുമാറും ചേര്‍ന്നാണ്. ഹ്യൂമര്‍ ത്രില്ലര്‍ എന്നാണ് അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പക്രു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഫാന്‍സി ഡ്രസി’ല്‍ ബെന്‍കുട്ടന്‍ എന്ന കഥാപാത്രത്തെയും പക്രു അവതരിപ്പിക്കുന്നുണ്ട്. ഗിന്നസ് പക്രുവിനൊപ്പം കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദ്യമഭിനയിച്ച അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തില്‍ ഇദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പക്രു എന്നായിരുന്നു. ഇതോടെ ഈ പേരില്‍ അറിയപ്പെടുകയായിരുന്നു. അത്ഭുതദ്വീപിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരത്തിനും പക്രു അര്‍ഹനായിരുന്നു.