എഡിറ്റര്‍
എഡിറ്റര്‍
മെര്‍സല്‍ വിവാദത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ചതിന് പിന്നാലെ വിശാലിന്റെ ഓഫീസില്‍ ജി.എസ്.ടി ഇന്റലിജന്‍സിന്റെ റെയ്ഡ്
എഡിറ്റര്‍
Monday 23rd October 2017 7:41pm

ചെന്നൈ: വിജയ് നായകനായ മെര്‍സലിനെതിരായ ബി.ജെ.പി ആരോപണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരിച്ച നടന്‍ വിശാലിന്റെ ഓഫീസില്‍ ജി.എസ്.ടി ഇന്റലിജന്‍സ് ഏജന്‍സിയുടെ റെയ്ഡ്. തമിഴ്നാട് വടപളനിയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി എന്ന പേരില്‍ നടന്‍ വിശാലിന്റെ ഉടമസ്ഥതയിലുള്ള ഓഫീസിലായിരുന്നു റെയ്ഡ് നടന്നത്.

മെര്‍സല്‍ ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയെയാണ് വിശാല്‍ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന താരത്തിനെതിരെ ജി.എസ്.ടി ഇന്റലിജന്‍സിന്റെ റെയ്ഡ് എന്നത് ശ്രദ്ധേയമാണ്. അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയായ തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമാണ് വിശാല്‍.


Also Read: ‘ഹാര്‍ദ്ദികിനും ജിഗ്നേഷിനും നിശബ്ദരാകാന്‍ കഴിയില്ല; ലോകത്തിലെ മൊത്തം സമ്പത്തിനു പോലും ഗുജറാത്തിന്റെ ശബ്ദത്തെ വാങ്ങാന്‍ സാധിക്കില്ല’; രാഹുല്‍ ഗാന്ധി


ചരക്കു സേവന നികുതി അടയ്ക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു റെയ്ഡ് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. താരത്തിന്റെ ബാങ്ക് അക്കൗണ്ടുകളും ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്.

അതേസമയം, വിശാല്‍ ജി.എസ്.ടി സംബന്ധിച്ച രേഖകളെല്ലാം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ചില പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisement