കാസര്‍കോഡ് വിവരാവകാശ അപേക്ഷ നല്‍കിയയാളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു
mob attack
കാസര്‍കോഡ് വിവരാവകാശ അപേക്ഷ നല്‍കിയയാളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 28th September 2018, 9:31 am

കാഞ്ഞങ്ങാട്: വിവരാവകാശ നിയമപ്രകാരം പഞ്ചായത്തില്‍ അപേക്ഷ നല്‍കിയ വ്യക്തിയെ മര്‍ദിച്ചതായി പരാതി. വേലാശ്വരം രൂപ നിവാസിലെ ടി.വിനാരായണനാണ് സംഘം ചേര്‍ന്നു വീട്ടില്‍ക്കയറി മര്‍ദിച്ചെന്ന് പരാതി നല്‍കിയിരിക്കുന്നത്. ആളുകള്‍ രാത്രി വീട്ടില്‍ക്കയറി കഴുത്തുഞെരിക്കുകയും അടിക്കുകയും ചെയ്തതായി ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്.

കാറും വീടുമുള്ളതും കുടുംബാംഗം ഗള്‍ഫിലുള്ളതുമായ കുടുംബങ്ങള്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചതിലെ റിപ്പോര്‍ട്ട് ലഭിക്കാനാണ് നാരായണന്‍ അജാനൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

ആറു വീട്ടുകാരുടെ നമ്പര്‍ സഹിതം നല്‍കിയ അപേക്ഷയില്‍ വീടിന്റെ വിസ്തീര്‍ണവും മറ്റും ചോദിച്ചിരുന്നു. ഈ മാസം ആറിനാണ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. ഇതിനുള്ള മറുപടി ഇതുവരെ കിട്ടിയില്ല. അപേക്ഷയില്‍ പറഞ്ഞ ചില വീട്ടുകാരാണ് തന്നെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതെന്ന് നാരായണന്‍ പറയുന്നു.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഉറങ്ങുകയായിരുന്ന നാരായണനെ വീട്ടില്‍ നിന്നിറക്കി ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന നാരാണന്റെ മകന്‍ ഇടപെട്ടതാണ് കൂടുതല്‍ ആക്രമണം ഒഴിവാകാന്‍ കാരണം. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയില്‍ നാരായണന്‍ ചികിത്സ തേടുകയായിരുന്നു.

സംഭവത്തെ നാരായണന്‍ വിശദീകരിക്കുന്നതിങ്ങനെ “വിവരാവകാശപ്രകാരം പഞ്ചായത്തില്‍ നിന്ന് വിവരം കിട്ടാനായി അപേക്ഷ കൊടുത്തിരുന്നു. അനധികൃതമായി കൂറേ ആളുകള്‍ ബി.പി.എല്‍ ലിസ്റ്റില്‍ കയറികൂടുകയും അര്‍ഹതപ്പെട്ട ആളുകള്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. ഇത് നിയമപരമായി നേരിടണമെന്നുള്ളത് കൊണ്ടാണ് പഞ്ചായത്തിലേക്ക് അപേക്ഷ കൊടുത്തത്. വിവരം എനിക്ക് നല്‍കുന്നതിന് പകരം വിവരാവകാശ രേഖ നല്‍കിയ കാര്യം മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കുകയും വീട്ടിലെത്തി അക്രമിക്കുകയുമായിരുന്നു.

സാമൂഹികപ്രവര്‍ത്തകനെന്ന നിലയ്ക്ക് ആളുകള്‍ക്ക് പല നിലയ്ക്കുള്ള സഹായവും ഞാന്‍ ചെയ്യാറുണ്ട്. ബി.പി.എല്‍ ലിസ്റ്റില്‍ കയറിയിട്ടുള്ളത് അനധികൃതമായ ആളുകളാണ്. ഇതില്‍ പലരും ഗള്‍ഫില്‍ ജോലിയുള്ളവരും ഇരുനില കെട്ടിടമുള്ളവരൊക്കെയാണ്. ബി.പി.എല്‍ മാത്രമല്ല അന്ത്യോദയ പോലുള്ള പദ്ധതികളുടെ ആനുകൂല്യവും ഇത്തരക്കാര്‍ കൈപറ്റുന്ന സാഹചര്യമുണ്ട്.” ആക്രമികളുടെ പേര് വിവരങ്ങള്‍ പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാരായണന്‍ പറയുന്നു.

സി.പി.ഐ.എം മെമ്പര്‍മാരാണ് ഈ ആനുകൂല്യം പറ്റുന്നവരെന്ന് നാരായണന്‍ പറയുന്നു. സര്‍ക്കാരിന്റെ നയപരിപാടികള്‍ നടപ്പിലാക്കേണ്ട ആളുകള്‍ തന്നെ പാവപ്പെട്ടവര്‍ക്ക് കിട്ടേണ്ട ആനുകൂല്യം കൈയടക്കി വെക്കുകയാണെന്ന് പാര്‍ട്ടി മുന്‍ അംഗം കൂടിയായിരുന്ന നാരായണന്‍ പറയുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിക്ക് രാജി നല്‍കി അംഗത്വം വെച്ചയാളാണ് താനെന്ന് നാരായണന്‍ പറയുന്നു. അടിയന്തരാവസ്ഥക്കാലത്തും മിച്ചഭൂമി സമരസമയത്തും ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാള്‍ കൂടിയാണ് ഇദ്ദേഹം.

തന്റെ വിവരാവകാശ രേഖ സംബന്ധിച്ച് അക്രമികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡെപ്യൂട്ടി കളക്ടര്‍, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കൊക്കെ പരാതി നല്‍കുമെന്ന് നാരായണന്‍ പറഞ്ഞു. ക്രമക്കേടുകള്‍ കണ്ടെത്താന്‍ നിരന്തരം വിവരാവകാശ അപക്ഷേകള്‍ നല്‍കുന്നതിനാലാണ് ഉദ്യോഗസ്ഥര്‍ തന്റെ പേര് പുറത്തു പറഞ്ഞതെന്നും നാരായണന്‍ പറയുന്നു.

ആക്രമണത്തില്‍ ഭയന്ന് പിന്നോട്ടില്ല, വിവരാവകാശ അപേക്ഷയില്‍ മറുപടി ലഭിച്ചാല്‍ ബന്ധപ്പെട്ട സപ്ലൈസ് ഓഫീസര്‍ക്ക് രേഖ സഹിതം പരാതി നല്‍കുമെന്നും എന്തടിസ്ഥാനത്തിലാണ് ബി.പി.എല്‍ അനുവദിച്ച് നല്‍കുന്നതെന്ന് മറുപടി തേടുമെന്നും നാരായണന്‍ പറയുന്നു.

അതേസമയം, വിവരാവകാശനിയമപ്രകാരം കിട്ടുന്ന അപേക്ഷകളെക്കുറിച്ചുള്ള ഒരു വിവരവും ഓഫീസില്‍നിന്നു പുറത്തുപോകില്ലെന്ന് അജാനൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വൈ ഷാജഹാന്‍ പറഞ്ഞു. ഈ അപേക്ഷയുടെ കാര്യത്തിലും മറ്റൊന്നും സംഭവിച്ചിട്ടില്ല. എങ്ങനെയാണ് ഉള്ളടക്കത്തില്‍ പറയുന്ന ആളുകള്‍ക്ക് വിവരം കിട്ടിയതെന്നറിയില്ലെന്നും സെക്രട്ടറി പറഞ്ഞു.