Administrator
Administrator
വി.എസിനെ ഏകാന്ത തടവിലിട്ട് ‘ഗ്രീഷ്മമാപിനി’ പുറത്തിറങ്ങുന്നു
Administrator
Friday 5th November 2010 10:24pm

സമര മുഖത്തുള്ള ഒരു പോരാളിയുടെ ആയുധങ്ങളെല്ലാം സമരമുന്നണിയിലെ സഹപ്രവര്‍ത്തകര്‍ തന്നെ നിര്‍വ്വീര്യമാക്കുന്നു. അടവു നയത്തിന്റെ പേരില്‍ വിപ്ലവ ശത്രുക്കളോട് അവര്‍ സന്ധി ചെയ്തിട്ടും പോരാട്ടത്തിന്റെ തീക്കനല്‍ ബാക്കിയുള്ള ആ മനുഷ്യന്‍ ഒറ്റയാള്‍ സമരം നടത്തുന്നു. ഒടുവില്‍ പോരാട്ടത്തിന്റെ എല്ലാ ചെറുമിടിപ്പുകളെയും ഇല്ലാതാക്കാനായി പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത് നേതാവിനെ ഏകാന്തവാസത്തിന് വിടുന്നു. എന്നാല്‍ തടവറ പൊട്ടിച്ചെറിഞ്ഞ് അദ്ദേഹത്തിന് പഴയ സമരങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നു.

ഇത് വി.എസ് അച്യുതാനന്ദന്റെ ജീവിത കഥയല്ല. പക്ഷെ വി.എസ് ഇല്ലായിരുന്നുവെങ്കില്‍ ഈ നോവല്‍ ഉണ്ടാകുമായിരുന്നില്ലെന്ന് എഴുത്തുകാരന്‍. അതെ വി.എസിന്റെ പോരാട്ട ജീവിതത്തിന്റെ ദുരന്തപര്യവസാനത്തെക്കുറിച്ചുള്ള നോവല്‍ ‘ഗ്രീഷ്മമാപിനി’ പുറത്തിറങ്ങുന്നു. പി.സുരേന്ദ്രന്‍ എഴുതിയ നോവല്‍ ഡി.സി ബുക്‌സാണ് പുറത്തിറക്കുന്നത്.

കേരളത്തിലെ കോര്‍പറേറ്റ്-മാഫിയ- മൂലധന ശക്തികളുടെ ചൂഷണത്തിന് വിധേയരായ ഇരകള്‍ക്ക് വേണ്ടി ശക്തമായ പ്രക്ഷോഭം എറ്റെടുത്ത വി.എസ് അച്യുതാനന്ദന്‍ സി.കെ എന്ന പേരിലാണ് നോവലിലെത്തുന്നത്. എന്നാല്‍ പോരാളിയായ സി.കെയെയല്ല നോവല്‍ അവതരിപ്പിക്കുന്നത്. പാര്‍ട്ടിയുടെ തടങ്കലില്‍ കഴിയുന്ന സി.കെയെയാണ്. പാര്‍ട്ടി അച്ചടക്കത്തിന് വിധേയമായി ഏകാന്തവാസത്തില്‍ കഴിയുന്ന സി.കെക്ക് ചിരിക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ടിരിക്കയാണ്. സി.കെ ചിരിക്കരുതെന്നാണ് പാര്‍ട്ടി നിര്‍ദേശം. എന്നാല്‍ എല്ലാവരോടും ചിരിക്കണമെന്ന് പഠിപ്പിച്ച പാര്‍ട്ടി നേതാവ് ഇടത്തുമുറിക്കല്‍ ഗോപാലന്റെ(എ.കെ.ജി) പാഠങ്ങള്‍ സി.കെക്ക് മറക്കാന്‍ കഴിയുന്നില്ല.സി.കെ ഉറക്കെ ചിരിക്കുന്നു.

വെജിറ്റേറിയനായ സി.കെ ജയിലില്‍ കഴിയുമ്പോള്‍ സഹതടവുകാര്‍ക്ക് ഇറച്ചി ലഭിക്കാന്‍ വേണ്ടി സമരം ചെയ്യുന്നുണ്ട്. ഇത് സി.കെയിലെ ജനാധിപത്യ ബോധത്തെ എടുത്ത് കാണിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ക്കായി യോഗ ക്ലാസുകള്‍ നടത്താന്‍ തീരുമാനിക്കുമ്പോള്‍ തന്റെ ലളിത ജീവിതം കൊണ്ട് യോഗിയായിത്താര്‍ന്ന സി.കെക്ക് അതിന്റെ ആവശ്യമുണ്ടാവുന്നില്ല. ഇതിനിടെ സി.കെയെ റഷ്യയിലെ സുഖവാസ കേന്ദ്രത്തിലേക്ക് കൊണ്ട് പോകാന്‍ പാര്‍ട്ടി ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ സഖാവ് അതിന് തയ്യാറാവുന്നില്ല. സ്വന്തം ജീവിതം സുഖകരമാക്കുന്നതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പഠിച്ചത് ഇത്തരം സുഖവാസ കേന്ദ്രങ്ങളില്‍ നിന്നാണെന്നാണ് സി.കെ കരുതുന്നത്. എന്തിന്, റഷ്യയില്‍ കമ്മ്യൂണിസത്തെ തകര്‍ത്ത ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയും ഉല്‍പാദിപ്പിക്കപ്പെട്ടതും ഇത്തരം സുഖവാസ കേന്ദ്രങ്ങളില്‍ വെച്ചാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

സഖാവ് സി.കെ താങ്കള്‍ ജീവിച്ചിരിപ്പില്ലേ, നിങ്ങളുടെ കണ്ണുകള്‍ അവര്‍ ചൂഴ്‌ന്നെടുത്തോ

ഒരു ഗ്രീഷ്മകാലത്ത് ആന്ധ്രയിലെ ഖമ്മമില്‍ ചേരുന്ന യോഗമാണു സി.കെയോട് ഏകാന്തവാസത്തിനു ആവശ്യപ്പെടുന്നത്. സ്മൃതിനാശം സംഭവിച്ചെന്നു കണ്ടെത്തിയായിരുന്നു നടപടി. തുടര്‍ന്നു കൊട്ടാരസദൃശ്യമായ ഭവനത്തില്‍ അതിശയിപ്പിക്കുന്ന സുഖലോലുപതയില്‍ പാര്‍ട്ടി ഇദ്ദേഹത്തെ തടങ്കിലിടുന്നു. പോരാട്ടത്തക്കുറിച്ചുള്ള എല്ലാ ഓര്‍മ്മകളും, അവസാന സാധ്യതയും നശിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം.

ഏകാന്ത തടവില്‍ കഴിയുന്ന അദ്ദേഹത്തിന് പുറം ലോകവുമായി ഫോണിലൂടെയുള്ള ബന്ധം വരെ പാര്‍ട്ടി നിഷേധിക്കുന്നു. എന്നാല്‍ സി.കെയുടെ സഹായി പാര്‍ട്ടി അറിയാതെ ഒരു സിംകാര്‍ഡ് സംഘടിപ്പിച്ച് സഖാവിന് നല്‍കുന്നു. സി.കെയുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് നമ്പറും കൈമാറുന്നു. എന്നാല്‍ ഒരാഴ്ചക്കം പതിനായിരങ്ങള്‍ ആ ഫോണിലേക്ക് ബന്ധപ്പെടുന്നു. എല്ലാം അടിസ്ഥാന വര്‍ഗങ്ങളും സമര സഖാക്കളും പുറത്ത് തങ്ങളനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും സഖാവ് തുടങ്ങിവെച്ച സമരത്തെക്കൂറിച്ചും തീഷ്ണമായ ചോദ്യങ്ങള്‍ ചോദിക്കുന്നു.

‘ സഖാവ് സി.കെ താങ്കള്‍ ജീവിച്ചിരിപ്പില്ലേ, നിങ്ങളുടെ കണ്ണുകള്‍ അവര്‍ ചൂഴ്‌ന്നെടുത്തോ?. നിങ്ങളെ അവര്‍ കൊന്നു കളഞ്ഞോ?. പുറത്ത് നടക്കുന്നതൊന്നും നിങ്ങള്‍ കാണുന്നില്ലെ?. ഫോണിലൂടെ ദിവസവുമെത്തുന്ന ചോദ്യങ്ങള്‍ കേട്ട് സി.കെ കടുത്ത മാനസിക സമ്മര്‍ദത്തിന് അടിപ്പെടുന്നു. മൂലമ്പള്ളി, ചെങ്ങറ, കിളിരൂര്‍, പോരാട്ടഭൂമികളില്‍ നിന്നുമുള്ള നിലവിളികള്‍ അദ്ദേഹത്തിന്റെ കര്‍ണപുടത്തെ തകര്‍ക്കുന്നു. ഈ ചോദ്യങ്ങള്‍ സി.കെയെ ക്ഷുഭിതനാക്കുന്നു. സ്വയം ശപിക്കുന്നു.

അതിനിടെ കൂത്ത് പറമ്പ് പോരാട്ട സമയത്ത് വെടിയേറ്റ് തളര്‍ന്ന ഒരു സഖാവും സി.കെയെ വിളിക്കുന്നു. ‘സഖാവിന് ഓര്‍മ്മശക്തി നഷ്ടപ്പെട്ടുവെന്നാണ് പാര്‍ട്ടി പറയുന്നത്. താങ്കള്‍ ഭാഗ്യവാനാണ്. ഒന്നും ഓര്‍ക്കാതെ കഴിയാമല്ലോ. എന്റെ ഓര്‍മ്മ ശക്തിയും നഷ്ടപ്പെട്ടിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. ഞാന്‍ വെടിയേറ്റ് തളര്‍ന്നത് കൂത്തു പറമ്പില്‍ അന്ന ചെങ്കൊടിയേന്തിയത് കൊണ്ടാണ്. അന്ന് സ്വാശ്രസ്ഥാപനങ്ങള്‍ക്കെതിരെ ഞങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പാര്‍ട്ടിയിപ്പോള്‍ കയ്യൊഴിഞ്ഞിരിക്കയാണ്. സ്വാശ്രയ കോളജുകള്‍ മാഫിയകള്‍ക്ക് വിട്ടുകൊടുക്കേണ്ടെന്ന് പറഞ്ഞ് പാര്‍ട്ടി തന്നെ സ്വാശ്രയ സിദ്ധാന്തത്തിന്റെ വക്താക്കളായി. ഇപ്പോഴവര്‍ കൂത്ത് പറമ്പ് രക്തസാക്ഷികളെ മറക്കാന്‍ ശ്രമിക്കുകയാണ്. എന്നെ തേടി പാര്‍ട്ടി സഖാക്കളൊന്നും ഇപ്പോള്‍ എത്താറില്ല. ആകെ വരാറുള്ളത് അന്ന് ഞാന്‍ ഘരാവൊ ചെയ്ത എന്റെ പഴയ കോളജ് പ്രിന്‍സിപ്പല്‍ മാത്രാണ്’. സംഭാഷണങ്ങള്‍ സി.കെയെ കൂടുതല്‍ അസ്വസ്ഥനാക്കുന്നു.

ഏകാന്തവാസത്തിന് വിട്ടെങ്കിലും പാര്‍ട്ടിക്ക് സി.കെയുടെ മുഖം വേണ്ടിയിരുന്നു. അതിനവര്‍ പാര്‍ട്ടി ചാനലിലൂടെ സി.കെയെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. എല്ലാ ആഴ്ചയും പാര്‍ട്ടി എഴുതിക്കൊടുത്ത പ്രസംഗം സി.കെ ചാനലിലൂടെ വായിക്കണം. പരിപാടിക്ക് കോട്ട് ധരിക്കാന്‍ സി.കെയോട് പാര്‍ട്ടി ആവശ്യപ്പെടുന്നു. എന്നാല്‍ തന്റെ പഴയ ജുബ്ബ അഴിച്ചുവെക്കാന്‍ സി.കെ തയ്യാറാവുന്നില്ല. ജുബ്ബയുടെ മുമ്പില്‍ പാര്‍ട്ടി വഴങ്ങുന്നു.

കേരളത്തിനെ പിടിച്ചു കുലുക്കിയ രാഷ്ട്രീയ സംഭവവികാസമുണ്ടായ ഒരു ദിവസം സി.കെ ചാനലില്‍ പ്രഭാഷണത്തിനെത്തി. അന്നത്തെ സംഭവത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാടാണ് തനിക്ക് എഴുതി നല്‍കിയതെന്ന് കരുതി വായിക്കാന്‍ നോക്കിയപ്പോഴാണ് സി.കെ ഞെട്ടിയത്. ഫലസ്തീനിനെതിരെയുള്ള ഇസ്രായേല്‍ ആക്രമണമായിരുന്നു അന്നത്തെ പ്രസംഗ വിഷയം. സി.കെ പ്രസംഗ കടലാസ് ചുരുട്ടിയെറിഞ്ഞു. എന്നിട്ട് പണ്ട് കായല്‍ നിലങ്ങളില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്യാന്‍ താന്‍ സ്വയം വികസിപ്പിച്ചെടുത്ത സംസാര ശൈലിയില്‍ തുറന്ന് പ്രതികരിക്കുന്നു. മരണാനന്തരം ആരാധകര്‍ നടത്തുന്ന എട്ട് അനുസ്മരണപ്രസംഗങ്ങളിലൂടെയാണു കഥാപാത്രം നോവലില്‍ പൂര്‍ണനാകുന്നത്.

സി.കെ. ജയിലില്‍ പരിചയപ്പെടുന്ന ജോണ്‍ എന്ന ചെരുപ്പുകുത്തിയും പ്രധാന കഥാപാത്രമാണ്. ഇ.എം.എസിനെ കുറിച്ചുള്ള സിനിമയായ നെയ്തുകാരന്റെ തിരക്കഥാകൃത്തായ എന്‍ ശശീധരനാണ് അവതാരികയെഴുതിയത്. പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് പി.സുരേന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തയ്യാറാക്കിയത്: കെ.എം ഷഹീദ്

Advertisement