സര്‍ക്കാരുകള്‍ മാറിവരും; ഭരണഘടനയാണ് വലുതെന്ന് മോദി ഭക്തരായ ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം: കപില്‍ സിബല്‍
national news
സര്‍ക്കാരുകള്‍ മാറിവരും; ഭരണഘടനയാണ് വലുതെന്ന് മോദി ഭക്തരായ ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം: കപില്‍ സിബല്‍
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 6:46 pm

ന്യൂദല്‍ഹി: അമിത മോദി ഭക്തി കാണിക്കുന്ന സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്ക് മേല്‍ തങ്ങളുടെ നോട്ടമുണ്ടാവുമെന്നും സര്‍ക്കാരുകള്‍ മാറിവരുമെന്ന് ഇത്തരം ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“തെരഞ്ഞെടുപ്പുകള്‍ വന്നു പോവുമെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കണം. ചില സമയത്ത് ഞങ്ങള്‍ ഭരണകക്ഷികളാവും മറ്റു ചിലപ്പോള്‍  പ്രതിപക്ഷത്തും. പ്രധാനമന്ത്രിയോട് അമിത ഭക്തി കാണിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ മേല്‍ ഞങ്ങളുടെ നോട്ടമുണ്ടാവും. ഭരണഘടനയാണ് ഏറ്റവും വലുതെന്ന് ഇത്തരം ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം.” കപില്‍ സിബല്‍ പറഞ്ഞു.

സുപ്രീംകോടതി, ആര്‍.ബി.ഐ, സി.ബി.ഐ, രാജ്ഭവനുകള്‍, വൈസ് ചാന്‍സലര്‍മാര്‍, മാധ്യമങ്ങള്‍ എന്നിവയിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ കൈകടത്തലുകള്‍ക്ക് ശ്രമിക്കുന്നതായി കപില്‍ സിബല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സംവിധായകന്‍ അമോല്‍ പലേക്കറിന്റെ പ്രസംഗം തടസ്സപെടുത്താന്‍ ശ്രമിച്ച നടപടിയെയും കപില്‍ സിബല്‍ വിമര്‍ശിച്ചു. ആളുകളെ രാജ്യദ്രോഹം ആരോപിച്ച് ജയിലിലടയ്ക്കുകയും പ്രസംഗം തടസ്സപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ ഇന്ത്യയെന്നും കപില്‍ സിബല്‍ പറഞ്ഞു.