എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തും; ജനങ്ങളുടെ ചിന്താശക്തി ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; പ്രഭാത് പട്‌നായിക്
national news
എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തും; ജനങ്ങളുടെ ചിന്താശക്തി ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; പ്രഭാത് പട്‌നായിക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th February 2023, 10:57 am

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യം നീങ്ങുന്നത് ഫാസിസ്റ്റ് ഭരണത്തിലേക്കെന്ന് രാഷ്ട്രീയ നിരീക്ഷകനും നയതന്ത്രജ്ഞനുമായ പ്രഭാത് പട്‌നായിക്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരാമര്‍ശിക്കുന്നത് പോലും ഇന്ന് കുറ്റകൃത്യമായി മാറിക്കഴിഞ്ഞു. സ്വതന്ത്രമായി ചിന്തിക്കുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തുകയാണ് സര്‍ക്കാര്‍.

മനുഷ്യര്‍ സ്വതന്ത്രമായി ചിന്തിക്കുക എന്നത് ഒഴിവാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇത് തന്നെയാണ് ഫാസിസത്തിന്റെ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘മനുഷ്യര്‍ സ്വയം ചിന്തിക്കുന്നത് ഒഴിവാക്കുക എന്ന ആശയമാണ് അര്‍ബന്‍ നക്‌സല്‍ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. ഇതു തന്നെയാണ് ഫാസിസ്റ്റുകളുടെ ആവശ്യവും. സായിബാബ ഗ്രാംസ്കി ഉള്‍പ്പെടെയുള്ളവരുടെ വിഷയമെടുത്താലും ഇത് തന്നെയാണ് അവസ്ഥ. ചിന്തകളെ ഒഴിവാക്കുക, ഇല്ലാതാക്കുക.

ഇത്തരത്തില്‍ ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു സമൂഹത്തിന് ഒരിക്കലും സ്വതന്ത്രമായി നിലനില്‍ക്കാന്‍ സാധിക്കില്ല. അവര്‍ക്ക് ചിന്തകളെ കടമെടുക്കേണ്ടി വരും. ഇവിടെയാണ് ഫാസിസത്തിന്റെ വളര്‍ച്ച,’ പ്രഭാത് പട്‌നായിക് പറഞ്ഞു.

അര്‍ബന്‍ നക്‌സലുകള്‍ എന്ന് ബുദ്ധിജീവികളെ വിശേഷിപ്പിക്കുന്നതിന് പിന്നില്‍ ജനങ്ങളില്‍ അവര്‍ക്കെതിരായ വികാരമുണ്ടാക്കിയെടുക്കുക എന്നതാണ്. ഇത്തരം ആരോപണങ്ങള്‍ പ്രചരിക്കുന്നതോടെ രാജ്യം ഭീഷണി നേരിടുന്നു എന്ന തരത്തിലുള്ള പരാമര്‍ശങ്ങളും അധികരിക്കും. ഇതോടെ തൊഴിലില്ലായ്മ, വിലക്കയറ്റം പോലുള്ള, മോദി സര്‍ക്കാരിന്റെ കാലത്ത് പാരമ്യതയിലെത്തിയ മറ്റ് വിഷയങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെയാകുമെന്നും അദ്ദേഹം പറഞ്ഞു.

‘എന്തിനധികം, ഇന്നത്തെ കാലത്ത് ഇത്തരം വിഷയങ്ങളെ കുറിച്ച് വെറുതെ സംസാരിക്കുന്നതിന് പോലും രാജ്യദ്രോഹമാണ് കേസ്. പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നവര്‍ അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തപ്പെടും. വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള സൗകര്യപ്രദമായ ഒരു വാക്ക് മാത്രമാണ് സര്‍ക്കാരിനിത്.

മുംബൈയിലെ സബര്‍ബനില്‍ സി.പി.ഐ.എം ഓഫീസിനോട് ചേര്‍ന്ന് താമസിക്കാന്‍ തീരുമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയുടെ മെഡിക്കല്‍ ജാമ്യം റദ്ദാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചതില്‍ നിന്ന് തന്നെ സര്‍ക്കാരിന്റെ മാനസികാവസ്ഥ വ്യക്തമാണ്. സര്‍ക്കാരിനെ സംബന്ധിച്ച് സാമൂഹ്യ പ്രവര്‍ത്തകനെന്നോ പ്രതിപക്ഷ പാര്‍ട്ടിക്കാരനെന്നോ സി.പി.എം എന്നോ മാവോയിസ്റ്റ് എന്നോ ഒന്നുമില്ല. അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍, അര്‍ബന്‍ നക്‌സലുകള്‍, അത്ര മാത്രമേയുള്ളൂ,’ പട്‌നായിക് കൂട്ടിച്ചേര്‍ത്തു.

ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തിന് പ്രധാനപ്പെട്ടതാണ്. ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീമ കൊറേഖാവ് കേസില്‍ ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട് തെറ്റായിരുന്നുവെന്നും പട്‌നായിക് പറഞ്ഞു.

‘ഒരു വ്യക്തി ഏതെങ്കിലും തരത്തില്‍ രാജ്യത്തെ നിയമത്തിനെതിരായി പ്രവര്‍ത്തിച്ചു എന്ന് ആരോപിക്കുന്നതിന് മുന്‍പ് ആ സംഭവവുമായി ബന്ധപ്പെട്ട സത്യസന്ധമായ തെളിവുകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. പക്ഷേ ഭീമ കൊറേഖാവ് കേസില്‍ അതൊന്നും സംഭവിച്ചില്ല. മഹാത്മാ ഗാന്ധിയെ ബ്രിട്ടീഷുകാര്‍ തുറങ്കിലടച്ചതിനേക്കാള്‍ കൂടുതല്‍ കാലം ഭീമ കൊറേഖാവ് കേസില്‍ അറസ്റ്റിലാക്കപ്പെട്ടവര്‍ വിചാരണ പോലും നേരിടാതെ ജയിലില്‍ കഴിഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കമ്പ്യൂട്ടറുകളില്‍ നിന്ന് കണ്ടെടുത്തു എന്ന് പറയപ്പെടുന്ന രേഖകള്‍ മറ്റാരോ സ്ഥാപിച്ചതാണെന്ന് യു.എസ് കമ്പ്യൂട്ടര്‍ ഫോറന്‍സിക് സര്‍വീസ് സ്ഥാപനമായ ആഴ്‌സണല്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതൊന്നും സര്‍ക്കാരോ രാജ്യത്തെ നിയമസംവിധാനങ്ങളോ ചെവികൊണ്ടില്ല. ഈ രാജ്യത്ത് വിപ്ലവമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്നതല്ല തെറ്റ്. മറിച്ച് ഏതെങ്കിലും തരത്തില്‍ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Govt using the term Urban Naxal to terrorize intellectuals says Prabhat Patnaik