എഡിറ്റര്‍
എഡിറ്റര്‍
ലോട്ടറി: മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെതിരെ പുനപരിശോധനാ ഹരജി നല്‍കി
എഡിറ്റര്‍
Sunday 14th September 2014 12:47pm

lottory

തിരുവനന്തപുരം: ലോട്ടറി കേസില്‍ കേരളം സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കി. ലോട്ടറി കമ്പനിയായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് ലൈസന്‍സ് നല്‍കുന്ന കാര്യം പുനപരിശോധിക്കണമെന്ന ഉത്തരവിനെതിരെയാണ് ഹരജി.

സിക്കിം ലോട്ടറികളുടെ വില്‍പ്പന നിരോധിക്കണമെന്ന ആവശ്യവും ഹരജിയില്‍ അറിയിച്ചിട്ടുണ്ട്. സിക്കിം ലോട്ടറിയുടെ വിതരണാവകാശം മേഘയ്ക്കില്ലെന്നും സര്‍ക്കാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോട്ടറി നിയമം ലംഘിച്ചതിനാല്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഉടമകള്‍ക്ക് പാലക്കാട് വാണിജ്യ നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ 2006ല്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ മേഘാ ഡിസ്ട്രബ്യൂട്ടേഴ്‌സ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ വാണിജ്യ നികുതി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഈ വിധി സുപ്രീം കോടതിയും ശരിവെച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ജൂലൈ 30ന് ഹരജി തള്ളുകയായിരുന്നു.

സാന്റിയാഗോ മാര്‍ട്ടിന്‍ പ്രമോട്ടറായ സിക്കിം സര്‍ക്കാരിന്റെ ലോട്ടറി മാത്രമായി നിരോധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളിയത്.

നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് രജിസ്‌ട്രേഷന് അപേക്ഷ സമര്‍പിച്ചാല്‍ അതിനനകൂലമായി നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊള്ളേണ്ടി വരുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേരളം പുനപരിശോധനാ ഹരജി നല്‍കിയത്.

Advertisement