വ്യാജവാര്‍ത്ത തടയുന്നതിനും പ്രചരിപ്പിക്കുന്നതിനും പൊലീസ് സംഘത്തെ നിയോഗിക്കുന്നത് ആശങ്കാജനകമെന്ന് മനോരമ
Kerala News
വ്യാജവാര്‍ത്ത തടയുന്നതിനും പ്രചരിപ്പിക്കുന്നതിനും പൊലീസ് സംഘത്തെ നിയോഗിക്കുന്നത് ആശങ്കാജനകമെന്ന് മനോരമ
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 9:42 am

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിനെതിരായുള്ള അധികാര ശക്തികളുടെ ഇടപെടല്‍ അപകടകരമാണെന്നു മനോരമ എഡിറ്റോറിയല്‍. വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതിനും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാന തല പൊലീസ് സംഘം രൂപീകരിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത് പൊതു സമൂഹത്തിന്റെയും മാധ്യമ സമൂഹത്തിന്റെയും പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിരിക്കുകയാണെന്നും മലയാള മനോരമ എഡിറ്റോറിയല്‍ പറയുന്നു.

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടുവേണം സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അളക്കാനെന്നും മനോരമ എഡിറ്റോറിയല്‍ പറയുന്നു. ” ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭരണവുമായി ബന്ധപ്പെട്ട അഴിമതികളുടെ വാര്‍ത്തകള്‍ പുറത്തുവരുന്ന സമയമാണിത്.

അപ്രിയ സത്യങ്ങള്‍ തുടര്‍ച്ചയായി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ സ്വാഭാവികമായും സര്‍ക്കാരും ഭരണമുന്നണിയും അസ്വസ്ഥരും പ്രകോപിതരുമാണ്. അതുകൊണ്ട് വ്യാജവാര്‍ത്തകള്‍ തടയുക എന്ന പേരില്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്തകളെ തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മനോരമ പറയുന്നു.

വ്യാജവാര്‍ത്തകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിര്‍വചനം അവ്യക്തമാണെന്നും വാര്‍ത്തകള്‍ തടയുന്നതിനുള്ള അംഗീകാരം പൊലീസിന് നല്‍കിയത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മനോരമ കൂട്ടിച്ചേര്‍ത്തു.

വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. അഭിപ്രായ സ്വതന്ത്ര്യം തടയാന്‍ രാജ്യദ്രോഹ നിയമം ഉപയോഗിക്കുകയാണെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നെന്നും മുഖപ്രസംഗത്തില്‍ മനോരമ വ്യക്തമാക്കുന്നു.

അടിയന്തിരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിനെതിരെയും ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ ശക്തമായി എതിര്‍ത്ത ഇടതുപക്ഷത്തിന്റെ സര്‍ക്കാരാണ് ഇപ്പോള്‍ പൊലീസിന്റെ കയ്യിലേക്ക് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള അധികാരം വെച്ചുകൊടുക്കുന്നത് എന്നത് നിര്‍ലജമായ ഇരട്ടത്താപ്പാണെന്നും മനോരമ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Govt is trying to limit media freedom