[]തിരുവനന്തപുരം: ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെ കോവളം കൊട്ടാരം വക സ്ഥലം പ്രമുഖ വ്യവസായിയും, ആര്‍.പി ഗ്രൂപ്പ് ഉടമസ്ഥനുമായി രവി പിള്ളക്ക് സര്‍ക്കാര്‍ പോക്ക് വരവ് നടത്തി.
കൊട്ടാരത്തിന് കീഴിലുള്ള 16 ഹെക്ടര്‍ ഭൂമിയാണ് വിഴിഞ്ഞം വില്ലേജ് ഓഫീസ് നികുതി സ്വീകരിച്ച് പോക്ക് വരവ് ചെയ്തത്.
സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. കോവളം കൊട്ടാരം വക സ്ഥലം പോക്കുവരവ് നല്‍കുന്നതില്‍ തടസ്സമില്ലെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.എ.ജലീല്‍ നേരത്തെ അറിയിച്ചരുന്നു.[]
കോവളം കൊട്ടാരവും അനുബന്ധ വസ്തുവകകളും എന്ന നിര്‍വചനത്തില്‍ ഈ വസ്തു ഉള്‍പ്പെടുന്നില്ല. കൊട്ടാരത്തോട് അനുബന്ധിച്ച് നാലു ഹെക്ടര്‍ സ്ഥലം മാത്രമേ നിയമപരമായുള്ളു എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊട്ടാരവും വസ്തുക്കളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന വാദം ഹൈക്കോടതിയില്‍ സംസ്ഥാനം സ്വീകരിച്ചിരിക്കെയായിരുന്നു ഈ നിയമോപദേശം. ഏപ്രില്‍ 23നാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിയമോപദേശം നല്‍കിയത്.
കൊട്ടാരവും സ്ഥലവും സര്‍ക്കാരിനാണെന്ന് സമ്മതിച്ചാല്‍ ഹോട്ടല്‍ ഉടമയ്ക്ക് പാട്ടത്തിന് നല്‍കാമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 12 ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു.
നേരത്തെ ഐ.റ്റി.ഡി.സി.യുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോവളം കൊട്ടാരവും വസ്തുവകകളും സ്വകാര്യ സ്ഥാപനത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതുമായി ബന്ധപ്പെട്ട് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശാരദാ മുരളീധരനെതിരെ വിജിലന്‍സ് കേസുണ്ടായിരുന്നു. ഈ കേസ് അടുത്തിടെ സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേവും, അതിന്റെ അടിസ്ഥാനത്തില്‍ വ്യവാസായ പ്രമുഖന്‍ രവി പിള്ളക്ക് സര്‍ക്കാര്‍ പോക്ക് വരവ് ചെയ്ത് നല്‍കിയിരിക്കുന്നതും.
കൊട്ടാരം പാട്ടത്തിന് നല്‍കുന്നത് എതിര്‍ക്കേണ്ടെന്ന നിലപാടാണ് സി.പി.ഐ.എമ്മിന്. സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്നാണ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നത്. കൊട്ടാരം പാട്ടത്തിന് നല്‍കിയാല്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വരുമെന്നാണ് സി.പി.ഐയും നേരത്തെ അറിയിച്ചിരുന്നു.