എഡിറ്റര്‍
എഡിറ്റര്‍
ലിയാഖത് ഷായെ വഞ്ചിച്ചെന്ന് ഭാര്യ; അറസ്റ്റ് നിസ്സാരമായി കാണാനാകില്ലെന്ന് സി.പി.ഐ.എം
എഡിറ്റര്‍
Monday 25th March 2013 12:15am

ശ്രീനഗര്‍: ദല്‍ഹിയില്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടര്‍ന്ന് പിടിക്കപ്പെട്ട സയ്യിദ് ലിയാഖത് ഷായെ വഞ്ചിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ അക്തര്‍ നിസ.

Ads By Google

ഇന്ത്യന്‍ സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതിയനുസരിച്ചാണ് ഭര്‍ത്താവും താനും ഇന്ത്യയിലേക്ക് തിരിച്ചത്. പാക്കിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴിയാണ് ഇന്ത്യയിലെത്തിയത്. അതിര്‍ത്തിയില്‍ വെച്ച് സുരക്ഷാ സേനയുടെ വാഹനത്തില്‍ ഖോരഖ്പൂരിലെത്തുകയും ചെയ്തു.

വളരെ സഹതാപ പൂര്‍ണമായിരുന്നു സുരക്ഷാ സേനാംഗങ്ങള്‍ തങ്ങളോട് പെരുമാറിയത്. എന്നാല്‍ ദല്‍ഹി പോലീസ് എല്ലാം തകിടം മറിച്ചു. ദല്‍ഹിയില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ട ആളായാണ് അവര്‍ തന്റെ ഭര്‍ത്താവിനെ ചിത്രീകരിച്ചത്.

തന്റെ ഭര്‍ത്താവിനെ തീവ്രവാദിയെന്ന് ചിത്രീകരിച്ച് രാജ്യത്തെ ഒന്നാകെ കബളിപ്പിക്കുകയാണ് ദല്‍ഹി പോലീസ് ചെയ്തത്. പുനരധിവാസ പ്രകാരം സ്വസ്ഥമായ ജീവിതം ആഗ്രഹിച്ചാണ് തങ്ങള്‍ എത്തിയത്.

എന്നാല്‍ ഈ രീതിയിലാണ് പോലീസിന്റെ പെരുമാറ്റമെങ്കില്‍ ആരെങ്കിലും മടങ്ങിവരുമോ. മടങ്ങിവരാന്‍ തീരുമാനിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നു. എങ്ങനെയെങ്കിലും പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോയാല്‍ മതിയെന്നാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും ലിയാഖത്തിന്റെ ഭാര്യ അക്തര്‍ നിസ പറഞ്ഞു.

തീവ്രവാദ വഴിയിലേക്ക് പോയ യുവാക്കളെ തിരികെ കൊണ്ടുവരുന്നതിനായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടയാളാണ് ലിയാഖത്തെന്ന് ജമ്മു കാശ്മീര്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു.

ലിയാഖത്തിന്റെ അറസ്റ്റ് നിസ്സാരമായി കാണാന്‍ സാധിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന ഘടകം വ്യക്തമാക്കി. ലിയാഖത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം വെളിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വൈ തരിഗാമി ആവശ്യപ്പെട്ടു.

നിരപരാധികളായ യുവാക്കള്‍ക്ക് മേല്‍ ഇത്തരം ഗുരുതരാരോപണങ്ങള്‍ ചുമത്തപ്പെടുന്നത് മോശം പ്രവണത സൃഷ്ടിക്കും. ലിയാഖത്തിന്റെ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ലിയാഖത്തിനെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്നും തരിഗാമി ആവശ്യപ്പെട്ടു.

തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായ സയ്യിദ് ലിയാഖത് ഷാ ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ ശ്രമം നടത്തുന്നതിനിടയില്‍ പിടിയിലായെന്നായിരുന്നു ദല്‍ഹി പോലീസിന്റെ വാദം.

ഖോരഖ്പൂരില്‍ വെച്ച് പിടിയിലായ ഇയാളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ദല്‍ഹി ഗസ്റ്റ് ഹൗസില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തെന്നും പോലീസ് പറഞ്ഞിരുന്നു.

അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിലുള്ള പ്രതികാരമാണ് ദല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതിന് പിന്നിലെന്നും ദല്‍ഹി പോലീസ് ആരോപിച്ചിരുന്നു.

2010 ഒക്ടോബര്‍ 5ന് ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ച തരിഗാമിയുമായുള്ള അഭിമുഖം

കാശ്മീര്‍ സ്വയംഭരണാവകാശം മന്‍മോഹന്‍സിങ്ങിന്റെ കണ്ടുപിടുത്തമല്ല: തരിഗാമി

Advertisement