10 അതിഥികള്‍ വന്നാല്‍ 10 കാറുകള്‍ ചോദിക്കും, കുറച്ചൊക്കെ മര്യാദ വേണ്ടേ; രാജ്ഭവനില്‍ അതിഥി വാഹന വിവാദത്തില്‍ മാധ്യമങ്ങളോട് ഗവര്‍ണര്‍
Kerala News
10 അതിഥികള്‍ വന്നാല്‍ 10 കാറുകള്‍ ചോദിക്കും, കുറച്ചൊക്കെ മര്യാദ വേണ്ടേ; രാജ്ഭവനില്‍ അതിഥി വാഹന വിവാദത്തില്‍ മാധ്യമങ്ങളോട് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2022, 1:29 pm

തിരുവനന്തപുരം: രാജ്ഭവനില്‍ എത്തിയവര്‍ക്ക് സഞ്ചരിക്കാന്‍ കാറുകളില്ലെങ്കില്‍ അധിക കാറുകള്‍ ആവശ്യപ്പെടുമെന്നും ഇതില്‍ വിവാദം കാണേണ്ടതില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനിലെത്തിയ അതിഥികളോട് നടന്ന് പോകാന്‍ പറയണോയെന്നും ഗവര്‍ണര്‍ ചോദിച്ചു. വിഷയത്തില്‍ സംസാരിക്കവെ മാധ്യമങ്ങളെയും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.

കുറച്ച് മര്യാദയൊക്കെ വേണമെന്നും കുറച്ച് ബഹുമാനം കാണിക്കണമെന്നുമാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് ഗവര്‍ണര്‍ കയര്‍ത്തത്.

’10 അതിഥികള്‍ വന്നാല്‍ ഞാന്‍ 10 കാറുകള്‍ ചോദിക്കും. അതിലെന്താണ് പ്രത്യേകത. നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് എനിക്ക് അറിയില്ല.

അതിഥി ദേവോ ഭവ എന്നാണ് നമ്മള്‍ പറയാറുള്ളത്. എന്നിട്ടാണോ ഞാന്‍ കാര്‍ ആവശ്യപ്പെട്ടതിനെ കുറിച്ച് നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്,’ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

രാജ്ഭവനിലെത്തുന്ന ഗവര്‍ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് രാജ്ഭവനില്‍ നിന്ന് പൊതുഭരണവകുപ്പിന് അയച്ച കത്തായിരുന്നു പുറത്തുവന്നത്.

2021 ഒക്ടോബര്‍ 10 മുതല്‍ 2022 മാര്‍ച്ച് വരെ രാജ്ഭവനില്‍ കൂടുതല്‍ അതിഥികള്‍ എത്തുമെന്നും കൂടുതല്‍ വാഹനങ്ങള്‍ വേണമെന്നുമായിരുന്നു ആവശ്യം. ഇന്നോവയടക്കം മൂന്ന് വാഹനങ്ങള്‍ ഡ്രൈവര്‍ ഉള്‍പ്പടെ ആറ് മാസത്തേക്ക് വിട്ടുനല്‍കണമെന്നും കത്തില്‍ പറഞ്ഞിരുന്നു.