മൂന്നരക്കോടി ജനങ്ങളില്‍ 25,000 പേരാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത്, കേരളത്തിലെ ബാക്കി ജനം തനിക്കൊപ്പമെന്ന് ഗവര്‍ണര്‍
Kerala News
മൂന്നരക്കോടി ജനങ്ങളില്‍ 25,000 പേരാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത്, കേരളത്തിലെ ബാക്കി ജനം തനിക്കൊപ്പമെന്ന് ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th November 2022, 11:04 pm

ന്യൂദല്‍ഹി: എല്‍.ഡി.എഫിന്റെ രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളുണ്ട്. 25,000 പേരാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത്. ബാക്കി ജനം തനിക്കൊപ്പമെന്നും ഗവര്‍ണര്‍ പറഞ്ഞു.

എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടില്ല. ഭരണഘടനാ തകര്‍ച്ചയുണ്ടായാല്‍ ഇടപെടും. ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോള്‍ അത്തരം സാഹചര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, വമ്പിച്ച ജനപങ്കാളിത്തത്തോടെയാണ് രാജ്ഭവന്‍ മാര്‍ച്ചും അനുബന്ധ സമര പരിപാടികളും നടന്നത്. രാജ്ഭവന് ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് ഇടതുമുന്നണി പ്രതിരോധ മാര്‍ച്ചിന് തുടക്കം കുറിച്ചത്.

വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പത്തരയോടെ മ്യൂസിയം ജംഗ്ഷനില്‍ നിന്നും പ്രകടനമായി രാജ്ഭവനിലേക്ക് എത്തുകയായിരുന്നു. രാജ്ഭവന് മുന്നില്‍ തയ്യാറാക്കിയ താല്‍ക്കാലിക വേദിയില്‍ സീതാറാം യെച്ചൂരി, കാനം രാജേന്ദ്രന്‍, എം.വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിരോധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസരംഗത്തെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും ഈ പോരാട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളും കേരളത്തിനൊപ്പം അണിചേരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കേരളത്തിന്റെ രോഷം ഗവര്‍ണര്‍ അറിയുമെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. ശക്തമായ ജനകീയമുന്നേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തുറന്നടിച്ചു. കേരള സര്‍വകലാശാലയുടെ ആദ്യ ചാന്‍സലര്‍ രാജാവ് ആയിരുന്നു. ഇപ്പോള്‍ ഗവര്‍ണര്‍ ഞാനാണ് മഹാരാജാവെന്ന് കരുതുകയാണെന്നും കാനം പരിഹസിച്ചു.

സമരത്തിന്റെ ഭാഗമായ എല്‍.ഡി.എഫിലെ വിവിധ കക്ഷികളുടെ അധ്യക്ഷന്മാരെല്ലാം ഗവര്‍ണക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. ഡി.എം.കെ നേതാവ് തിരുച്ചി ശിവയും സമരത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ പ്രതിരോധ മാര്‍ച്ചിനൊപ്പം ജില്ലാ തലങ്ങളിലും സമരപരിപാടികള്‍ നടന്നു

Content Highlight: Governor Arif Mohammad Khan Mock PDF Raj Bhavan March