[] ന്യൂദല്‍ഹി: ഡാറ്റ സെന്റര്‍ക്കേസില്‍ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാര്‍ നല്‍കിയ ഹരജിയെ ശക്തമായി എതിര്‍ക്കുമെന്ന് സര്‍ക്കാര്‍. നന്ദകുമാറിന്റെ ഹരജി നിയമാനുസൃതമല്ലാത്തതുകൊണ്ട് തന്നെ അതിന് പ്രസക്തിയില്ലെന്നും സര്‍ക്കാര്‍.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കൂട്ട് പിടിച്ച് ആളാവാനാണ് നന്ദകുമാറിന്റെ ശ്രമമെന്നും കോടതിയെ കച്ചവടകേന്ദ്രമാക്കി മാറ്റുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എം.ടി ജോര്‍ജ് പറഞ്ഞു.
പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ വി.എസ് കോടതിയെ സമീപിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതെന്നാരോപിച്ച നന്ദകുമാര്‍ കേസില്‍ 14ാം കക്ഷിയായി മുഖ്യമന്ത്രിയെ ചേര്‍ക്കണമെന്നു പറഞ്ഞാണ് ഹരജി നല്‍കിയിരിക്കുന്നത്.
സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് നേരിട്ട് വിശദീകരിക്കാനാണ് ഉമ്മന്‍ചാണ്ടിയെ കേസിലെ 14ാം കക്ഷി ആക്കേണ്ടത് എന്നാണ് നന്ദകുമാര്‍ പറയുന്നത്.
സി.ബി.ഐ അന്വേഷണം ഫയലില്‍ കുറിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും മുഖ്യമന്ത്രിയും എ.ജി യും പി.സി ജോര്‍ജ്ജും കൂടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സി.ബി.ഐ അന്വേഷണം എന്നുമായിരുന്നു നന്ദകുമാറിന്റെ വാദം.
ഡാറ്റ സെന്റര്‍ കേസ് 28ാം തിയ്യതി സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി നന്ദകുമാര്‍ രംഗത്ത് വന്നത്.