സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇംഗ്ലീഷ് മീഡിയമാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോവാതെ ജഗന്‍മോഹന്‍; സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു
national news
സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇംഗ്ലീഷ് മീഡിയമാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോവാതെ ജഗന്‍മോഹന്‍; സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2019, 10:27 pm

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠന മാധ്യമം ഇംഗ്ലീഷ് ആക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറാതെ ജഗന്‍മോഹന്‍ സര്‍ക്കാര്‍. പദ്ധതി നടപ്പിലാക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറായി വെട്രിശെല്‍വി ഐ.എ.എസിനെ നിയമിച്ചു.

പ്രതിപക്ഷ കക്ഷികളായ തെലുങ്കുദേശം പാര്‍ട്ടി, ജനസേന എന്നിവയില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരുമ്പോഴും പദ്ധതിയുമായി മുന്നോട്ട് നീങ്ങാനാണ് ജഗന്‍മോഹന്റെ തീരുമാനം. നേരത്തെ പ്രതിപക്ഷ നേതാക്കളായ ചന്ദ്രബാബു നായിഡുവിനും പവന്‍ കല്യാണിനും എതിരെ ജഗന്‍മോഹന്‍ രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ചന്ദ്രബാബു ഗാരു, ഏത് സ്‌കൂളില്‍ ഏത് മീഡിയത്തിലാണ് നിങ്ങളുടെ കുട്ടികള്‍ പഠിച്ചത്’ എന്നായിരുന്നു ചന്ദ്രബാബു നായിഡുവിനോടുള്ള ചോദ്യം. സമാനമായ ചോദ്യമായിരുന്നു പവന്‍ കല്യാണിനോടും ജഗന്‍മോഹന്‍ ആവര്‍ത്തിച്ചത്.

‘സര്‍, നടന്‍ പവന്‍ കല്യാണ്‍ ഗാരു, നിങ്ങള്‍ക്ക് മൂന്ന് ഭാര്യമാരുണ്ട്. നാലോ അഞ്ചോ കുട്ടികളുണ്ട്. അവര്‍ പഠിക്കുന്ന സ്‌കൂളുകളിലെ അധ്യായനഭാഷ ഏതാണ്? എന്നായിരുന്നു പവന്‍ കല്യാണിനോടുള്ള ചോദ്യം.

ഇന്നത്തെ ലോകത്തില്‍ നിങ്ങള്‍ക്ക് മത്സരിച്ച് നില്‍ക്കണമെങ്കില്‍ ഇംഗ്ലീഷ് അത്യാവശ്യമായ കാര്യമാണ്. ഈ കാരണത്താലാണ് ഇംഗ്ലീഷ് മീഡിയത്തില്‍ കുട്ടികള്‍ പഠിക്കണമെന്ന തീരുമാനം ഞാനെടുത്തത് എന്നും ജഗന്‍മോഹന്‍ പറഞ്ഞിരുന്നു.

ഒന്നാം തരം മുതല്‍ ആറാം തരം വരെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പഠനമാധ്യമം ഇംഗ്ലീഷ് ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് പത്ത് വരെ നീട്ടും വരും വര്‍ഷങ്ങളില്‍. തെലുഗുവും ഉറുദുവും എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധിത പാഠ്യഭാഷകളായിരിക്കുമെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ