വിഴിഞ്ഞം തുറമുഖ സമരം; സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ച് സര്‍ക്കാര്‍, ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത
Kerala News
വിഴിഞ്ഞം തുറമുഖ സമരം; സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ച് സര്‍ക്കാര്‍, ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th August 2022, 8:34 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരം അവസാനിപ്പിക്കാന്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് മുന്‍കയ്യെടുത്ത് സര്‍ക്കാര്‍. വിഷയത്തില്‍ നാളെ വൈകീട്ട് ചര്‍ച്ച നടത്താന്‍ ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍ സമരക്കാരെ ക്ഷണിച്ചു. സര്‍ക്കാരിന്റെ ക്ഷണം ലത്തീന്‍ അതിരൂപത സ്വീകരിച്ചു.

സമരസമിതി നേതാവും വികാരിയുമായ ജനറല്‍ യൂജിന്‍ പെരേരയുമായാണ് മന്ത്രി ഫോണില്‍ സംസാരിച്ചത്. ചര്‍ച്ചയ്ക്കുള്ള സമയവും സ്ഥലവും മന്ത്രി ആന്റണി രാജു സമരക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.

അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്നും നൂറുകണക്കിന് പേര്‍ തുറമുഖ കവാടത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

വൈദികരുടെ നേതൃത്വത്തിലാണ് തുറമുഖ കവാടത്തിലേക്ക് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയത്. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന സമരക്കാര്‍ തുറമുഖ കവാടത്തില്‍ കൊടി ഉയര്‍ത്തി. കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ സമരം.

അതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമരക്കാര്‍ക്ക് പൂര്‍ണ പിന്തുണയുമായി ഇന്ന് സമരപന്തലിലെത്തി.

ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന മത്സ്യ തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. അവരുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ പ്രശ്നപരിഹാരമുണ്ടാക്കണം. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സമരത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും, മത്സ്യത്തൊഴിലാളികളുടെ സമരം വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ തുറമുഖത്തിന് മുന്നില്‍ സമരം നടത്തുന്നത്. ശരിയായ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മാണമെന്ന് തീരദേശവാസികള്‍ പറയുന്നു. തുറമുഖ നിര്‍മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്ന് തീരദേശത്ത് ഏതാണ്ട് 500ഓളം വീടുകള്‍ കടലെടുത്തെന്നും സമരക്കാര്‍ ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാന്‍ നടപടി എടുക്കുക തുടങ്ങി ഏഴ് അടിസ്ഥാന ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നത്.

Content Highlight: Government invites Vizhinjam port protesters for discussing the issues