സര്‍ക്കാര്‍ ക്ഷണിച്ചു; മോഹന്‍ലാല്‍ പങ്കെടുക്കും
kERALA NEWS
സര്‍ക്കാര്‍ ക്ഷണിച്ചു; മോഹന്‍ലാല്‍ പങ്കെടുക്കും
ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2018, 7:52 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ചടങ്ങിലെ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ഔദ്യോഗികമായി സര്‍ക്കാര്‍ ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ചതായി മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനെ അറിയിച്ചു.

മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ അരങ്ങേറിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രി എ.കെ ബാലനുമായും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ആഗസ്റ്റ് എട്ടിനു നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങിലേയ്ക്ക് മോഹന്‍ലാല്‍ ക്ഷണം സ്വീകരിച്ചതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read:  സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത് പൂര്‍ണ ബോധ്യത്തോടെ!സജിതാ മഠത്തില്‍ സംസാരിക്കുന്നു

കനകക്കുന്ന് നിശാഗന്ധിയിലാണ് പരിപാടി നടക്കുക. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്കു മോഹന്‍ലാലിനെ മന്ത്രി ബാലന്‍ ക്ഷണിച്ചിരുന്നു. അന്ന് ഒടിയന്‍ സിനിമയുടെ ചിത്രീകരണത്തിരക്കിലായിരുന്നു. അടുത്ത വര്‍ഷം വരാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണു വീണ്ടും ക്ഷണിച്ചത്.

മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന 107 പേര്‍ മുഖ്യമന്ത്രിക്ക് ഭീമഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ഭീമഹരജിക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആറു ചലച്ചിത്ര സംഘടനകള്‍ കത്തു നല്‍കിയിരുന്നു.

കേരള ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചന്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.രഞ്ജിത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ഫിയോക് ജനറല്‍ സെക്രട്ടറി എം.സി.ബോബി, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍, അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരാണു കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.