എഡിറ്റര്‍
എഡിറ്റര്‍
‘നിധീഷിന് പഠിക്കാം’; ദളിത് വിദ്യാര്‍ത്ഥി നിധീഷിന് ഉപരിപഠനത്തിന് 21 ലക്ഷം ധനസഹായം നല്‍കി സര്‍ക്കാര്‍
എഡിറ്റര്‍
Thursday 10th August 2017 9:12pm

തിരുവനന്തപുരം: പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശത്ത് പോയി പഠിക്കാനുള്ള സര്‍ക്കാര്‍ ഫെലോഷിപ്പിന്റെ മെറിറ്റ് മാനദണ്ഡങ്ങള്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഭാവി തന്നെ ആശങ്കയിലായ ദളിത് വിദ്യാര്‍ത്ഥിയ്ക്ക് സര്‍ക്കാരിന്റെ സഹായം.

ജര്‍മ്മനിയിലെ ഗോട്ടിങ്കന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ദളിത് വിദ്യാര്‍ത്ഥി നിധീഷ്.കെ.സുന്ദറിന് പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ഇരുപത് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരം രൂപയുടെ ധനസഹായം അനുവദിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.

നിധീഷിന്റെ അവസ്ഥ നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തുക വകുപ്പ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഈ തീരുമാനം പ്രഖ്യാപിച്ചത്.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിധീഷ് കെ സുന്ദറിന് ജര്‍മനിയില്‍ പഠിക്കുവാന്‍ ഇരുപത് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരം രൂപയുടെ ധനസഹായം അനുവദിച്ചു.
ജര്‍മനിയിലെ Gottingen യൂണിവേഴ്‌സിറ്റിയില്‍ Master Program Modern Indian Studies എന്ന കേഴ്‌സിന് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിധീഷ് കെ സുന്ദറിന് പഠനസഹായമായി ഇരുപത് ലക്ഷത്തി തൊണ്ണൂറ്റി ഒമ്പതിനായിരം രൂപ കേരള സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് (10.08.2017) നല്‍കുകയുണ്ടായി.
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിദേശ പഠനങ്ങള്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് വരുന്നുണ്ട്. രാജ്യത്ത് ഇല്ലാത്ത കോഴ്‌സുകള്‍ക്കോ, പ്രഗല്‍ഭമായ സര്‍വകലാശാലകള്‍ നടത്തുന്ന സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകള്‍ക്കോ മാത്രമാണ് ഇങ്ങനെ ധനസഹായം അനുവദിക്കുന്നത്. അപേക്ഷകള്‍ വരുന്ന മുറയ്ക്ക് വകുപ്പ് തല പരിശോധനകള്‍ക്ക് ശേഷം മാത്രം തുക അനുവദിക്കുന്ന രീതിയാണ് ഇതുവരെ തുടര്‍ന്ന് പോരുന്നത്.
വിദേശപഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികള്‍ മുന്‍കൂറായി സര്‍ക്കാര്‍ അനുമതിക്ക് അപേക്ഷിച്ച് പോകുന്ന പക്ഷം സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനകള്‍ കാലവിളംബമില്ലാതെ നല്‍കുവാനും അതുവഴി വിദേശത്ത് പോകുമ്പോള്‍ തന്നെ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനും മറ്റ് പ്രയാസങ്ങള്‍ ഒഴിവാക്കുവാനും കഴിയും. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുവാന്‍ ആവശ്യമായ മാനദണ്ഡം ആവിഷ്‌കരിക്കണമെന്ന് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിധീഷ് കെ സുന്ദറിന്റെ അപേക്ഷ പരിഗണിക്കുന്നതിന് വകുപ്പ് തലത്തില്‍ ബോധപൂര്‍വ്വമായ കാലതാമസം വന്നിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുകയും ഉദ്യോഗസ്ഥതല വീഴ്ചയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും.
ഇപ്പോള്‍ അനുവദിച്ച തുക എത്രയും പെട്ടെന്ന് നിധീഷിന് എത്തിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുവാനും വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement