ഫേസ്ബുക്കില്‍ രാഷ്ട്രീയ പോസ്റ്റ് ലൈക്ക് ചെയ്തതിന് സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍
kERALA NEWS
ഫേസ്ബുക്കില്‍ രാഷ്ട്രീയ പോസ്റ്റ് ലൈക്ക് ചെയ്തതിന് സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍
ന്യൂസ് ഡെസ്‌ക്
Saturday, 6th April 2019, 2:00 pm

തൃശൂര്‍: ഫേസ്ബുക്കില്‍ രാഷ്ട്രീയ പോസ്റ്റ് ലൈക്ക് ചെയ്തതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലയിലെ പൊതുമരാമത്ത് വകുപ്പ്, കെട്ടിട വിഭാഗം കുറ്റിപ്പുറം സെക്ഷന്‍ ഓഫീസിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ കെ. പി മനോജ്കുമാറിനെയാണ് ഇന്നലെ സര്‍വീസില്‍നിന്നു സസ്‌പെന്റ് ചെയ്തത്.

മനോജ്കുമാര്‍ നവമാധ്യമം വഴി രാഷ്ട്രീയ പ്രചരണം നടത്തിയതായി കണ്ടെത്തിയിരിക്കുന്നെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളില്‍ രാഷ്ട്രീയ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തരുതെന്ന പെരുമാറ്റ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ലംഘച്ചിരിക്കുകയാണെന്നും അതിനാല്‍ മനോജ് കുമാറിനെ അച്ചടക്ക നടപടിക്ക് വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

രണ്ട് ദിവസം മുന്‍പ് ദേശാഭിമാനിയില്‍ ഒരു വാര്‍ത്ത സുഹൃത്തുക്കള്‍ അയച്ചു തന്നിരുന്നെന്നും താന്‍ ജയരാജനെ അവഹേളിക്കാന്‍ പ്രചരണം നടത്തുന്നു എന്ന് പറഞ്ഞായിരുന്നു ആ വാര്‍ത്തയെന്നും അതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ലഭിച്ചതെന്നും മനോജ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജയരാജനെ അപമാനിക്കുന്ന ഒരു പോസ്റ്റും ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സസ്‌പെന്‍ഡ് ചെയ്തതിന്റെ കാരണം മനസിലാകുന്നില്ലെന്നും
മനോജ് പറഞ്ഞു.

“ഇത്തരത്തിലൊരു വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ എന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കി. എന്റെ ഫേസ്ബുക്ക് ഭാര്യയും മക്കളും എല്ലാം ഉപയോഗിക്കാറുണ്ട്. അവര്‍ നോക്കിയ സമയത്ത് കൈ തട്ടിപ്പോകുകയോ മറ്റോ ചെയ്തിരുന്നോ എന്ന് പരിശോധിച്ചു. എന്നാല്‍ ഫെബ്രുവരി 25 ശേഷം ജയരാജനെ പറ്റിയുള്ള ഒന്നും ഞാന്‍ ഷെയര്‍ ചെയ്യുകയോ പോസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ല.


നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ സ്വത്തുക്കള്‍ മറച്ചുവെച്ചു: അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി


ജയരാജന്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അദ്ദേഹത്തിനെതിരെ 10 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നുള്ള ഏഷ്യാനെറ്റിന്റെ ഒരു ന്യൂസ് വീഡിയോ ഞാന്‍ ഫേസ്ബുക്കില്‍ കണ്ടിരുന്നു. എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ്.

ആ വീഡിയോ ഞാന്‍ അത് ലൈക്ക് അടിച്ചതാണോ അതോ ലൈക്ക് ആയതാണോ എന്നറിയില്ല. ലൈക്ക് അടിച്ചതായിട്ട് കാണുന്നുണ്ട്. ടിവി ന്യൂസ് കണ്ടപ്പോള്‍ നോക്കിയതാണ്. സാധാരണ ടിവി ന്യൂസ് ഫേസ്ബുക്കില്‍ കാണാറില്ല. ഇതെന്തോ ഭാഗ്യക്കേടുകൊണ്ട് കണ്ടുപോയി. അത് ലൈക്കാവുകയും ചെയ്തു.

ആ റിപ്പോര്‍ട്ടില്‍ പക്ഷേ ജയരാജന്‍ സമര്‍പ്പിച്ച വിവരം എന്നതിലുപരിയായി ഒന്നും ഇല്ല. അതല്ലാതെ ജയരാജനെ അപമാനിക്കുന്നതോ അവഹേളിക്കുന്നതോ ആയ ഒരു പോസ്റ്റും ഞാന്‍ ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ ചെയ്തിട്ടില്ല.”- മനോജ് പറയുന്നു.

സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ അവര്‍ പ്രത്യേകിച്ച് വിശദകരണമൊന്നും നല്‍കിയിട്ടില്ല. വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഞാന്‍ രാഷ്ട്രീയ പ്രചരണം നടത്തിയെന്നാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നത്. ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയെ കുറിച്ച് അറിയാന്‍ വേണ്ടി എന്‍.ജി.ഒ യൂണിയന്‍ നേതാക്കളുമായും മറ്റും ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടായിരിക്കാം ആ പദം മാറിയത്.

സര്‍വീസില്‍ വരുന്നതിന് മുന്‍പ് യുവജനരാഷ്ട്രീയത്തിലൊക്കെ താന്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ സര്‍വീസില്‍ എത്തിയ ശേഷം സജീവരാഷ്ട്രീയത്തില്‍ ഇല്ലെന്നും മനോജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിച്ചു എന്ന പേരില്‍ ഒരു ജീവനക്കാരനെ പിണറായി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നെന്നും ഫേസ്ബുക്കില്‍ ഒരു രാഷ്ട്രീയ പോസ്റ്റ് ലൈക്കു ചെയ്തതാണ് അധികാരി വര്‍ഗത്തെ ചൊടിപ്പിച്ചതെന്നും നിരൂപകനും രാഷ്ട്രീയ നിരീക്ഷനുമായ ഡോ. ആസാദ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.

“”സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യത്തെ പൗരന്മാരാണെന്നും തൊഴില്‍ ഏതാണെന്നതിന്റെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശം അല്ലാതായി മാറില്ലെന്നും ഒരു സന്ദര്‍ഭത്തില്‍ കോടതിപോലും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. പുരോഗമന രാഷ്ട്രീയത്തിന്റെ അവകാശികള്‍ക്ക് ഇപ്പോള്‍ അഭിപ്രായപ്രകടനങ്ങളെ ഭയമായിരിക്കുന്നു.

നമ്മുടെ നാട്ടില്‍ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയം പറയുന്നതു നാം കേള്‍ക്കില്ല. കേള്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കില്ല. ആര്‍ക്കും പരാതിപ്പെടാം. നടപടി ഉറപ്പ്. കണ്ണും കാതും തുറന്നുവെച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്താം.

അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, ജനാധിപത്യ ജീവിതം എന്നൊക്കെ മുദ്രാവാക്യം വിളിച്ചവര്‍ കണ്ണും കാതും കെട്ടി ഭരിക്കാന്‍ തീരുമാനിച്ചതാവണം. ഫാഷിസം എന്നത് പുരോഗമന ഇടതുപക്ഷ പായ്ക്കറ്റില്‍ വിതരണത്തിനെത്തുകയാണ്. തെരഞ്ഞെടുപ്പു നേരത്തുതന്നെ അതു ബൂത്തുതോറും നല്‍കിയിരിക്കും. നേരത്തേ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കൈവെച്ചപ്പോഴുണ്ടായ പുകിലുകള്‍ മറന്നു കാണുമല്ലോ. അല്ലേ?

പൗരന്മാരുടെ മൗലികാവകാശം ഹനിക്കാന്‍ ഒരു ഭരണാധികാരിക്കും അവകാശം നല്‍കുന്നില്ല ജനാധിപത്യം. അതാരും മറക്കേണ്ട. പകപോക്കലുകള്‍ അതിരു കടക്കരുത്. മനോജ് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണം””- അദ്ദേഹം ആവശ്യപ്പെട്ടു.