എഡിറ്റര്‍
എഡിറ്റര്‍
സോണിയയുടെ വിദേശയാത്രയ്ക്കും ചികിത്സയ്ക്കും പണം മുടക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 3rd October 2012 3:18pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വിദേശചികിത്സയ്ക്ക് സര്‍ക്കാര്‍ പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ നവീന്‍ കുമാറിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യമന്ത്രാലയത്തിന്റെയും പാര്‍ലമെന്ററി കാര്യമന്ത്രാലയത്തിന്റെയും ഓഫീസുകളില്‍ നിന്നും വിശദീകരണം തേടിയ ശേഷമാണ് മറുപടി നല്‍കിയിരിക്കുന്നത്.

സോണിയയുടെ വിദേശയാത്രകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 1880 കോടി രൂപ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മുടക്കിയതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ആരോപിച്ചിരുന്നു.

സോണിയയുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ പണം മുടക്കിയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും മോഡി പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയത്.

അതേസമയം നരേന്ദ്ര മോഡി തന്റെ യാത്രാചെലവുകളുടെ വിവരങ്ങള്‍ പുറത്ത് വിടാറില്ലെന്ന് ആരോപിച്ച് സാമൂഹികപ്രവര്‍ത്തക രംഗത്തെത്തി. സോണിയാ ഗാന്ധിയുടെ ചികില്‍സയ്ക്കും വിദേശയാത്രയ്ക്കുമായി 1800 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചെന്ന ആരോപണം മോഡി ഉന്നയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ആരോപണവുമായി സാമൂഹിക പ്രവര്‍ത്തക തൃപ്തി ഷാ രംഗത്തെത്തിയത്.

വനിതാ സമ്മേളനങ്ങളോട് അനുബന്ധിച്ച് മോഡി ചെലവാക്കിയ തുകയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവരാവകാശ കമ്മിഷന് അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ യാത്രാചെലവ് സംബന്ധിച്ച കണക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും തൃപ്തി ഷാ ആരോപിച്ചു.

2007 ജൂണ്‍ 18ന് ആണ് വിവരാവകാശ കമ്മിഷനില്‍ അപേക്ഷ നല്‍കിയത്. മോഡിയുടെയും മറ്റുമന്ത്രിമാരുടെയും വനിതാ സമ്മേളനങ്ങളില്‍ പങ്കെടുത്ത സ്ത്രീകളുടെയും അടക്കം ഭക്ഷണത്തിന്റെയും യാത്രയുടെയും ഉള്‍പ്പെടെയുളള ചെലവ് അറിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭക്ഷണത്തിന്റെയും മറ്റുപരിപാടികളുടെയും ചെലവിന്റെ കണക്ക് ലഭിച്ചെങ്കിലും യാത്രാചെലവ് അറിയാനായില്ല.-തൃപ്തി ഷാ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് യാത്രാ ചെലവ് പ്രത്യേകം പുറത്ത് വിട്ടിട്ടില്ലെന്നാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും അവര്‍ അറിയിച്ചു.

Advertisement