കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ ചുമതല ശരത് കുമാറിന്
national news
കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ ചുമതല ശരത് കുമാറിന്
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 7:59 am

ന്യൂദല്‍ഹി: വിജിലന്‍സ് കമീഷണര്‍ ശരത് കുമാര്‍ ഇടക്കാല കേന്ദ്ര വിജിലന്‍സ് കമീഷണറുടെ (സി.വി.സി) ചുമതല വഹിക്കും. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രി അധ്യക്ഷനായ തെരഞ്ഞെടുപ്പു സമിതി പുതിയ കമ്മീഷണറെ നിയമിക്കുന്നതുവരെ ഇദ്ദേഹത്തിനായിരിക്കും ചുമതലയെന്നും ഇതില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര വിജിലന്‍സ് കമീഷണര്‍ കെ.വി. ചൗധരി, വിജിലന്‍സ് കമീഷണര്‍ ടി.എം. ഭാസിന്‍ എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) തലവനായിരുന്ന ശരത്കുമാര്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 12നാണ് വിജിലന്‍സ് കമീഷണറായത്. അടുത്തവര്‍ഷം ഒക്‌ടോബറിലാണ് കാലാവധി അവസാനിക്കുക.

പുതിയ സി.വി.സിയെയും വിജിലന്‍സ് കമീഷണറെയും തെരഞ്ഞെടുക്കാനുള്ള നടപടികള്‍ പഴ്‌സനല്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സി.വി.സിയും രണ്ട് കമീഷണര്‍മാരും ചേര്‍ന്നതാണ് സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍.