എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരം ടെന്നീസ് ക്ലബില്‍ പാട്ടക്കരാര്‍ ലംഘിച്ച് കോടികളുടെ തട്ടിപ്പ്
എഡിറ്റര്‍
Thursday 6th June 2013 9:56am

tennis-club

തിരുവനന്തപുരം: തിരുവനന്തപുരം ടെന്നീസ് ക്ലബില്‍ പാട്ടക്കരാര്‍ ലംഘിച്ച്  കോടികളുടെ തട്ടിപ്പ് നടന്നതായി സര്‍ക്കാര്‍.

ടെന്നീസിന്റെ വളര്‍ച്ചയ്ക്കായി തുടങ്ങിയ സ്ഥാപനം ബാറും റസ്‌റ്റോറന്റും പ്രവര്‍ത്തിപ്പിക്കുകയും പാട്ടഭൂമി വ്യവസായികള്‍ക്കായി വിട്ടുകൊടുക്കുകയും ചെയ്തതായാണ് കണ്ടെത്തിയത്.

ടെന്നീസ് എന്ന കായിക ഇനത്തിന്റെ വളര്‍ച്ചയ്ക്കായാണ് സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയത്. എന്നാല്‍ ക്ലബ്ബിനുള്ളില്‍ ഒരു ബാറും കാന്റീനും പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Ads By Google

1955ലെ തിരുകൊച്ചി ആക്ട് പ്രകാരം രജിസ്ടര്‍ ചെയ്ത നോണ്‍ പ്രോഫിറ്റ് സ്ഥാപനമാണ് തിരുവനന്തപുരത്തെ ടെന്നീസ് ക്ലബ്ബ്.

ശാസ്തമംഗലം വില്ലേജില്‍ പെടുന്ന തിരുവനന്തപുരത്തെ നാലേക്കര്‍ ഇരുപത്തിയേഴ് സെന്റ് ഭൂമി 1950ല്‍ ആണ് സര്‍ക്കാര്‍ ടെന്നീസ് ക്ലബ്ബിന് 25 വര്‍ഷത്തെ കുത്തക പാട്ടത്തിന് നല്‍കിയത്. തുടര്‍ന്ന് അമ്പത് വര്‍ഷത്തേക്ക് കൂടി പാട്ടക്കാലാവധി നീട്ടിക്കൊടുത്തു.

എന്നാല്‍ 1995ലെ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍  ആക്ട് പ്രകാരം എല്ലാ പാട്ടക്കരാറുകളും പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കരാര്‍ പുതുക്കുന്നതിനോ കുടിശ്ശിക അടയ്ക്കുന്നതിനോ ക്ലബ്ബ് തയ്യാറായില്ല.

അനധികൃതമായി ടെന്നീസ് ക്ലബ്ബ് വന്‍തുകകള്‍ ഈടാക്കുകയും സര്‍ക്കാരിന് ഇതില്‍ നിന്ന് യാതൊരു നേട്ടവും ഉണ്ടാവാതിരിക്കുകയുമാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പാട്ടക്കരാര്‍ ലംഘച്ചതിന്റെ അടിസ്ഥാനത്തില്‍ ടെന്നീസ് ക്ലബ്ബ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

1995 മുതലുള്ള വിപണിനിരക്ക് അനുസരിച്ച്  6 കോടി 52 ലക്ഷത്തിലധികം രൂപ ക്ലബ്ബില്‍ നിന്നും ഈടാക്കണമെന്നും അല്ലാത്ത പക്ഷം ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കാട്ടി  2012 ഒക്ടോബര്‍ 9ന് സര്‍ക്കാര്‍ ഉത്തരവിറക്കി. തൊട്ട് പിന്നാലെ ജനുവരി 3ന് ഈ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് റവന്യൂ സെക്രട്ടറിയുടെ പുതിയ ഉത്തരവിറങ്ങി.

തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാകളക്ടര്‍ ടെന്നീസ് ക്ലബ്ബിന് നോട്ടീസ് നല്‍കി. എന്നാല്‍ ക്ലബ്ബ് ഇതിനെതിരെ ലാന്‍ഡ് റവന്യൂ കമ്മീഷണറെ സമീപിച്ചു. ഇരുഭാഗത്തിന്റെ വാദം കേട്ട ശേഷം സര്‍ക്കാര്‍ നടപടികള്‍ തുടരാനായിരുന്നു ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശം.

Advertisement