'പിണറായി രാജാവ്', വി.ഡി സതീശന്‍ സര്‍ക്കാരിന്റെ അടുത്ത ആള്‍; ലജ്ജ വേണം; തുറന്ന പോരുമായി ഗവര്‍ണര്‍
Kerala
'പിണറായി രാജാവ്', വി.ഡി സതീശന്‍ സര്‍ക്കാരിന്റെ അടുത്ത ആള്‍; ലജ്ജ വേണം; തുറന്ന പോരുമായി ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th January 2022, 1:59 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം വി.ഡി സതീശന്‍ സര്‍ക്കാരിന്റെ അടുത്ത ആളാണെന്നും പറഞ്ഞു.

പ്രതിപക്ഷ നേതാവിന് രാജാവിനോട് (കിംഗ്) കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാമല്ലോയെന്നായിരുന്നു പരിഹാസ സ്വരത്തില്‍ ഗവര്‍ണര്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെയാണ് രാജാവെന്ന് ഗവര്‍ണര്‍ പരിഹസിച്ചത്.

തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണെന്ന് പറഞ്ഞ ഗവര്‍ണര്‍ രാജ്യത്തിന്റെ യശ്ശസിനെ ബാധിക്കുന്ന ഒരു കാര്യവും താന്‍ വെളിപ്പെടുത്തില്ലെന്നും ആവര്‍ത്തിച്ചു. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ട്.

വളരെ വളരെ ഗുരുതരമായ കാര്യങ്ങളുണ്ടെന്നും പക്ഷെ മര്യാദ കാരണം പറയുന്നില്ലെന്നും അത്തരം കാര്യങ്ങള്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു.

മര്യാദയുടെ സീമ പാലിക്കണം എന്നാവശ്യപ്പെട്ട ഗവര്‍ണര്‍ അറിയാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചു പറയുന്നവര്‍ക്ക് അതില്‍ ലജ്ജ തോന്നണമെന്നും പറഞ്ഞു.

ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും ഡി ലിറ്റ് നല്‍കണമെന്ന് വി. സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടതെന്നും വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്‌തെന്ന് ഗവര്‍ണര്‍ സമ്മതിച്ചിട്ടുണ്ടെന്നും അങ്ങനെയുള്ള ഗവര്‍ണറെ പ്രതിപക്ഷം വിമര്‍ശിക്കുമെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്.

‘ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല. ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ വി.സിയെ വഴിവിട്ട് വിളിച്ചു വരുത്തി ഡി ലിറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. ഡി ലിറ്റ് നല്‍കണമെന്ന് വി.സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടത്. അതിന് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍ ഇരുന്ന് നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമപരമായ വഴി തേടേണ്ടിവരുമെന്നും’ വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

അതേസമയം സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. പദവിയില്‍ തുടരാനാകാത്ത ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

‘എന്നെ ആര്‍ക്കും വിമര്‍ശിക്കാം. ഞാന്‍ സ്വയം വിമര്‍ശനം നടത്താറുള്ളൊരാളാണ്. സംവാദങ്ങള്‍ ഉണ്ടാവേണ്ടത് ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം,’ ഗവര്‍ണര്‍ പറഞ്ഞു.

അസ്വാഭാവികമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡി ലിറ്റ് വിവാദത്തില്‍ സര്‍വകലാശാല ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതിന്റെ രേഖ പുറത്തുവന്നിരുന്നു. നവംബര്‍ 3ന് തന്നെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കിയിരുന്നതായി രേഖയില്‍ പറയുന്നുണ്ട്. ശോഭനയുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് ഡി ലിറ്റ് നല്‍കാനാണ് ശിപാര്‍ശയില്‍ പറയുന്നത്.

കഴിഞ്ഞയാഴ്ച സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനായിരുന്നു ഗവര്‍ണറുടെ ശിപാര്‍ശ എന്നാണ് നേരത്തെ ഉയര്‍ന്ന സൂചനകള്‍. സാധാരണ നിലയില്‍ ഓണററി ഡി ലിറ്റ് നല്‍കേണ്ടവരുടെ പേര് സിന്‍ഡിക്കേറ്റ് യോഗത്തില്‍ വി.സിയാണ് വെക്കാറ്.

ചാന്‍സലര്‍ ശിപാര്‍ശ ചെയ്‌തെങ്കില്‍ അതും പറയാം. സിന്‍ഡിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവര്‍ണറുടെ അനുമതിയോടെയാണ് ഡി ലിറ്റ് നല്‍കാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് തടഞ്ഞുവെന്നാണ് ആരോപണം. എന്നാല്‍ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശിപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നു.

ഡി ലിറ്റ് വിവാദത്തില്‍ ഇപ്പോള്‍ നടക്കുന്നത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വെളിപ്പെടുത്തേണ്ടത് ഗവര്‍ണറാണെന്നും വിഷയം പാര്‍ട്ടിയുടെയോ സര്‍ക്കാറിന്റെയോ മുന്നില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് ഗൗരവമുള്ള കാര്യങ്ങളെന്നാണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ എന്ത് കാര്യങ്ങളിലാണ് തര്‍ക്കങ്ങളുള്ളതെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം