ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala
ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടും; സമരം അവസാനിപ്പിച്ച ശേഷമേ ചര്‍ച്ചയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
ന്യൂസ് ഡെസ്‌ക്
Monday 16th April 2018 12:40pm

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ കര്‍ശനമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.സമരം അവസാനിപ്പിച്ച ശേഷമേ ഡോക്ടര്‍മാരുമായി ചര്‍ച്ചയുള്ളൂവെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അന്യയമായി പണിമുടക്ക് നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികളെ വെല്ലുവിളിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഒരുപാട് പേര്‍ക്ക് സഹായകമാകുന്ന ആര്‍ദ്രം മിഷന്‍ പദ്ധതിയെ ഡോക്ടര്‍മാര്‍ തകര്‍ക്കരുത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച ശേഷമാണ് പദ്ധതി നടപ്പാക്കിയത്. ഡോക്ടര്‍മാരോട് കൂടി ആലോചിക്കുകയും ചെയ്തിരുന്നു. ഒ.പി സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറ് മണി വരെ ആക്കിയത് ആരെയും ദ്രോഹിക്കാനല്ലെന്നും മന്ത്രി പറഞ്ഞു. സമരത്തിന് മുന്പ് നോട്ടീസ് നല്‍കണമായിരുന്നു. അതിന് പോലും തയ്യാറാവാതെ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത് ശരിയല്ല. മന്ത്രി പറഞ്ഞു.


Read Also : പ്രിയ എച്ച്.പി സംഘപരിവാറിന്റെ ഇത്തരം അജണ്ടകള്‍ക്ക് മുന്നില്‍ വീണു പോകരുത്; ദീപക് ശങ്കരനാരായണന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍


പ്രൊബേഷന്‍ കാലയളവിലുള്ള ഡോക്ടര്‍മാരെ സമരത്തിന് നിര്‍ബന്ധിക്കരുത്. പ്രൊബേഷന്‍ സമയത്ത് സമരം ചെയ്യുന്നവരെ പിരിച്ചുവിടാന്‍ കേരള സര്‍വീസ് ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടികള്‍ കൈക്കൊള്ളും. സര്‍ക്കാര്‍ ആരോടും യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ഏത് പ്രശ്‌നവും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്നും ശൈലജ വ്യക്തമാക്കി.

അതേസമയം ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സ്തംഭിച്ച അവസ്ഥയിലാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പലതും ഇതിനോടകം അടച്ചു പൂട്ടി. മെഡിക്കല്‍ കോളേജുകളിലും ജനറല്‍ ആശുപത്രികളിലും കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ വച്ചും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചുമാണ് സര്‍ക്കാര്‍ നേരിടുന്നത്.എന്നാല്‍ ഇവിടെയെല്ലാം ഒപി കൗണ്ടറുകള്‍ തുറന്നിട്ടുമില്ല. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അസാന്നിധ്യം കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നുമുണ്ട്.

സമരം നാലാം ദിവസത്തിലേക്ക് കടക്കുന്‌പോഴും ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല എന്ന നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘടന. ഒരു ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതും വൈകുന്നേരത്തെ ഒപി സമയം ദീര്‍ഘിപ്പിച്ചതിലും പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. എന്തായാലും സമരം കര്‍ശനമായി നേരിടാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട നിര്‍ദേശിച്ച സ്ഥിതിക്ക് കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും എന്ന് വ്യക്തമാണ്. പ്രോബോഷനിലുള്ള ഡോക്ടര്‍മാരെ സ്ഥലംമാറ്റുന്നതടക്കമുള്ള നടപടികള്‍ ഇന്ന് തന്നെ ഉണ്ടാവും എന്നാണ് സൂചന. അതേസമയം പ്രശ്‌നപരിഹാരത്തിനായി ഐഎംഎ അടക്കുമുള്ളവര്‍ സജീവമായി രംഗത്തുണ്ട്.

Advertisement