ബോര്‍ഡ് എക്സാമിന്റെ പേടി മാത്രമല്ലായിരുന്നു അന്നുണ്ടായിരുന്നത്; 96 ലെ ജാനുവായ കഥ പറഞ്ഞ് ഗൗരി കിഷന്‍
Entertainment
ബോര്‍ഡ് എക്സാമിന്റെ പേടി മാത്രമല്ലായിരുന്നു അന്നുണ്ടായിരുന്നത്; 96 ലെ ജാനുവായ കഥ പറഞ്ഞ് ഗൗരി കിഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st July 2021, 3:53 pm

ആദ്യചിത്രമായ ’96’ലൂടെ സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഗൗരി കിഷന്‍. ഈ ചിത്രത്തിലെ തന്റെ ഓഡീഷന്‍ അനുഭവത്തെക്കുറിച്ച് ഗൗരി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ ഒരു ഭാഗമാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.

എക്സാം സമയത്താണ് ഓഡീഷനില്‍ പങ്കെടുത്തതെന്ന് പറയുന്ന ഭാഗമാണത്. തന്റെ ബോര്‍ഡ് എക്സാം സമയത്താണ് ’96’ നുവേണ്ടിയുള്ള ഓഡീഷന്‍ കോള്‍ കാണുന്നത്.

എക്സാമിനെപ്പറ്റിയുള്ള പേടിയോടൊപ്പം സിനിമയെന്നാല്‍ എത്തിപ്പിടിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള എന്തോ ആണ് എന്നുള്ള സംശയത്തോടെയാണ് ഓഡീഷനില്‍ പങ്കെടുത്തത്. എന്നാല്‍ ഓഡീഷനില്‍ തിരഞ്ഞെടുക്കപ്പെടുകയും ജാനു ആയിമാറുകയുമായിരുന്നുവെന്ന് ഗൗരി പറയുന്നു.

’96’ന് ശേഷം ഗൗരി കിഷനും ഗോവിന്ദ് വസന്തയും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് നടിയിപ്പോള്‍. ആ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്ന കാര്യവും ഗൗരി നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

‘ഈ കോവിഡ് കാലഘട്ടത്ത് ഒരുപാട് പേര്‍ ഫിനാന്‍ഷ്യലി ആന്‍ഡ് മെന്റലി കഷ്ടപ്പെടുന്നുണ്ട്. വളര്‍ന്നുവരുന്ന നടീനടന്മാര്‍ക്ക് അത് വളരെ കൂടുതലും ആയ ഈ സാഹചര്യത്തില്‍ എന്റെ അടുത്ത ചിത്രത്തിലേക്ക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പുതുമുഖങ്ങള്‍ മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളില്‍ റിലീസാകാന്‍ പോകുന്ന ഒരു റൊമാന്റിക്- മ്യുസിക്കലാണ് ഈ പ്രോജക്ട്,’ എന്നായിരുന്നു ഗൗരി പറഞ്ഞിരുന്നത്.

എസ്. ഒറിജിനല്‍സ്, ഇമോഷന്‍ കണ്‍സെപ്റ്റ്സ് എന്നീ ബാനറുകളില്‍ സ്രുജന്‍, ആരിഫ് ഷാഹുല്‍, സുധിന്‍ സുഗതന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണുദേവാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Gouri Kishan says about her character