ജിന്‍സി ടി എം
ജിന്‍സി ടി എം
UP Election
ഗോരഖ്പൂരിലെ വിജയം എസ്.പി- ബി.എസ്.പി കൂട്ടുകെട്ടിന്റെ മാത്രം ഫലമല്ല; പ്രതിഫലിച്ചത് ബി.ജെ.പി വിരുദ്ധ വികാരം കൂടിയാണ്: കണക്കുകള്‍ ഇങ്ങനെ
ജിന്‍സി ടി എം
Wednesday 14th March 2018 5:24pm

ഗോരഖ്പൂരില്‍ ബി.ജെ.പി നേരിട്ട തകര്‍ച്ച ചെറിയതല്ല. ഗോരഖ്പൂരിലൂടെ ബി.ജെ.പി നഷ്ടമായത് ശക്തമായ വേരുള്ള, 19 കൊല്ലമായി പാര്‍ട്ടിക്കൊപ്പം മാത്രം നില്‍ക്കുന്ന മണ്ഡലമാണ്. 1989 മുതല്‍ ബി.ജെ.പിക്കൊപ്പം നിന്ന മണ്ഡലമാണ് യു.പിയിലും കേന്ദ്രത്തിലും ബി.ജെ.പി അധികാരത്തിലിരിക്കെ പാര്‍ട്ടിയുടെ കൈയ്യില്‍ നിന്നും നഷ്ടമായിരിക്കുന്നത്.

ഗോരഖ്പൂരില്‍ ഏറ്റവുമൊടുവിലായി 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ തന്നെ ഈ തകര്‍ച്ചയുടെ ആഴം മനസിലാവും.

539127 വോട്ടുകളായിരുന്നു മണ്ഡലത്തില്‍ യോഗി നേടിയത്. അതായത് ആകെവോട്ടിന്റെ 51.8% വോട്ടുകള്‍ നേടി 312783 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യോഗിയുടെ വിജയം. എസ്.പി സ്ഥാനാര്‍ത്ഥിയായ രാജ്മതി നിഷാദും ബി.എസ്.പി സ്ഥാനാര്‍ത്ഥി രാം ബുഷാല്‍ നിഷാദും നേടിയ മൊത്തം വോട്ടുകള്‍ 402756 ആണെന്നിരിക്കെയാണിത്.


Also Read: ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല; യു.പിയിലെ തെരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്ന് ഉപമുഖ്യമന്ത്രി കെ.പി മൗര്യ


 

1998 മുതല്‍ യോഗി ആദിത്യനാഥ് ഭരിച്ച ഈ മണ്ഡലം 1989 മുതല്‍ തന്നെ യോഗിയുള്‍പ്പെടുന്ന ഗോരഖ്‌നാഥ് മഠത്തിന്റെ മേധാവികളെ മാത്രം വിജയിപ്പിച്ച ഇടമാണ്. യോഗിയുടെ മുന്‍ഗാമിയായിരുന്ന മഹന്ത് അവേദ്യനാഥായിരുന്നു യോഗിക്ക് മുമ്പ് മൂന്നുതവണ ഇവിടെ ഭരിച്ചത്.

അതിനുമുമ്പ് 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 53.85% വോട്ടുകള്‍ നേടിയാണ് യോഗി ആദിത്യനാഥ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. 1989നുശേഷം രണ്ടുതവണ മാത്രമാണ് ഗോരഖ്പൂരില്‍ ബി.ജെ.പിക്ക് കനത്ത പോരാട്ടം നേരിടേണ്ടിവന്നത്. 1998ലും 1999ലും. 1998ല്‍ വെറും 26,206 വോട്ടുകള്‍ക്കാണ് യോഗി ജയിച്ചത്. 99ലാകട്ടെ 7339 വോട്ടുകള്‍ക്കും.

 

യോഗി രൂപം നല്‍കിയ ഹിന്ദു യുവവാഹിനിയെന്ന ഗുണ്ടാ സംഘത്തിന്റെ ശക്തികേന്ദ്രം കൂടിയാണ് ഈ മണ്ഡലം. ഹിന്ദു യുവവാഹിനി രൂപം കൊണ്ടതിനു പിന്നാലെ ഗോരഖ്പൂരിലും സമീപ പ്രദേശങ്ങളിലുമുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളും ആദിത്യനാഥിന് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യുകയും ചെയ്തിരുന്നു. പിന്നീടങ്ങോട്ടുള്ള കാലം യോഗിയുടെ വിജയ മാര്‍ജിന്‍ കൂടിക്കൂടി വരുന്നതാണ് കണ്ടത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഡ്രസ് റിഹേഴ്‌സല്‍ ആയാണ് ബി.ജെ.പി ഈ ഉപതെരഞ്ഞെടുപ്പിനെ കണ്ടത്. അതുകൊണ്ടുതന്നെ ഈ തിരിച്ചടി അക്ഷരാര്‍ത്ഥത്തില്‍ ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്.


Don’t Miss: ഇത് ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം; മായാവതിക്കും അഖിലേഷിനും അഭിനന്ദങ്ങള്‍: മമത ബാനര്‍ജി


 

പൊതുശത്രുവിനെ നേരിടാന്‍ ശത്രുവിന്റെ ശത്രുവിനെ കൂട്ടുപിടിക്കുകയെന്ന തന്ത്രമാണ് ബി.എസ്.പിയും എസ്.പിയും ഇവിടെ പ്രയോഗിച്ചത്. ആ തീരുമാനം ശരിയായിരുന്നുവെന്നവര്‍ തെളിയിക്കുകയും ചെയ്തു. മാര്‍ച്ച് നാലിനാണ് എസ്.പിയെ പിന്തുണയ്ക്കാനുള്ള തീരുമാനം ബി.എസ്.പി പ്രഖ്യാപിച്ചത്. അതിനു പിന്നാലെ പ്രചരണത്തിന് കൂടുതല്‍ ഊര്‍ജ്ജം കൈവരുന്നതാണ് ഗോരഖ്പൂരില്‍ കണ്ടത്.

ദളിത് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിയെന്ന ബി.എസ്.പിയുടെ തിരിച്ചറിവാണ് ഇത്തരമൊരു സഖ്യത്തിലേക്ക് അവരെ എത്തിച്ചത. ബി.എസ്.പിയുടെ പിന്തുണ എസ്.പിയുടെ പോരാട്ടവീര്യം കൂട്ടിയിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും 2014ലെ ബി.ജെ.പിയുടെയും എസ്.പിയുടെയും ബി.എസ്.പിയുടെയും വോട്ടുകണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ വിശാലസഖ്യം മാത്രമല്ല ബി.ജെ.പി ഭരണത്തിനെതിരായ വികാരം കൂടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി കാണാം.


Also Read: നാളെയൊരു സര്‍പ്രൈസ് ഉണ്ടെന്ന് ബി.എസ്.പി പറഞ്ഞിരുന്നു; യു.പി തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഉമര്‍ അബ്ദുള്ള


 

ഗോരഖ്പൂരിലെ പരീക്ഷണത്തിന്റെ വിജയം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഒരു വിശാലസഖ്യം രൂപപ്പെടാനുള്ള സാധ്യതയ്ക്ക് ബലം പകര്‍ന്നിരിക്കുകയാണ്. പ്രത്യേകിച്ച് യു.പിയിലെ പ്രകടനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാണ് എന്നിരിക്കെ.

ജിന്‍സി ടി എം
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.
Advertisement