സൈന്‍ ഔട്ട് ചെയ്താലും ഫേസ്ബുക്ക് നമ്മുടെ കംപ്യൂട്ടറില്‍ ചൊറിയും കുത്തി ഇരുന്ന് നമ്മെ ശ്രദ്ധിക്കുന്നുണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നല്ലോ നാം ശ്രവിച്ചത്. എന്നാല്‍ അതിനെക്കാള്‍ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കേട്ടു കൊള്ളുക. ആപ്പിളും ഫേസ്ബുക്കുമെല്ലാം തങ്ങളുടെ ഓരോ യൂസറുടെയും താല്‍പര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി പരസ്യങ്ങള്‍ എത്തിക്കുന്നതില്‍ വിജയിക്കുകയും അതിലൂടെ സാമ്പത്തിക ലാഭം നേടുകയും ചെയ്തതോടെ ഗൂഗിളും ആ പരിപാടിയുമായി ഇറങ്ങാന്‍ പോകുകയാണ്!
ഇപ്പോള്‍ തന്നെ ഒരോ യൂസറെയും സംബന്ധിച്ച പ്രാഥാമിക വിവരങ്ങള്‍ ഗൂഗിളിന്റെ കൈവശമുണ്ട്. എന്നാല്‍ ഇനിമുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന എല്ലാ വെബ്‌സൈറ്റുകളുടെയും വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കും. യു ട്യൂബിലും, ജി മെയിലിലും നിങ്ങള്‍ എന്തു ചെയ്യുന്നു എന്ന് ഗൂഗിള്‍ ഭൂതക്കണ്ണാടി വെച്ച് പരിശോധിക്കും. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന വെബ്‌സൈറ്റ് മാത്രമല്ലേ ഗൂഗിളിന് കാണാനാകൂ എന്ന് കരുതി ആശ്വസിക്കേണ്ട. മറ്റു സെര്‍ച്ച് എഞ്ചിനുകളില്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ പോലും ഗൂഗിള്‍ നിരീക്ഷിച്ച് റെക്കോര്‍ഡ് ചെയ്ത് വെക്കും.
ഉപഭോക്താവിനെ ഒരു നിഴല്‍ പോലെ പിന്തുടരാനുള്ള തീരുമാനം ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് ഒന്നിന് ഈ തീരുമാനം നിലവില്‍ വരുമെന്നാണ് കരുതുന്നത്. ഇത് നിലവില്‍ വന്നാല്‍ പിന്നീട് ഈ ഗൂഗിള്‍ വലയത്തില്‍ നിന്നും പുറത്തുപോകാന്‍ നിങ്ങള്‍ക്കാവില്ല.
ഉപഭോക്താക്കള്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആക്ടിവേറ്റ് ചെയ്താലോ, അക്കൊണ്ടുകളിലേക്ക് സൈന്‍ ഇന്‍ ചെയ്താലോ സെര്‍ച്ച് ടേംസ് നല്‍കിയാലോ മാത്രമേ നിങ്ങളെ പിന്തുടരാന്‍ ഗൂഗിളിനാകൂ. ഫേസ്ബുക്ക് ചെയ്യുന്നത് പോലെ നിങ്ങളുടെ കംപ്യൂട്ടറിലേക്ക് കുക്കീസുകളെ കടത്തി വിട്ട് നിങ്ങള്‍ താമസിക്കുന്ന സ്ഥലം, നിങ്ങളുടെ വ്യക്തിവിവരങ്ങള്‍, നിങ്ങള്‍ പോകുന്ന വെബ്‌സൈറ്റുകള്‍, നിങ്ങള്‍ കാണുന്ന വീഡിയോകള്‍ എല്ലാം ശേഖരിക്കാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്.
ജനങ്ങളുടെ ടേസ്റ്റിനൊത്ത പരസ്യം നല്‍കാന്‍ ഇത് ഗൂഗിളിനെ സഹായിക്കും. നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ചുള്ള ഒരു വീഡിയോ അല്ലെങ്കില്‍ ഇന്ത്യന്‍ ട്രെയിനുകളെക്കുറിച്ചുള്ള ഒരു ലേഖനം നിങ്ങള്‍ വായിക്കുകയാണെന്നിരിക്കട്ടെ. ഉടന്‍ നിങ്ങളുടെ മുമ്പില്‍ ഗൂഗിളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരസ്യക്കമ്പനികളില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. “ഓണ്‍ലൈന്‍ ടിക്കറ്റ് രജിസ്‌ട്രേഷന്‍ ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്നും ചെയ്യൂ” എന്നു പറയുന്ന ഏതെങ്കിലും കമ്പനിയുടെ പരസ്യമാകും അത്.
ശേഖരിക്കുന്ന വിവരങ്ങള്‍ പുറത്തു വിടില്ലെന്ന് പറയുന്നുണ്ടെങ്കിലും ഗൂഗിള്‍ എല്ലാ കാലത്തും അത് പാലിക്കുമെന്ന് തോന്നുന്നുണ്ടോ? ഗൂഗിളിന്റെ ഈ തീരുമാനത്തെ ഉപഭോക്താക്കള്‍ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. നിങ്ങളില്‍ എത്രപേര്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍, നിങ്ങള്‍ കാണുന്ന വീഡിയോകള്‍ ഏതൊക്കെയെന്ന് മറ്റൊരാള്‍ അറിയുന്നത് ഇഷ്ടപ്പെടും? പ്രത്യേകിച്ച് യുവാക്കള്‍….:)
ഒരു ടാബില്‍ ജി- മെയില്‍ തുറന്ന് മറ്റൊരു ടാബില്‍ വിദ്യാബാലന്റെ ചൂടന്‍ പോസുകള്‍ പരതുന്നവര്‍ കരുതിയിരിക്കുക. ഇതെല്ലാം മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ട്. ചിലരുടെ ഇ- മെയില്‍ പോലീസ് നിരീക്ഷിച്ചെന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ വാളെടുത്തവരാണ് നമ്മള്‍. ലോകത്തെ മുഴുവന്‍ ഗൂഗിള്‍ വഴി ഇവര്‍ പിന്തുടരുമ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും?