എഡിറ്റര്‍
എഡിറ്റര്‍
ഈ ഐഡിയ ക്ലിക്കാകും; ഈ ചിരിയും
എഡിറ്റര്‍
Friday 3rd November 2017 6:37pm


അബിന്‍ പൊന്നപ്പന്‍


സംവിധാനം: തോമസ്.കെ.സെബാസ്റ്റിയന്‍
തിരക്കഥ: ധ്യാന്‍ ശ്രീനിവാസന്‍
ഛായാഗ്രഹണം: അഖില്‍ ജോര്‍ജ്
നിര്‍മ്മാണം: അജാസ് ഇബ്രാഹിം


ചിരിക്കൂട്ടുകളുടെ ഗൂഢാലോചനകളുമായാണ് ധ്യാനും കൂട്ടരും ഇന്ന് തിയ്യറ്ററുകളിലെത്തിയത്. കോഴിക്കോടിന്റെ മണ്ണില്‍ നിന്നു കൊണ്ടു കഥ പറയുന്ന ചിത്രം പറഞ്ഞു വെക്കത് അതേ പഴയ നാല്‍വര്‍ സംഘം കഥയാണ്. ജീവിതത്തില്‍ പ്രത്യേകിച്ച് ലക്ഷ്യമോ പ്രചോദനമോ ഇല്ലാതെ ജീവിക്കുന്ന നാല്‍വര്‍ സംഘം. ആഖ്യാനത്തിലെ പുതുമയിലാണ് പക്ഷെ ഗൂഢാലോചന വേറിട്ട് നില്‍ക്കുന്നത്. ഓള്‍ഡ് വൈന്‍ ഇന്‍ എ ന്യൂ ബോട്ടില്‍. തമശായുടെ പുതിയ കുപ്പിയില്‍ നിറച്ച ഗൂഢാലോചന.

ജീവിതത്തില്‍ എന്തെങ്കിലും ആയി തീരാനായി വരുണ്‍, ജംഷീര്‍, പ്രകാശ്, അജാസ് എന്നീ യുവാക്കള്‍ നടപ്പിലാക്കുന്ന ഐഡിയകളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ടൈറ്റില്‍ സോംഗ് മുതല്‍ അവസാനം വരെ കോഴിക്കോട് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. കോഴിക്കോട്ടെ ബീച്ചും തെരുവുകളുമെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ്. ധ്യാന്‍ ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, അജു വര്‍ഗ്ഗീസ്, ശ്രീനാഥ് ഭാസി എന്നിവരാണ് യഥാക്രമത്തില്‍ നാല്‍വര്‍ സംഘത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലുടനീളം ശബ്ദ സാന്നിധ്യമായി വിനീത് ശ്രീനിവാസനും ഉണ്ട്.

ഓരോ ഐഡിയ പൊളിയുമ്പോഴും പുതിയ ഐഡിയയുമായി നാല്‍വര്‍ സംഘം മുന്നോട്ട് പോകുന്നു. മിക്കവാറും ഐഡിയകളും ഉദിക്കുന്നത് ജംഷീറിന്റെ തലയിലാണ്. നടിപ്പിലും നടപ്പിലുമെല്ലാം നല്ല കോഴിക്കോട്ടുകാരനായി ഹരീഷ് കണാരന്‍ ചിരി പടര്‍ത്തുന്നു. താരത്തിന്റെ കോഴിക്കോട് സ്ലാഗിലുള്ള ഓരോ ഡയലോഗിനും ചിരിയും കയ്യടിയുമാണ്. ഹരീഷ് കണാരന്‍ എന്ന താരത്തിന്റെ പ്രധാന്യം ചിത്രത്തിന് എത്രമാത്രം സഹായിച്ചു എന്നതിന് തെളിവാണ് ഹരീഷ് ഇല്ലാത്ത രംഗങ്ങളിലെ വലിച്ചു നീട്ടല്‍ അനുഭവം.

Image result for goodalochana

അങ്ങനെ ഐഡിയകള്‍ ഓരോന്നായി പൊളിയുമ്പോള്‍ അതെല്ലാം ഓരോ കുടുക്കുകളും പിന്നീടത് ഊരാക്കുടുക്കുമായി മാറുന്നു. ആ ഊരാക്കുടുക്കില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളുമാണ് പിന്നീട് നടക്കുന്നത്. പരസ്പരം പാരകളും, എത്ര തല്ലിപ്പിരിഞ്ഞാലും പിന്നേയും മുറി കൂടുന്ന സൗഹൃദവുമെല്ലാം ചിത്രത്തിലുണ്ട്. തരക്കേടില്ലാത്ത ഒരു കഥയെ ഹാസ്യത്തിന്റെ സഹായത്തോടെ വിജയിപ്പിച്ചെടുക്കാന്‍ സംവിധായകന്‍ തോമസ്.കെ.സെബാസ്റ്റിയന് സാധിച്ചിട്ടുണ്ട്.

സീരിയസായ ഒരു സിനിമ പ്രതീക്ഷിച്ച് ടിക്കറ്റെടുക്കുന്നവരെ ഒരുപക്ഷെ സിനിമ തൃപ്തിപ്പെടുത്തിയെന്ന് വരില്ല. പക്ഷെ കോഴിക്കോട് ബീച്ചിലെ സായാഹ്നം ആസ്വദിക്കുന്നതുപോലെ തന്നെ ഗൂഢാലോചനയും ആസ്വദിക്കാന്‍ സാധിക്കുമെന്നുറപ്പാണ്. പ്രകടനത്തില്‍ എല്ലാവരും തന്നെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയെന്ന് പറയാം. ആര്‍ട്ടിസ്റ്റ് ജയപ്രകാശായി എത്തിയ അജു വര്‍ഗ്ഗീസ് തന്റെ അനുഭവ സമ്പത്ത് വെളിവാക്കിയപ്പോള്‍ ജിംഷാറായ ഹരീഷ് കണാരനാണ് ചിത്രത്തെ എന്റര്‍ടെയ്‌നിംഗ് ആക്കി നിലനിര്‍ത്തിയത്. നടനെന്ന നിലയില്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെങ്കിലും ധ്യാനിന്റെ എഴുത്ത് മനോഹരമാണ്. പ്രത്യേകിച്ച് ഹാസ്യ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത്.

ഫ്രീക്ക് പയ്യന്‍സില്‍ നിന്നും സീരിയസ് റോളുകള്‍ കൈകാര്യം ചെയ്യുന്നതിലേക്കുള്ള ശ്രീനാഥ് ഭാസിയുടെ മാറ്റവും കയ്യടി അര്‍ഹിക്കുന്നതാണ്. രണ്ടാം പകുതിയിലെത്തി ചിരി പടര്‍ത്തിയ മെക്‌സിക്കന്‍ അപരാത ഫെയിം വിഷ്ണു ഗോവിന്ദന്റേതാണ് കയ്യടി അര്‍ഹിക്കുന്ന മറ്റൊരു പ്രകടനം. വിഷ്ണുവിന്റെ ഓസ്‌കാര്‍ ഐറ്റങ്ങളെല്ലാം കൃത്യമായി ലക്ഷ്യത്തില്‍ തന്നെ കൊള്ളുന്നുണ്ട്. അലന്‍സിയറും മംമ്തയുമെല്ലാം അവരവരുടെ റോളുകള്‍ ഭംഗിയാക്കിയിരിക്കുന്നുണ്ട്.

എടുത്തു പറയേണ്ടത് അഖില്‍ ജോര്‍ജിന്റെ ക്യാമറയും ഷാന്‍ റഹ്മാന്റെ മ്യൂസിക്കുമാണ്. കോഴിക്കോടിനെ എല്ലാ ഫ്രെയിമിലും മനോഹരമായി അഖില്‍ അടയാളപ്പെടുത്തുമ്പോള്‍ ഷാനിന്റെ മ്യൂസിക്കും അതിന് സഹായിക്കുന്നു. ടൈറ്റില്‍ സോംഗില്‍ തന്നെ കോഴിക്കോടിന്റെ സ്വഭാവം കൊണ്ടു വരാന്‍ ഷാനിന് സാധിച്ചിട്ടുണ്ട്.

അകമൊത്തം ബോറടിപ്പിക്കാതെ ചിരിയാലോചനകളുടെ ചിത്രമാണ് ഗൂഢാലോചന.

Advertisement