ചായയടിക്കാന്‍ മാത്രം വന്ന മല്ലിക സുകുമാരന്‍, നയന്‍താരയേയും കടത്തിവെട്ടിയ പുല്‍ച്ചാടി; ഗോള്‍ഡ് ട്രോളുകള്‍
Film News
ചായയടിക്കാന്‍ മാത്രം വന്ന മല്ലിക സുകുമാരന്‍, നയന്‍താരയേയും കടത്തിവെട്ടിയ പുല്‍ച്ചാടി; ഗോള്‍ഡ് ട്രോളുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st January 2023, 7:46 pm

പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്‍- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ഗോള്‍ഡ്. നയന്‍താരയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. അല്‍ഫോണ്‍സിന്റെ ആദ്യരണ്ട് ചിത്രങ്ങളായ നേരം, പ്രേമം എന്നിവയുടെ വന്‍ വിജയം തന്നെയാണ് ഗോള്‍ഡിലുള്ള പ്രേക്ഷകപ്രതീക്ഷകള്‍ ഉയര്‍ത്തിയത്. എന്നാല്‍ തിയേറ്ററിലെത്തിയതോടെ കഥ മാറി. പ്രേക്ഷകപ്രതീക്ഷകളെ കെടുത്തിയ ഗോള്‍ഡിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

തിരക്കഥയിലെയും മേക്കിങ്ങിലെയും പാളിച്ചകളാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിച്ചത്. കഥാപാത്രങ്ങളുടെ ആധിക്യവും നയന്‍താരയെ പോലെയൊരു താരത്തെ കൊണ്ടുവന്ന് അപ്രധാനകഥാപാത്രത്തില്‍ അവതരിപ്പിച്ചതും പ്രേക്ഷകരെ ചൊടിപ്പിച്ചു.

ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈമിലും സ്ട്രീമീങ് ആരംഭിച്ചിരിക്കുകയാണ്. ഇതോടെ ചിത്രത്തിനെതിരെ ഒ.ടി.ടി പ്രേക്ഷകരുടെ വിമര്‍ശനവും ശക്തമായിരിക്കുകയാണ്. മാത്രവുമല്ല സോഷ്യല്‍ മീഡിയ ആകെ ഗോള്‍ഡ് വിമര്‍ശനം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വരുന്ന രംഗങ്ങളിലെല്ലാം ചായ കൊണ്ടുവരുന്ന മല്ലിക സുകുമാരനും അനാവശ്യമായ പാട്ട് സീനില്‍ ഒരു സ്റ്റെപ്പ് കളിക്കാന്‍ വരുന്ന സൗബിനും ഗണപതിയും കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണം വെറുതെ ഉപേക്ഷിച്ച ഷമ്മി തിലകനുമൊക്കെയാണ് ട്രോളുകളില്‍ നിറയുന്നത്. നയന്‍താരയെക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍ പ്രസന്‍സ് ലഭിച്ച പുല്‍ച്ചാടിയും ഉറുമ്പും ട്രോളുകളിലുണ്ട്. ഒരു സ്വര്‍ണ ബിസ്‌കറ്റിനായി പൊലീസ് സ്റ്റേഷന്‍ മുഴുവന്‍ കത്തിച്ച റോക്കി ഭായിയേയും ഗോള്‍ഡിനേയും ചേര്‍ത്തുള്ള ട്രോളുകളും കുറവല്ല.

ഡിസംബര്‍ ഒന്നിനാണ് ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തിയത്. ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

Content Highlight: gold movie trolls