എഡിറ്റര്‍
എഡിറ്റര്‍
കവിത ബ്രാഹ്ണര്‍ക്കെതിരാണെന്ന് പറഞ്ഞ് ഗോവന്‍ കവിയുടെ പുരസ്‌കാരം റദ്ദാക്കി: കവിയ്‌ക്കെതിരെ പൊലീസ് കേസും
എഡിറ്റര്‍
Wednesday 18th October 2017 12:10pm

പനാജി: കവിത ബ്രാഹ്മണര്‍ക്കെതിരാണെന്ന് ആരോപിച്ച് ഗോവന്‍ കവിയുടെ പുരസ്‌കാരം റദ്ദാക്കി. കൊങ്കിണി കവിയും ബി.ജെ.പി എം.എല്‍.എയുമായ വിഷ്ണു സൂര്യ വാങ്ങിനെതിരെയാണ് നടപടി.

ഗോവയിലെ പ്രധാനികളായ ഗൗഡ് സരസ്വത് ബ്രാഹ്ണര്‍ക്കും ഭൂരിപക്ഷ സമുദായത്തിനും ഇടയില്‍ വിദ്വേഷം സൃഷ്ടിക്കുന്നതാണ് കവിതയെന്നാരോപിച്ചാണ് നടപടിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നാലുവര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കവിതയ്ക്ക് കോവ കൊങ്ങിണി അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. ആഗസ്റ്റ് 15നായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ കവിതയിലെ ചില ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി കവിതയ്‌ക്കെതിരെ വ്യാപക പ്രചരണം നടത്തിയിരുന്നു. ഇതോടെ കവിതയ്ക്കു ലഭിച്ച പുരസ്‌കാരം മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.


Also Read: ‘ഇത് ലോ കോളേജിന്റെ പ്രതികാരം’; കലാലയ രാഷ്ട്രീയം നിരോധിച്ച ചീഫ് ജസ്റ്റിസിനെ എറണാകുളം ലോ കോളേജ് എതിരേറ്റത് കൊടി തോരണങ്ങള്‍ക്കിടയിലൂടെ


ഇതിനു പുറമേ ചൊവ്വാഴ്ച ഗോവ പൊലീസ് വിഷ്ണു സൂര്യയ്‌ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിഷ്ണു സൂര്യയുടെ പുസ്തകത്തെ പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഗോവ കൊങ്ങിണി അക്കാദമിയിലെ ജൂറി അംഗമായ സഞ്ജീവ് വരെന്‍കര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നു. ‘അശ്ലീലവും, അധിക്ഷേപവും, മോശംവാക്കുകളും നിറഞ്ഞതാണ് കവിത’യെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ‘ 58 വര്‍ഷത്തിനിടെ ഒരു സാഹിത്യരൂപത്തിലും ഇത്രയും അശ്ലീലം വായിച്ചിട്ടില്ല’ എന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ട് കവിതയെ താന്‍ എതിര്‍ക്കുന്നു എന്ന് വിശദീകരിച്ച് ഗോവന്‍ സര്‍ക്കാറിന് അദ്ദേഹം ഒരു കത്ത് എഴുതിയിരുന്നു. ‘ഒരു കപ്പ് ശുദ്ധമായ പാല്‍ മോശമാക്കാന്‍ ഒരു തുള്ളി സയനൈഡ് മതി. വാഗയുടെ മുഴുവന്‍ രചനയും ബ്രാഹ്മണര്‍ക്ക് എതിരാണ്. എന്താണ് ഇപ്പോള്‍ അവര്‍ക്കെതിരെ എഴുതാനുള്ള ഉദ്ദേശ്യം? അദ്ദേഹം പറയുന്ന അടിച്ചമര്‍ത്തലുകളെല്ലാം 200 വര്‍ഷം മുമ്പേയുള്ളതാണ്. സമൂഹം അവിടെ നിന്നുമൊക്കെ ഒരുപാട് മുന്നോട്ടുപോയി.’ എന്നാണ് കത്തില്‍ അദ്ദേഹം എഴുതിയത്. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ പുരസ്‌കാരം റദ്ദാക്കിയത്.

ജാതീയമായ അടിച്ചമര്‍ത്തലിനേയും സമാതന്‍ സന്‍സ്തയേയും തുറന്ന് എതിര്‍ത്തിട്ടുള്ളയാളാണ് വിഷ്ണു സൂര്യ. പക്ഷാഘാതം പിടിപെട്ട് കിടപ്പിലായതിനാല്‍ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അദ്ദേഹം.

അതേസമയം വിഷ്ണു സൂര്യയുടെ കവിത മുഴുവനായി വായിക്കാതെ അതിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് അദ്ദേഹത്തിനെതിരെ പ്രചരണം അഴിച്ചുവിടുന്നതെന്ന് സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും ഈ പുസ്തകത്തിന്റെ പബ്ലിഷറുമായ ഹേമ നായിക് ആരോപിക്കുന്നു.

Advertisement