എഡിറ്റര്‍
എഡിറ്റര്‍
പാവാടയിട്ട സ്ത്രീകളെ കാണണമെങ്കില്‍ പോയി ഹോക്കിമത്സരം കാണൂ: രാഹുല്‍ ഗാന്ധിയോട് ആര്‍.എസ്.എസ്
എഡിറ്റര്‍
Thursday 12th October 2017 11:30am

ന്യൂദല്‍ഹി: വനിതാ പ്രാതിനിധ്യത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് നേതൃത്വം. ആര്‍.എസ്.എസ് ശാഖകളില്‍ ഷോര്‍ട്ട്‌സ് ധരിച്ച് ഏതെങ്കിലും സ്ത്രീകള്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടോയെന്ന രാഹുലിന്റെ ചോദ്യത്തിനെതിരെയാണ് ആര്‍.എസ്.എസ് രംഗത്തെത്തിയത്.

പാവാടയിട്ട് സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലതെന്നും അവിടെ സ്ത്രീ കളിക്കാന്‍ ധരിക്കുന്ന വേഷം നോക്കി താങ്കള്‍ക്ക് നില്‍ക്കാമെന്നും ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് മന്‍മോഹന്‍ വൈദ്യ പ്രതികരിച്ചു.

പുരുഷന്‍മാരുടെ ഹോക്കി മാച്ച് കാണാന്‍ താങ്കള്‍ പോകുന്നതാണ് നല്ലത്. അവിടെയെത്തുന്ന കളിക്കാരായ സ്ത്രീകളെ താങ്കള്‍ക്ക് നോക്കാം. എനി സ്ത്രീകളെയാണ് താങ്കള്‍ക്ക് കാണേണ്ടതെങ്കില്‍ സ്ത്രീകളുടെ ഹോക്കി മാച്ച് കാണാന്‍ പോകാം. – മന്‍മോഹന്‍ വൈദ്യ പറഞ്ഞു.


Dont Miss ടി.പി കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കണ്ടാല്‍മതി: സോളാര്‍ കേസില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളോട് വി.ടി ബല്‍റാം


ആര്‍.എസ്.എസിന്റെ കാമ്പുകളില്‍ ഇപ്പോള്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ് പ്രാധിനിത്യം. എന്നാല്‍ അതിനര്‍ത്ഥം ആര്‍.എസ്.എസില്‍ സ്ത്രീപ്രാധിനിത്യമില്ലെന്ന് അല്ല. കോണ്‍ഗ്രസിലെ സ്ത്രീ പ്രാധിനിത്യത്തെ ആര്‍.എസ്.എസുമായി താരതമ്യം ചെയ്യുകയാണ് രാഹുല്‍. എന്നാല്‍ ആര്‍.എസ്.എസ് അത്തരമൊരു താരതമ്യത്തിന് നില്‍ക്കുന്നില്ല.

ആര്‍.എസ്.എസില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നിലുള്ള ആശങ്ക കൊണ്ടല്ല രാഹുല്‍ ഇക്കാര്യംപറഞ്ഞതെന്ന് തനിക്ക് അറിയാമെന്നും മന്‍മോഹന്‍ വൈദ്യ പറയുന്നു. ആര്‍.എസ്.എസിലെ സ്ത്രീകളുടെ എണ്ണത്തെ കുറിച്ച് ആശങ്കപ്പെടുന്ന സമയംകൊണ്ട് സ്വന്തംപാര്‍ട്ടിയുടെ അടിത്തറയെ കുറിച്ച് രാഹുല്‍ ആലോചിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നവസര്‍ജന്‍ യാത്രയുടെ ഭാഗമായി വഡോദരയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുല്‍ ആര്‍.എസ്.എസിനെ വിമര്‍ശിച്ചത്. ‘ആര്‍.എസ്.എസു’കാര്‍ കരുതുന്നത് സ്ത്രീകള്‍ നിശ്ശബ്ദരായിരിക്കണമെന്നാണ്. സ്ത്രീകള്‍ മിണ്ടിയാല്‍ വായടപ്പിക്കാനാവും ഉത്സാഹം. ആര്‍.എസ്.എസ്. ശാഖകളില്‍ ഷോര്‍ട്സ് ധരിച്ച് ഏതെങ്കിലും സ്ത്രീ പങ്കെടുക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ..? ബി.ജെ.പി.യില്‍ ധാരാളം സ്ത്രീകളുണ്ട്. പക്ഷേ അവരുടെ പിതൃസഘടനയായ ആര്‍.എസ്.എസില്‍ ഒരു സ്ത്രീയെപ്പോലും ഞാന്‍ കണ്ടിട്ടില്ല.. – ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍.

രാഹുലിന്റെ വാക്കുകള്‍ അന്തസ്സില്ലാത്തതും ഞെട്ടിക്കുന്നതുമാണെന്നുമായിരുന്നു ആര്‍.എസ്.എസ്. ഗുജറാത്ത് വക്താവ് വിജയ് ഠാക്കര്‍ പറഞ്ഞത്.
‘1936 മുതല്‍ ആര്‍.എസ്.എസിന്റെ ഭാഗമായി രാഷ്ട്ര സേവികാ സമിതിയുള്ളത് രാഹുലിന് അറിയില്ലായിരിക്കാം. എപ്പോഴും ഒന്നിച്ചുണ്ടായാലേ സ്ത്രീ-പുരുഷന്‍മാര്‍ക്ക് ഒരേ ആശയത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന് വിചാരിക്കരുത്. സംഘകാര്യങ്ങള്‍ അറിയാതെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement