'നീ ജീവിച്ചാലോ മരിച്ചാലോ എനിക്കൊന്നുമില്ല'; തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയോട് യു.എ.ഇ പ്രധാനമന്ത്രി
World News
'നീ ജീവിച്ചാലോ മരിച്ചാലോ എനിക്കൊന്നുമില്ല'; തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയോട് യു.എ.ഇ പ്രധാനമന്ത്രി
ന്യൂസ് ഡെസ്‌ക്
Sunday, 30th June 2019, 11:37 pm

തന്നെപ്പിരിഞ്ഞ് വന്‍തുകയും മക്കളുമായും രാജ്യംവിട്ട ഭാര്യയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് യു.എ.ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം. അവര്‍ ജീവിച്ചാലോ മരിച്ചാലോ തനിക്കൊന്നുമില്ലെന്നും ആരോടൊപ്പമാണോ അവിടെത്തന്നെ തുടര്‍ന്നോളാനും അദ്ദേഹം പ്രതികരിച്ചു.

31 മില്യണ്‍ പൗണ്ടുമായാണ് മഖ്തൂമിന്റെ ആറാം ഭാര്യയും രാജകുമാരിയുമായ ഹയാ ബിന്ത് അല്‍ ഹുസൈന്‍ നാടുവിട്ടത്. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 271 കോടി വരും. ‘ഇനി എന്റെയൊപ്പം നിനക്ക് ഒരു സ്ഥാനവുമില്ല. നീ ആരോടൊപ്പമാണോ അയാളോടൊപ്പം പോവുക. നീ ജീവിക്കുകയോ മരിക്കുകയോ ചെയ്താല്‍ എനിക്കൊന്നുമില്ല.’- മഖ്തൂം പറഞ്ഞു.

ജോര്‍ദാന്‍ രാജാവിന്റെ അര്‍ധസഹോദരിയാണ് ഹയ. ജര്‍മനിയിലേക്ക് കടന്ന അവര്‍ അവിടെ രാഷ്ട്രീയാഭയം തേടിയതായാണ് റിപ്പോര്‍ട്ട്. 11-കാരിയായ മകള്‍ ജലീല, ഏഴുവയസ്സുകാരനായ മകന്‍ സയിദ് എന്നിവരാണ് ഹയക്കൊപ്പമുള്ളത്. അവിടെവെച്ച് ഹയ തനിക്ക് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.

മെയ് 20 മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുവരെ ഹയയെ കാണാനില്ലായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം അത്തരം പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ ഇട്ടിരുന്നു. ഫെബ്രുവരി മുതല്‍ അതില്ലാതാകുകയും മെയ് 20 മുതല്‍ അക്കൗണ്ട് കാണാതാകുകയും ചെയ്യുകയായിരുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയിലായിരുന്നു ഹയയുടെ വിദ്യാഭ്യാസം.

ദുബായില്‍ നിന്ന് ജര്‍മനിയിലേക്ക് ഹയയെ രക്ഷപ്പെടാന്‍ സഹായിച്ചത് ഒരു ജര്‍മന്‍ നയതന്ത്രജ്ഞനായിരുന്നെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയും ജര്‍മനിയും തമ്മിലുള്ള നയതന്ത്രബന്ധം നേരത്തേതന്നെ വഷളായിരുന്നു. തന്റെ ഭാര്യയെ നാട്ടിലേക്കു തിരിച്ചയക്കണമെന്ന മഖ്തൂമിന്റെ അപേക്ഷ ജര്‍മന്‍ അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല.