'പോയി ചത്തോ'; സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതി പറയാനെത്തിയ രക്ഷിതാക്കളോട് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി
national news
'പോയി ചത്തോ'; സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതി പറയാനെത്തിയ രക്ഷിതാക്കളോട് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th June 2021, 4:41 pm

ഭോപ്പാല്‍: സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതി പറയാനെത്തിയ രക്ഷിതാക്കളെ അധിക്ഷേപിച്ച് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍. ‘പോയി ചത്തോളൂ’ എന്നായിരുന്നു പര്‍മറിന്റെ പരാമര്‍ശം.

അമിത ഫീസ് ഈടാക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ എന്ത് ചെയ്യും എന്നായിരുന്നു രക്ഷിതാക്കളുടെ ചോദ്യം. അപ്പോഴായിരുന്നു പര്‍മറിന്റെ മറുപടി.

മഹാമാരിക്കാലത്ത് ട്യൂഷന്‍ ഫീസ് മാത്രം ഈടാക്കിയാല്‍ മതിയെന്ന ഭോപ്പാല്‍ ഹൈക്കോടതി നിര്‍ദേശം പാലിക്കാതെയാണ് സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നത്. ഇതിനെതിരെ സംസ്ഥാനത്തുടനീളം രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പല സ്വകാര്യ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റുകയാണ് രക്ഷിതാക്കള്‍. കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടമായെന്നും സ്വകാര്യ സ്‌കൂളുകാര്‍ കൊള്ള ഫീസ് ഈടാക്കുകയാണെന്നും പാലക് മഹാസംഘ് പ്രസിഡന്റ് കമല്‍ വിശ്വകര്‍മ്മ പറഞ്ഞു.

കൊവിഡ് കാലത്ത് ഫീസ് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട മധ്യപ്രദേശ് പാലക് മഹാസംഘ് എന്ന സംഘടനയിലെ നൂറോളം രക്ഷിതാക്കളാണ് പര്‍മാറിന്റെ വസതിയിലെത്തിയത്.

അതേസമയം പര്‍മറിന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി രാജിവയ്ക്കണമെന്നും തയ്യാറല്ലെങ്കില്‍ ചൗഹാന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്നും പര്‍മാറിനെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.