നിങ്ങള്‍ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും മമതക്കും അവസരം കൊടുത്തു, ഇനിയെങ്കിലും മോദിക്ക് നല്‍കിക്കൂടേയെന്ന് അപേക്ഷിച്ച് അമിത് ഷാ
national news
നിങ്ങള്‍ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും മമതക്കും അവസരം കൊടുത്തു, ഇനിയെങ്കിലും മോദിക്ക് നല്‍കിക്കൂടേയെന്ന് അപേക്ഷിച്ച് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th November 2020, 11:38 pm

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അവസരം നല്‍കണമെന്നപേക്ഷിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അമിത് ഷാ.

കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും മമതയ്ക്കും അവസരം കൊടുത്തില്ലേ ഇനി മോദി നേതൃത്വത്തിന് അവസരം നല്‍കണമെന്നാണ് അമിത് ഷാ ബംഗാളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്.

അഞ്ച് വര്‍ഷം കൊണ്ട് ബംഗാളില്‍ മാറ്റം കൊണ്ടുവരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

അതേസമയം, അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും ഗോത്ര സംഘടനകളും രംഗത്തുവന്നിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും 25 വയസ്സുള്ളപ്പോള്‍ കൊല്ലപ്പെടുകയും ചെയ്ത ഐതിഹാസിക ഗോത്ര നേതാവായ ബിര്‍സ മുണ്ടയുടെ പ്രതിമയ്ക്ക് ആളുമാറി പുഷ്പാര്‍ച്ചന നടത്തിയതിന് പിന്നാലെയാണ് അമിത് ഷായ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നത്.

ബിര്‍സാ മുണ്ടയുടെ പ്രതിമയില്‍ അമിത് ഷാ പുഷ്പാര്‍ച്ചന നടത്താന്‍ പോവുകയാണെന്ന് വലിയ രീതിയില്‍ പ്രചരണം നടത്തിയ ശേഷമായിരുന്നു ആള് മാറി അമിത് ഷായുടെ പുഷ്പാര്‍ച്ചന.

തൊട്ടുപിന്നാലെ ബിര്‍സ മുണ്ടയുടേതല്ല പ്രതിമയെന്ന് ബി.ജെ.പി നേതാക്കളെ ഗോത്ര നേതാക്കള്‍ അറിയിക്കുകയായിരുന്നു. അബദ്ധം പറ്റി എന്ന് മനസ്സിലാക്കി ബി.ജെ.പി തിടുക്കത്തില്‍ മുണ്ടയുടെ ചിത്രം പ്രതിമയുടെ ചുവട്ടില്‍ വയ്ക്കുകയും അമിത് ഷാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്യുകയായിരുന്നു.

സന്ദര്‍ശനത്തിനുശേഷം ബിര്‍സാ മുണ്ടയെക്കുറിച്ച് അമിത് ഷാ ട്വീറ്റ് ചെയ്യുകയും ചെയ്തു.

‘പശ്ചിമ ബംഗാളിലെ ബന്‍കുരയില്‍ ഇതിഹാസ ഗോത്ര നേതാവ് ഭഗവാന്‍ ബിര്‍സ മുണ്ടാജിക്ക് പുഷ്പാര്‍ച്ചന നടത്തി. ബിര്‍സ മുണ്ടാജിയുടെ ജീവിതം നമ്മുടെ ആദിവാസി സഹോദരിമാരുടെയും സഹോദരങ്ങളുടെയും അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്,” എന്നായിരുന്നു ട്വീറ്റ്.

എന്നാല്‍ ഗോത്ര നേതാക്കളുടെ സംഘടനയായ ഭാരത് ജകത് മാജി പര്‍ഗാന മഹല്‍ ബിര്‍സ മുണ്ടയെ അപമാനിക്കുന്ന കാര്യമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ബി.ജെ.പിയുടെ നടപടിയില്‍ അസ്വസ്ഥരാണെന്നും അറിയിച്ചു. പ്രാദേശിക ആദിവാസി സമൂഹത്തില്‍ നിന്നുള്ളവര്‍ പ്രതിമയ്ക്ക് ചുറ്റും ഗംഗാ വെള്ളം തളിക്കുകയും ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസും സംഭവത്തെ ശക്തമായി അപലപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Give us one chance Amith Shah  ask For Votes