എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Thursday 21st March 2013 2:22pm

കൊച്ചി: കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്ന് ഹൈക്കോടതി. പൊതുവിപണിയിലെ വിലയില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ ലഭ്യമാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

Ads By Google

എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടായാല്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി.

സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്നാവശ്യപ്പെട്ടു കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ആ നിരക്കില്‍ ഡീസല്‍ നല്‍കുന്നതിലൂടെ എണ്ണക്കമ്പനികള്‍ക്ക് ഭാവിയിലുണ്ടാകുന്ന നഷ്ടം സംസ്ഥാനം നികത്താമെന്ന് അഡ്വക്കേറ്റ് ജനറല്‍ (എ.ജി) നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.

ജസ്റ്റിസ് വി ചിദംബരേഷാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കെ.എസ്.ആര്‍.ടി.സി. യുടെ ഡീസല്‍ സബ്‌സിഡി ബാധ്യതയ്ക്ക് ഗ്യാരണ്ടി നില്‍ക്കുമോ എന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചോദ്യത്തിന്, കോടതി സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണ് എ.ജി ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയത്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരേ വിഷയത്തില്‍ രണ്ട് സംസ്ഥാനത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും കെ. എസ്. ആര്‍. ടി. സി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ നിരുപാധികമാണ് സബ്‌സിഡി നല്‍കിയതെന്ന് കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടി. ഐ. ഒ. സി. ഇതു സംബന്ധിച്ച് നല്‍കിയ കത്തും ഹാജരാക്കി.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു പുറമെ, ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.

Advertisement