സാങ്കേതിക വിദ്യയുടെ വിസ്മയമായി ജൈറ്റക്സിന് തുടക്കം
Gulf Today
സാങ്കേതിക വിദ്യയുടെ വിസ്മയമായി ജൈറ്റക്സിന് തുടക്കം
ന്യൂസ് ഡെസ്‌ക്
Monday, 15th October 2018, 11:49 pm

ദുബൈ: ജൈറക്സ് മേളയുടെ ഏറ്റവും പുതിയ പതിപ്പിന് ദുബൈയില്‍ തുടക്കമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5 ജി, റോബോട്ടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങി നൂതനമായ സാങ്കേതിക വിദ്യകളുടെ കാഴ്ചയൊരുക്കിയാണ് ജൈറ്റക്സ് -2018 ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇത്തവണയെത്തിയത്. ജൈറ്റക്സിന് സമാന്തരമായി സ്റ്റാര്‍ട്ടപ്പ്-സാങ്കേതിക രംഗത്തെ മേഖലയിലെ ഏറ്റവുംവലിയ പ്രദര്‍ശനമായ ജൈറ്റക്സ് ഫ്യൂച്ചര്‍ സ്റ്റാര്‍സും ഇവിടെ നടക്കുന്നുണ്ട്.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. “എക്സ്പീരിയന്‍സ് ദി ഫ്യൂച്ചര്‍ അര്‍ബനിസം” എന്ന പ്രമേയത്തിലാണ് പ്രദര്‍ശനം ഒരുങ്ങിയിരിക്കുന്നത്. 175 രാജ്യങ്ങളില്‍നിന്നുള്ള 4000 പ്രദര്‍ശകരും 750 സ്റ്റാര്‍ട്ടപ്പ് കമ്പനികളും പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നു.

 

 

200-ലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. ഇതില്‍ 80 ശതമാനവും യു.എ.ഇ.യില്‍നിന്നുള്ള സ്ഥാപനങ്ങളാണ്. പറക്കും കാര്‍, ഡ്രൈവറില്ലാ ടാക്സികള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന സാങ്കേതികതകളാണ് പതിവുപോലെ ഇത്തവണയും ജൈറ്റക്സ് കാഴ്ചവയ്ക്കുന്നത്.

ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, സാപ്പ്, ഹുവായ് തുടങ്ങിയ ടെക് ഭീമന്മാര്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ അനാവരണം ചെയ്യുന്നതും ജൈറ്റക്സിലാണ്. പ്ലാസ്റ്റിക് സിം പഴങ്കഥയാക്കി ആപ്പിള്‍ അവതരിപ്പിക്കുന്ന ഇ-സിം കാര്‍ഡ് ജൈറ്റക്സില്‍ ഇത്തിസലാത്ത്, ഡു നെറ്റ്വര്‍ക്കുകള്‍വഴി ലഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സേവനങ്ങള്‍ ദുബായിയുടെ സ്മാര്‍ട്ട് ദുബായ് പവലിയനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമെമ്പാടുനിന്ന് ഒരുലക്ഷത്തിലധികം സാങ്കേതികവിദഗ്ധര്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ക്രൊയേഷ്യ, പാകിസ്താന്‍, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങി പതിനൊന്നോളം രാജ്യങ്ങള്‍ ഇത്തവണ പുതുതായി പങ്കെടുക്കുന്നുണ്ട്.