എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ മലയാളി ബാലികയുടെ തിരോധാനം: പിതാവ് കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ പൊലീസ്
എഡിറ്റര്‍
Saturday 14th October 2017 9:10am

ഡാലസ്: വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സൂചന. കുഞ്ഞിനെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം വാഹനത്തില്‍ കൊണ്ടുപോയി പുറത്ത് ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ട്.

കുട്ടിയെ കാണാതായ സമയത്ത് കുട്ടിയുടെ വീട്ടില്‍ നിന്നും ഒരു വാഹനം പുറത്തുപോയി മടങ്ങിവന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്.

കുട്ടിയുടെ വീടിനു സമീപത്തുള്ള വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതില്‍ നിന്നുമാണ് സംഭവം നടന്ന അന്നുരാത്രി വീട്ടില്‍ നിന്നും ഒരു വാഹനം പുറത്തുപോയി മടങ്ങിവന്നെന്ന് കണ്ടെത്തിയത്.

കുഞ്ഞിന് സംസാര, വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കരുതുന്നത്.


Also Read: ബീഫ് കൊലപാതകക്കേസിലെ പ്രധാന സാക്ഷിയുടെ ഭാര്യ കോടതിപരിസരത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു: ആസൂത്രിതമെന്ന് ബന്ധുക്കള്‍


സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളായ വെസ്‌ലി മാത്യുവിനെയും ഭാര്യയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വെസ്‌ലി അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

പാല് കുടിക്കാന്‍ വിസമതിച്ചതിന്റെ പേരില്‍ വീടിന്റെ പുറത്ത് നിര്‍ത്തിയ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിനെ ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് കാണാതായത്.

ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്‌ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്‌ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറഞ്ഞിരുന്നു.

കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും സംശയത്തിന് കാരണമായിരുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്‌ലി മാത്യൂസിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല.

Advertisement